ദൈവ ദൂതൻ - ഒരു ഓർമ്മക്കുറിപ്പ്

ദൈവ ദൂതൻ സുബിൻ !!!

കുറച്ചു  കാലങ്ങൾക്ക്  മുൻപേ  ഉള്ള  കഥയാണ്. ഏകദേശം  ഒരു  10-11 കൊല്ലങ്ങൾക്ക് മുന്നേ  ഉള്ളത്.. 
കോളേജിലെ  അവസാന  വർഷ സമയം. 
എഞ്ചിനീയറിംങ്ങിന്റെ പഠനത്തിന്റെ  അവസാന  റൗണ്ട്  പരിപാടിയായ പ്രൊജക്റ്റ്‌  ആൻഡ് വൈവയുടെ  തലേ  ദിവസം.. 
സംഗതി പ്രൊജക്റ്റ്‌  ഗംഭീര  പരുപാടിയാണേലും ഞങ്ങടെ  കോളേജിൽ  അതൊരു  കോമഡി  ആരുന്നു.  ക്ലാസ്സിലെ  എല്ലാ  ഗ്രൂപ്പും  ചെയ്യുന്നത്  എന്താണ്  എന്ന് പോലും അറിയാത്ത  ഒരു  പ്രൊജക്റ്റ്‌. അതിൽ പല ഗ്രൂപ്പുകാരും ഏകദേശം  ഒരു കാര്യം  തന്നാണ് ചെയ്യുന്നത്,  അതിന്റെ  അപ്ലിക്കേഷൻ വരുന്നത്  സമൂഹത്തിലെ  വ്യത്യസ്ത  മേഖലകളിൽ  ആണെന്ന്  മാത്രം.. ഫലത്തിൽ ഒരേ സാധനം  പല  പേരുകളിൽ  പല നിറങ്ങളിൽ  ആക്കി  വെച്ചേക്കുന്നു,  അത്രന്നെ !!!
ടെക്നോപാർക്കിലെ  ഏതോ  *പേരുകേട്ട* കമ്പനിയിൽ നിന്ന്  വന്നു  ട്രെയിനിങ്  ഒക്കെ  നൽകി  ഞങ്ങളെ  കൊണ്ട്  ചെയ്യിക്കുന്നു  എന്നാണ്  സങ്കല്പം. 
പക്ഷെ  പ്രൊജക്റ്റിൻറെ  ആശയം സംവിധാനം,  നിർമാണം  എല്ലാം  അവര്  തന്നെ   എല്ലാം  അവര് തന്നെ  ഞങ്ങൾ  പിന്നെ  എല്ലാം  പഠിച്ചിട്ടു  സ്വന്തമായി  ചെയ്തതാണെന്ന്  അഭിനയിച്ചു  വരുത്തി തീർക്കണം എക്‌സാമിനാർക്ക് മുന്നിൽ, അതാണ്  ഞങ്ങടെ റോൾ  പ്രോജെക്ടിൽ.. 
എന്താലും  സംഗതി  HOD  ആയിട്ട് കൊണ്ട് വന്നതാണ്   5000 rs ആ ഇനത്തിൽ  എല്ലാവരുടേം  കയ്യിൽ  നിന്ന്  ആദ്യം വാങ്ങുകയും  പിന്നീട്  കുറച്ചു  കോലാഹലത്തിനു  ശേഷം 1000 രൂപ തിരികെ  കിട്ടുകയും ചെയ്തു. (എന്തോ  എന്റെ  കയ്യിന്നു ടീച്ചർമാർക്ക് ആർക്കോ  അബദ്ദം  പറ്റി  2000 രൂപ  മാത്രമേ  ചിലവായിട്ടുള്ളു). അന്ന്  മുതൽക്കേ  ന്യായത്തിൻറെ  ഭാഗത്തു മാത്രം നിക്കുന്ന  അമ്പട്ടൻ എന്ന  പ്രശാന്തും  ബാക്കി  കുറെ അളിയൻ മാരും  കൂടി ചേർന്ന്  നടത്തിയ  പ്രക്ഷോഭത്തിന്റെ പേരിലാണ്  1000 തിരികെ  കൊടുത്തത്.  HOD പ്രൊജക്റ്റ്‌  ഇനത്തിലെ കുറച്ചു  പൈസ  വെട്ടിച്ചതാണെന്നു പിള്ളേർ  പറയുന്നുണ്ടേലും ഞാൻ വിശ്വസിച്ചിട്ടില്ല  കേട്ടോ,  അതു  പുള്ളി  നന്മ മരം  ആണെന്നുള്ള  തോന്നൽ  ഒന്നും ഉള്ളത് കൊണ്ടല്ല  കേട്ടോ,  എങ്ങാണം  ഞാനിതൊക്കെ  വിശ്വസിച്ചു  അങ്ങോർക്കെതിരേ  സമരം  ചെയ്യണേങ്ങാണം പോയിട്ട്  എന്റെ  പൈസ  കണക്ക്  കൂട്ടിയതിൽ  തെറ്റുണ്ടെന്ന് കണ്ടുപിടിച്ചാർന്നേൽ അവസാന  വർഷം  ഹോസ്റ്റൽ  നിന്ന  വകയിൽ  ഹോസ്റ്റലിന്റെ അടുത്തുള്ള  കടകളിലെ പറ്റു തീർക്കാൻ  പറ്റുമാർന്നൊ....??? 
ഞങ്ങടെ  ജൂനിയർ  ബാച്ചിലുള്ള  പിള്ളേർ ഞങ്ങൾക്ക്  കിട്ടിയതിലും കുറഞ്ഞ  തുകക്ക്  അടുത്ത  വർഷം  പ്രൊജക്റ്റ്‌  ചെയ്തു  എന്നറിഞ്ഞപ്പോഴാണ്  HOD  നന്മയുള്ള  മനുഷ്യൻ  ആണെന്  പൂർണമായും  ബോധ്യപ്പെട്ടത്.  പറഞ്ഞിട്ട് കാര്യമില്ല,  കോളേജ് ടൂറിനു  കുറഞ്ഞ  പാക്കേജ് അറേഞ്ച്  ചെയ്യാനുണ്ടായ ഒരു  ആവേശം  പ്രൊജക്റ്റ്‌ കുറഞ്ഞ  റേറ്റിൽ പിടിക്കാൻ ആർക്കും  ഇല്ലാർന്നു,  ഒരു പിടിത്തവും  ഇല്ലാത്ത  മേഖല  ആയിരുന്നെ.... !!!

കഴിഞ്ഞത്  കഴിഞ്ഞു... 
അപ്പൊ ട്രെയിനിങ് ഒക്കെ കഴിഞ്ഞ് ട്രെയിനിങ്  വന്ന ആൾക്കാരൊക്കെ കാശും  മേടിച്ചു പൊടിയും  തട്ടി പോയി.  പ്രൊജക്റ്റ്‌  സബ്‌മിഷന്റെ  തലേ  ദിവസം... ഞങ്ങടെ  ഗ്രൂപ്പിലെ  4 പേർ  ഞാൻ ,  ഷിനാസ്,  വിനീത്  പിന്നെ  കടമ്പു  എന്ന  അനീഷ് രാജ്.(കൂട്ടത്തിൽ  ഒരുത്തൻ  കൂടി  ഉണ്ട് അവൻ ആ ദിവസം നേരത്തെ  പോയി  അവന്റെ പേര് ആരോൺ). പിറ്റേ ദിവസം ആണ്  പ്രൊജക്റ്റ്‌  എന്നതിന്റെ  ടെൻഷൻ കേറി  ലാബിൽ  ഇരുപ്പായി..   കോളേജ്  ടൈം  4:15 അവസാനിച്ചു  എങ്കിലും  5:30 ആയിട്ടും. പോകാതെ  സിസ്റ്റത്തിന്റെ  ഫ്രണ്ടിൽ  കുത്തിയിരുന്ന് എന്തെക്കെയോ  ചെയ്യുകയാണ്.  ദൂരേന്നു  കാണുന്ന  ആർക്കും തോന്നും എന്തോ  കാര്യമായി  ചെയ്യുകയാണെന്ന്,  പക്ഷെ ഒന്നുമില്ല   കോഡിങ് ഒക്കെ  നോക്കി വെബ്സൈറ്റിന്റെ  ഫ്രണ്ട് എൻഡിലെ കളറും ഫോണ്ടും  ഒക്കെ  മാറ്റി  കളിക്കുകയായിരുന്നു  ഞങ്ങൾ.. എന്താലും  ആര്  കണ്ടാലും  വളരെ  പഠന കുതുകികളായ കുറച്ചു  വിദ്യാർത്ഥികൾ  ഇരുന്നു  പഠിക്കുന്നു എന്നെ തോന്നു..  നേരത്തെ  പറഞ്ഞ HOD അപ്പുറത്തെ ലാബിൽ ഇരുന്ന്  എന്തോ  വർക്ക്‌  ചെയ്യുന്നുണ്ട്.. ഇനി  ഞങ്ങൾ  കമ്പ്യൂട്ടർ ഊരി  ബാഗിൽ  ഇട്ടോണ്ട് പോകുമോ എന്നുള്ള പേടി കൊണ്ടാണോ  എന്നും  അറിയില്ല.  എന്തായാലും ബസിൽ  കോൺസഷൻ കിട്ടണ്ടത്കൊണ്ട് എല്ലാം  പൂട്ടി കെട്ടി 6 മണിയൊക്കെ  കഴിഞ്ഞപ്പോൾ ഇറങ്ങി.  ബസ്  സ്റ്റോപ്പിലേക്ക്  സുമാർ  ഒരു  10-20 മിനിറ്റ് നടത്തമുണ്ട്.  പോകുന്ന വഴിക്ക്  കടമ്പൂനെ കളിയാക്കിയും  ഹോസ്റ്റലേർസിന്റെ  ഫുട്ബോൾ  കളിയൊക്കെ  കണ്ടു  പതുക്കെ  നടക്കുമ്പോഴാണ്  അത്  സംഭഭിച്ചത്,  കടമ്പൂന് വിശപ്പിന്റെ  വിളി വന്നു...  ആരേലും  വിശക്കുന്നെ  എന്ന് പറഞ്ഞാൽ  പിന്നെ അപ്പൊ  വിശപ്പ്  തുടങ്ങുന്ന  ഒരു  പ്രത്യേകതരം അസുഖമുള്ള ഞാനും അതോടു  കൂടി  പെട്ടു...  
പൊതുവെ  ആഹാരം  എന്ന്  കേട്ടാൽ  വീഴുന്ന  ഷിനാസും  കൂടി  ആയപ്പോൾ  ക്വാറം തികഞ്ഞു,  പക്ഷെ  അപ്പോഴും  ലവന്  വിനീതിന്  മിണ്ടാട്ടമില്ല,  അവനല്ലേലും  അങ്ങനെ ഉടായിപ്പാണെലും  പെണ്പിള്ളേരുടെ  മുന്നിലെല്ലാം  മാന്യൻ ഇമേജ്  ഒക്കെ  ആയിട്ട്  നടക്കുന്ന  അവൻ  ഇങ്ങനെ  ഉള്ള  മൃദുല  വികാരങ്ങൾ  പരസ്യമായി  പ്രകടിപ്പിക്കാറില്ല.. പക്ഷെ  അവനും  വിശന്നിരിക്കുകയാണ് എന്നറിയാം. കോളേജിലെ  ഉച്ചക്കുള്ള  ഊണ്  കഴിക്കണ സമയം  കയ്യൂക്കുള്ളവൻ  കാര്യക്കാരൻ  എന്ന  അവസ്ഥായാണ്  ചില  ദിവസങ്ങളിൽ,  മുട്ടൻ  ഇടിയൊക്കെ  നടത്തിയാണ് ഫുഡ്‌ ചില  ദിവസങ്ങളിൽ  കഴിക്കാൻ  കിട്ടുന്നെ, ആ ദിവസങ്ങളിൽ  ഒരു ആശ്വാസം*
 കുണ്ടൻ ഷാന്റെ(ഞങ്ങളുടെ  ബാച്ചിൽ  2 ഷാൻ  ഉണ്ടാർന്നു  ഒന്ന് CS  ലെ  കുണ്ടൻ ഷാനും,  മറ്റൊന്ന്   EC  ലെ  ചെറ്റ  ഷാനും,  ആളിന്റെ നീളം കൊണ്ടാണ്  ഇഷ്ടനെ  കുണ്ടൻ എന്ന്  വിളിക്കുന്നത് ) ചോറ്  പൊതിയാണ്..  ഒരു  2/3 പേർക്ക്  കഴിക്കാവുന്ന  ചോറും  ഒരു  വലിയ  ഉരുള  ചമ്മന്തിയും  കാണും  എന്നും.. വേറെന്തൊക്കെ കറി  ഉണ്ടേലും വാഴയിലയിൽ  പൊതിഞ്ഞു  കൊണ്ട്  വരുന്ന  ആ ചോറും  ചമ്മന്തിയുടെയും  ടേസ്റ്റും മനസന്തോഷവും  ഇപ്പോഴും  വേറൊന്നിനും തരാൻ  പറ്റില്ല.. 

സംഗതി  പറഞ്ഞ ഞാൻ വീണ്ടും  കാട്  കേറി,  തിരികെ  മാറ്ററിലേക്ക് വരാം. അങ്ങനെ  4 പേർക്കും  വിശപ്പിന്റെ  വിളി ഏറി വന്നു.. വണ്ടി  ഒട്ടു  കാണുന്നതുമില്ല.. 
വയറ്റിലെ  വിശപ്പ് മാത്രമേ ഉള്ളു  വിശപ്പകറ്റാൻ എന്തേലും  വാങ്ങണമെങ്കിൽ  കയ്യിൽ  10 ന്റെ  കാശില്ല  ഒരുത്തന്റെയും  കയ്യിൽ..  സി ടിക്കറ്റ്  എന്ന്  വിളിപ്പേരുള്ള  സ്റ്റുഡന്റസ് കൺസെഷൻ സൗകര്യം ഉള്ളത്  കൊണ്ട് ആകെ  10/20 രൂപയൊക്കെ  ആകും  ആകെ  കയ്യിലുണ്ടാകുക.. എല്ലാരും  ബാഗും, പഴ്സും പോക്കറ്റുമൊക്കെ  അരിച്ചു  പെറുക്കി  പക്ഷെ  4 പേർക്ക്  കഴിക്കാവുന്ന  രീതിയിൽ  കാശൊന്നും കിട്ടിയില്ല.  മാസാവസാനം  ആയത്  കൊണ്ട്  ഹോസ്റ്റലിൽ  ഉള്ളവരുടെ  കയ്യിലും  കാശിന്റെ  അവസ്ഥ  പരിതാപകരമായത് കൊണ്ട് അവരെയും  വിളിച്ചിട്ട്  കാര്യമില്ല.. ആകെ  വല്ലാത്ത  നിരാശ ബാധിച്ച  അവസ്ഥ.. വേറൊന്നിന്റെം  കാര്യത്തിൽ നടത്തണം  എന്ന  പിടിവാശി ഇല്ലേലും  ആഹാരം  കഴിക്കണം  എന്ന്  വിചാരിച്ചിട്ട്  അതു  നടക്കാതെ വരുന്ന  സാഹചര്യം  വല്ലാത്ത  ഒരു  അവസ്ഥയിലെത്തിച്ചു.....  അങ്ങനെ വിശപ്പും നിരാശയും ഒക്കെ ബാധിച്ചു  ആകെ  ഒരു  വല്ലാത്ത  അവസ്ഥയിൽ  നിൽക്കുമ്പോൾ  അതാ പ്രത്യാശയുടെ  ഒരു  ചോദ്യം എടേ *%%&$& (ഒരു  ഷോർട്  ബീപ്  സൗണ്ട് ) നീയൊന്നും  ഇതേവരെ  പോയില്ലെടെ...?? 

തൊട്ടുമുന്നിൽ  അതാ  സുബിൻ... ആട്ടിടയൻ  ആട്ടിൻ പറ്റങ്ങളെ മേയ്‌ച്ചു കൊണ്ട്  പോകുന്ന രീതിയിൽ  ഹോസ്റ്റലിലെ  കുറച്ചു  ജൂനിയർ പിള്ളേരുമായി  നടക്കാനിറങ്ങിയതാണ്  അവൻ. അവന്റെ  ഈ സായാഹ്ന സവാരി പതിവുള്ളതാണ്. ഞങ്ങൾ  എന്തായാലും   കാര്യങ്ങൾ  ഒക്കെ  അവതരിപ്പിച്ചു, അവന്റെ  കയ്യിലോ  റൂമിലോ  പൈസ  ഉണ്ടായിരുന്നില്ല  എന്നാലും  ആട്ടിൻകുട്ടികളെ അവിടെ  നിർത്തി  ഞങ്ങളെയും  വിളിച്ചു  അവൻ  അടുത്തുള്ള  ചായക്കടയിൽ  കൊണ്ട്  പോയി  ഞങ്ങൾക്കുള്ള  ആഹാരം  വാങ്ങി  തന്നിട്ട്  അവൻ  പറ്റിലെഴുതാൻ കടയിലെ  മുതലാളിയെ  ചട്ടം  കെട്ടിയിട്ട്  തിരിച്ചു  പോയി.. 
ഞങ്ങൾ  വയറും  മനസ്സും  നിറച്ചു  കടയിൽ  നിന്ന്  ഇറങ്ങിയതും ,  ഞങ്ങൾ  കഴിക്കാൻ  അത്രയും നേരം മാറ്റിയിട്ടിരുന്ന  വണ്ണം  ദാ  ഒരു  കരുനാഗപ്പള്ളി ബസ്...   ഞങ്ങളെല്ലാവരും  ഓടി  കേറി  ഞാൻ  കരുനാഗപ്പള്ളിക്കും  ബാക്കി  ഉള്ളോർ  ഭരണിക്കാവിലേക്കും ടിക്കറ്റ്  എടുത്തു..  ടിക്കറ്റ്  എടുത്തതിനു  ശേഷം ഞാൻ  എല്ലാവരുടെയും  മുഖത്തേക്ക്  ഒന്നു  നോക്കി,  വല്ലാത്ത  ഒരു  പ്രസരിപ്പും  സന്തോഷവും  എല്ലാവരുടെയും. മുഖത്തു. 
മനസ്സ്  കൊണ്ട്  സുബിന് നന്ദി  പറഞ്ഞു  ഞങ്ങളെല്ലാവരും  വീട്ടിലേക്ക്..... 
ഇന്നും  മറക്കാൻ  പറ്റാത്ത  ഒരു  ഓർമയായി അതു  നിൽക്കുന്നു... 
പിന്നീട്  പലപ്പോഴും  ഈ  കഥ കോളേജിലെ  പലരോടും  വിശദീകരിച്ചപ്പോ  അറിയാതയോ  അറിഞ്ഞോ  വന്ന ഒരു  പ്രയോഗം  ഉണ്ട്, 
*ഒരു ദൈവദൂതനെ പോലെ സുബിൻ അപ്പോൾ  അവിടെ  ഞങ്ങൾക്ക് മുന്നിൽ  അവതരിച്ചു  എന്ന്*.... 😊

ലോകത്താകമാനം പട്ടിണി മരണങ്ങളും,  പോഷക ആഹാര കുറവ് മൂലം കുട്ടികളും ഒക്കെ മരിക്കുന്ന ഒരു സമയത്തു ഞങ്ങളുടെ വിശപ്പും ഈ കഥക്കും  ഒന്നും  ഒരു  കഴമ്പുമില്ല... എന്നാലും  ഒരു  നേരത്തിനു  ആഹാരത്തിനായി വലയുന്ന ആൾക്കാർക്ക്  ഇതുപോലുള്ള  1000 ദൈവദൂതൻമാരുണ്ടാകട്ടെ  എന്നും  സ്വയം  ഒരു  ദൈവദൂതനായ്‌ ഒരുപാടു പേരുടെ  മുന്നിൽ  അവതരിക്കാൻ  പറ്റട്ടെ  എന്നും  ആഗ്രഹിച്ചു  കൊണ്ട്  പ്രാർത്ഥിച്ചു കൊണ്ട്  നിർത്തുന്നു.. 🙏🙏🙏

പിന്നാമ്പുറ കഥ  : തൊട്ടടുത്ത  ദിവസം  വൈവ  ആൻഡ് പ്രോജെക്ടിൽ വലിയ കഠിനമായ  ചോദ്യങ്ങൾ  ഒന്നും  ചോദിക്കാതെ ഞങ്ങളെ  4 പേരെയും HOD  വെറുതെ  വിട്ടു, ആ സെമെസ്റ്ററിലെ  ഏറ്റവും  കൂടുതൽ  മാർക്കും  ലഭിച്ചു. പക്ഷെ  ഗ്രൂപ്പിലെ അഞ്ചാമനായ  ആരോണിനെ  വൈവക്ക് നല്ല  രീതിയിൽ  വെള്ളം  കുടിപ്പിച്ചു... 

~ RSK ~

Comments

Popular posts from this blog

🚌 ചെയിൻ(ഡ്) സർവീസ് 🚌

ആന കൊടുത്താലും ആശ കൊടുക്കരുത്...

നോട്ടവീക്ഷണം