ആന കൊടുത്താലും ആശ കൊടുക്കരുത്...

ഒരു കഥ ശൊല്ലട്ടുമാഈ കഥ നടക്കുന്നത് അങ്ങ് ദൂരെ ഒരു നാട്ടിലാണ്. തണുപ്പാണേൽ നല്ല മരം കൊച്ചുന്ന തണുപ്പും ചൂടാണേൽ ചുട്ടുപൊള്ളിക്കുന്ന ചൂടുമൊക്കെ ഉള്ള ഒരു വിദേശ രാജ്യത്ത് നടന്ന ഒരു കഥ.നല്ല മഞ്ഞു പെയ്യുന്ന ഡിസംബർ കാലം. സമയം ഏകദേശം രാത്രി 9 മണിയോടടുക്കുന്നു. ആ സമയം പതിവ് പോലെ പുറത്ത് നല്ല മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. ഏതാണ്ട് വിജനമായ നിരത്തുകൾ. ഏകാന്തമായ ആ നിരത്തിലൂടെ ഒരു വൃദ്ധൻ നടന്നു നീങ്ങുന്നു. അകത്തു പല വീടുകളിലും നെരിപ്പോടുകൾ എരിയുന്നതും . അവക്ക് ചുറ്റും കുടുംബത്തിലെ അംഗങ്ങൾ ഒക്കെയും കൂടിയിരുന്നു തീ കായുന്നത് ആ വൃദ്ധൻ സന്തോഷത്തോടെയും എന്നാൽ തെല്ലൊരു വിഷമത്തോടെയും കണ്ടു കൊണ്ട് ആ മഞ്ഞിലൂടെ നടന്നു നീങ്ങി. സ്വന്തമായി ആ വൃദ്ധന് ഒരു വീടില്ലായിരുന്നു, ബന്ധു ജനങ്ങളും. ആരേലുമൊക്ക സഹായിക്കുന്ന ഭക്ഷണവും കഴിച്ചു എവിടേലും ഒക്കെ കിടന്നുറങ്ങി ജീവിതം നീക്കുന്ന ഒരു മനുഷ്യൻ, ആ നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു 'homeless man'.മഞ്ഞു കാലമായാൽ ഭക്ഷണം ലഭിക്കാൻ ചിലപ്പോൾ പ്രയാസമാണ്, കിട്ടിയാൽ കഴിക്കും ഇല്ലെങ്കിൽ പട്ടിണി പക്ഷെ  ആരോടും പരിഭവം ഇല്ലാതെ, തന്റെ അവസ്ഥയെ കുറിച്ചോർത്തു പരിതപിക്കാതെ ഉള്ളത് കൊണ്ട് ജീവിക്കുന്ന ഒരു മനുഷ്യൻ. അന്നേ ദിവസവും അയാൾക് ആഹാരം ലഭിച്ചത് വളരെ കുറച്ചാണ്. ആഹാരം ഒന്നും ലഭിച്ചില്ലേലും എവിടേലും തല ചായ്ക്കാൻ ഒരു സ്ഥലവും നോക്കി നടപ്പാണ് അയാൾ. അങ്ങനെ നടന്നു നടന്നു ഒറ്റപ്പെട്ട ഒരു വീടിനടുത്തു എത്തിയപ്പോഴാണ് ആ ഇരുട്ടിൽ എന്തോ ഭീമകരമായ ഒന്നു അയാളുടെ അടുക്കലേക്ക് നടന്നടുത്തത്. ആദ്യം ഒന്നു. ഭയന്നു എങ്കിലും പിന്നീട് ഒരു മനുഷ്യനാണ് വരുന്നത് എന്ന് എതിരെ വരുന്ന ആളുടെ ചുണ്ടിൽ എരിയുന്ന സിഗരറ്റിൽ നിന്നും വൃദ്ധൻ മനസിലാക്കി. ഇട്ടിരിക്കുന്ന ഈ വസ്ത്രവും,  ആരോ വലിച്ചെറിഞ്ഞ ഒരു ജോഡി ഷൂസും, പൊതു സ്ഥലത്തും നിരത്തുകളിലും ഒക്കെ ആൾക്കാരുടെ അടുത്ത് പൈസ ചോദിക്കുവാൻ വേണ്ടി എഴുതി വെക്കുന്ന കാർഡ്ബോർടും, കുറച്ചു പേപ്പറും പേനയും അടങ്ങുന്ന ഒരു കവറും അല്ലാതെ മറ്റൊന്നുമില്ലാത്ത താനെന്തിനു പേടിക്കണം എന്ന ചിന്തയിൽ ആ വൃദ്ധൻ നടന്നു..ആ സിഗരറ്റിന്റെ വെളിച്ചം അടുത്തടുത്ത് വന്നു ആ മനുഷ്യനും. അയാൾ വൃദ്ധനോട് ചോദിച്ചു എവിടേക്കാണ് ഈ തണുപ്പത്തു താങ്കൾ നടന്നു പോകുന്നത്. സംസാരിക്കുന്ന ആളുടെ മുഖം കാണുവാനായി വൃദ്ധൻ അടുത്തുള്ള വഴിവിളക്കിന്റെ മുന്നിലേക്ക് നീങ്ങി നിന്നു. 6 അടിയും നല്ല ഒത്ത തടിയുമുള്ള മനുഷ്യൻ. കയ്യിൽ ഒരു കവറുണ്ട്. ശരീരമാസകാലം മറക്കുന്ന കമ്പിളി കുപ്പായവും, കയ്യുറകളും നല്ല ബൂട്ടുകളും ഒക്കെ ധരിച്ചിരിക്കുന്നു.. തലയിൽ ചെവി ഉൾപ്പടെ മറക്കുന്ന ഒരു തൊപ്പിയും കൂടെ കഴുത്തിൽ ഒരു ഷാളും, വേസ്റ്റ് കളയുവാനായി പുറത്തിറങ്ങിയതാണ് അയാൾ എന്ന് കയ്യിലെ കവറിൽ നിന്നും മനസിലായി. ഈ തണുപ്പത്തു യാതൊരു വിധ തണുപ്പിനെ പ്രതിരോധിക്കാൻ ഉള്ള വസ്ത്രങ്ങൾ ഇല്ലാതെ പോകുന്ന ആ വൃദ്ധനെ കണ്ടു അത്ഭുതത്തോട് കൂടിയാണ് ആ അതികായനായ ആ മനുഷ്യൻ വൃദ്ധന്റെ അടുത്തേക്ക് എത്തിയത്. വന്ന പാടെ അയാൾ വൃദ്ധനോട് ചോദിച്ചതും അത് തന്നെയാണ്, എങ്ങനെ ഈ തണുപ്പത്തു അതും ഈ വേഷത്തിൽ...വൃദ്ധൻ ചിരിയോടു കൂടി മറുപടി പറഞ്ഞു.. ആദ്യമൊക്കെ ബുദ്ധിമുട്ട് ആയിരുന്നു.. പക്ഷെ ഇപ്പോൾ എന്റെ ശരീരവും മനസ്സും ഈ തണുപ്പിനെ അതിജീവിക്കാൻ പഠിച്ചു, എനിക്കിത് ഇപ്പോൾ ശീലമാണ്.. വൃദ്ധന്റെ മറുപടി കേട്ട് അയാൾ ചിരിച്ചു എങ്കിലും ആ വൃദ്ധന്റെ അവസ്ഥയിൽ അയാൾക്ക് അതിയായ വിഷമം ഉണ്ടായി. അയാൾ വേസ്റ്റ് കളഞ്ഞതിനു വൃദ്ധനെ തന്റെ വീടിനു മുന്നിലേക്ക് വിളിചച്ചിട്ടു പറഞ്ഞു, "അല്ലയോ മനുഷ്യ നിങ്ങളുടെ അവസ്ഥ കണ്ടിട്ട് എനിക്ക് വിഷമം ആകുന്നു, ഈ തണുപ്പത്തു ഇത്രയൊക്കെ വസ്ത്രം ധരിച്ചിട്ടും തണുപ്പ് സഹിക്കവയ്യാതെ ആണ് ഞാൻ നിൽക്കുന്നത്, അപ്പോൾ നിങ്ങളുടെ അവസ്ഥ എനിക്ക് ഊഹിക്കാം, നിങ്ങൾ ഒരു 5 നിമിഷം ഇവിടെ നിക്കു, നിങ്ങൾക്കത്യാവശ്യം വേണ്ട വസ്ത്രങ്ങളും കഴിക്കാൻ എന്തേലും ഫലവർഗങ്ങളും ഞാൻ നൽകാം.. വൃദ്ധനു കേട്ടപാടെ വളരെ സന്തോഷമായി അയാൾ തല കുലുക്കി സമ്മതം മൂളി. ആ അതികായൻ നടന്ന് അകത്തേക്കും പോയി.. വൃദ്ധൻ അയാളുടെ വരവും കാത്ത് അവിടെ ഇരുന്നു, 5 നിമിഷം, 10 ആയി, ക്രമേണ സമയം കൂടി കൂടി വന്നു.. രാത്രിയുടെ നിശബ്ദ്ധതകൾ അവസാനിച്ചു, സമയം ഏകദേശം 8 മണി ആയിരിക്കുന്നു..ഇന്നലെ രാത്രിയിൽ കണ്ട അതികായൻ കോട്ടും ടൈയുമൊക്കെ അണിഞ്ഞു പുറത്തിറങ്ങി തന്റെ കാറിൽ കൂടിയിരിക്കുന്ന മഞ്ഞൊക്കെ നീക്കി ജോലിക്ക് പോകാൻ തുടങ്ങുകയാണ്, പെട്ടെന്നാണ് അയാൾ തന്റെ വീടിന്റെ മെയിൻ ഡോറിന്റെ അടുത്ത് പൂന്തോട്ടത്തിന് അടുത്തായി എന്തോ ഒരു തുണിക്കെട്ട് കിടക്കുന്ന പോലെ കണ്ടത്.. അയാൾ അടുത്തേക്ക് നടന്നടുത്തു. അത് അയാൾ ഇന്നലെ കണ്ട വൃദ്ധാനായിരുന്നു.. ആ വൃദ്ധന്റെ ശരീരം ചലനമില്ലാതെ വിറങ്ങലിച്ചു കിടക്കുകയായിരുന്നു, ചുണ്ടിൽ ഒരു ചെറു പുഞ്ചിരി അപ്പോഴും മായാതെ നിൽകുന്നു.. അയാളുടെ കയ്യിൽ ഒരു പേപ്പർ ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു അതിൽ എന്തോ എഴുതിയിട്ടുണ്ട്.. ആ പേപ്പർ ശ്രമകരമായി ആ വൃദ്ധന്റെ കയ്യിൽ നിന്നും എടുത്തു വായിച്ചു തുടങ്ങി..അല്ലയോ സുഹൃത്തേ വലിയ വീട്ടിൽ, കുടുംബത്തോടൊപ്പം ചൂട് കാഞ്ഞും, കമ്പിളി കുപ്പായവും, കയ്യുറയും, കാലുറയും ഒക്കെ ഇട്ടു ജീവിക്കുന്ന താങ്കൾക്ക്, വീടില്ലാത്തവന്റെ അവസ്ഥ മനസിലായികൊള്ളണം എന്നില്ല.താങ്കളെ കാണുംവരേയ്ക്കും താങ്കളുമായി സംസാരിക്കും വരേയ്ക്കും എന്റെ ശരീരത്തിന് തണുപ്പ് ഒരു പ്രശ്നമായിരുന്നില്ല, അതിനെ അതിജീവിക്കാൻ എന്റെ മനസ്സും ശരീരവും പാകപ്പെട്ടിരുന്നു. പക്ഷെ താങ്കളുടെ വാക്കിൽ നിന്നും ഉൾകൊണ്ട പ്രതീക്ഷമൂലം ഇപ്പോൾ എന്റെ ശരീരം തണുപ്പ് അനുഭവിച്ചു തുടങ്ങിയിരിക്കുന്നു, ഒപ്പം വിശപ്പും.. നിങ്ങൾ എനിക്കുള്ള കുപ്പായവും, ഭക്ഷണവും എടുക്കുകയാകും എന്നാ പ്രതീക്ഷയിൽ  5 നിമിഷം കാത്തിരുക്കാൻ ആവശ്യപ്പെട്ട് പോയ നിങ്ങൾ ഇപ്പോൾ പോയിട്ട് മണിക്കൂറുകൾ ആയിട്ടുണ്ടാകണം.. ഇരുന്നിടത് നിന്നു അനങ്ങാൻ കഴിയാത്തവണ്ണം എന്റെ കാലുകൾ തണുത്തു മരവിച്ചിരിക്കുന്നു. നിങ്ങൾ ഈ എഴുത്തു കാണുന്ന സമയം ഈ തണുപ്പ് പൂർണമായും എന്റെ ശരീരത്തിൽ ആകമാനം പടർന്നിട്ടുണ്ടാകും വീണ്ടുമൊരിക്കൽ കൂടിവിശപ്പ് അറിയാത്ത  തരത്തിൽ എന്റെ ശരീരം മരവിച്ചിട്ടുണ്ടാകാം.. ഇനി  ഒരിക്കലും എനിക്ക് താങ്കളോട് സംസാരിക്കാൻ കഴിയില്ല അതിനാൽ അവസാനമായി ഒരു കാര്യം..വാക്ക് അതിനു വലിയ വില ഉള്ളതാണ്, നിങ്ങൾ ചിലപ്പോൾ ആ നേരത്തിന്റെ വികാരത്തിൽ പറഞ്ഞു പോയതാകാം, പക്ഷെ അത് കേൾക്കുന്നവന്റെ മനസ്സിൽ ഉണർത്തുന്ന വിശ്വാസവും പ്രതീക്ഷയും അത് വളരെ വലുതാണ്.. സ്വന്തമായി തങ്ങുവാൻ ഒരു ഇടമില്ലാത്ത, കഴിക്കുവാൻ ആഹാരം ഇല്ലാത്ത, തണുപ്പകറ്റാൻ ഒരു കമ്പിളി കുപ്പായമില്ലാത്ത എനിക്ക് ആ വാക്കുകൾ നൽകിയ പ്രതീക്ഷയും, വിശ്വാസവും അത് വളരെ വലുതാണ്, അത് എന്നോട് കൂടി ഇതാ ഇവിടെ ഇല്ലാതാകുന്നു..അല്ലയോ സുഹൃത്തേ ആന കൊടുത്താലും ആർക്കും ആശ കൊടുക്കരുത്....~ rsk

Comments

Popular posts from this blog

🚌 ചെയിൻ(ഡ്) സർവീസ് 🚌

നോട്ടവീക്ഷണം