ചാരിറ്റി - ഓർമ്മക്കുറിപ്പ്

കുറച്ചു  വർഷങ്ങൾക്ക്  മുൻപ്  ഉള്ള  ഒരു  കഥ ആണ്.. 
കൃത്യമായ  വർഷം  ഓർമയില്ല  ഒരു 2-3  വർഷങ്ങൾക്ക്   മുന്നേ ആണെന്നാണ്  ഓർമ്മ. 
കൊല്ലം  ജില്ലയിലുള്ള  ഒരു  പ്രമുഖ  കോച്ചിംഗ് സ്ഥാപനത്തിൽ ആണ്  വർക്ക്‌  ചെയ്യുന്നത്.  ജോലി  കഴിഞ്ഞ്  എല്ലാ  ദിവസവും  ഇറങ്ങുമ്പോഴേക്കും 6:30,  7 മണി ഒക്കെ  ആകും. 
എങ്ങനേലും പെട്ടെന്ന്  വീടു  പിടിക്കുക.  കുളിയും  നനയും,  ആഹാരവുമൊക്കെ  കഴിഞ്ഞ്  നേരെ  ശയന മുറിയിൽ എത്തി  സാങ്കൽപ്പിക  ലോകത്തിലേക്കും  പിന്നെ  സുഖ നിദ്രയിലേക്കും കടക്കുക   എന്ന ലക്ഷ്യവുമായി  പോകുകയാണ്.  ട്രെയിനിലാണ് പോക്കും  വരവും ഒക്കെ.  ട്രെയിനിൽ പോകാനുള്ള സീസൺ  ടിക്കറ്റും  കാര്യങ്ങളുമൊക്കെ ഉണ്ടെങ്കിലും  സമയക്രമം  പാലിക്കുന്നതിൽ ഇന്ത്യൻ  റയിൽവേയെക്കാളും  പിന്നോട്ടായതിനാൽ പല  ദിവസങ്ങളിലും KSRTC യിലാണ്  യാത്ര അങ്ങനെ  ഒരു  ദിവസമാണ്  ഈ കഥ  നടക്കണേ... 

നേരത്തെ  പറഞ്ഞത്  പോലെ നിലവിൽ വർക്ക്‌  ചെയ്യുന്ന സ്ഥാപനത്തിൽ  കയറിയത് മുതൽ  സുഹൃത്തുക്കളുമായുള്ള കണ്ടു മുട്ടലുകൾ നന്നേ  കുറഞ്ഞു,  വാട്സ്ആപ്പ് എന്ന ഹംസം  വഴിയാണ്  സൗഹൃദം  പൂക്കുന്നത്... 
താമസിച്ചുള്ള  വരവായതിനാൽ  വീണ്ടും  ആരെയും കാണാനും  സംസാരിക്കാനും കുറച്ചു സമയം അവരോടൊന്നിച്ചു ചെലവഴിക്കാനുള്ള  ശാരീരിക മാനസിക അവസ്ഥ ഒന്നും  ഉണ്ടാവില്ല. പക്ഷെ  ഈ ദിവസം  പ്രത്യേകിച്ചു  കാരണങ്ങൾ ഒന്നും  ഇല്ലേലും  സനലുമായി കാണാം  എന്ന്  ഏറ്റിരുന്നു.  ഈ  ഉള്ളവന്റെ  സുഹൃത്തുക്കളിൽ ഒരാളാണെ  സനൽ,  ഇഷ്ട്ടൻ  അന്ന്  വള്ളിക്കാവ്  അമൃതയിൽ  IT  സെക്ഷനിൽ  വർക്ക്‌  ചെയ്യുകയാണ്.  നാട്ടിലുള്ള  വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കളിൽ ഒരാൾ.  അവൻ  മിക്കപ്പോഴും  വിളിക്കും എവിടാണ്,  എപ്പോ  എത്തും  അങ്ങനെ ഒക്കെ  ആയി പക്ഷെ  പലപ്പോഴും  ഞാൻ  വരുമ്പോൾ  ഒരു  സമയം ആകുമെന്നതിനാൽ കാണാറില്ല.  പിന്നെ  കണ്ടാലും  അവനു പരാതിയാണ്  ഞാൻ ഫുൾ ടൈം  ഫോണിലാണ് എന്ന പരാതി. അതും  പറഞ്ഞു മുട്ടൻ  ഇടിയും  വഴക്കുമൊക്കെ ഒരിക്കൽ  ആകുകയും 1,  2 ദിവസം  മിണ്ടാതെ നടന്നിട്ടൊക്കെ ഉണ്ട്.  ശരിയാണ് ഇപ്പോഴും  ഈ ഫോണിൽ  കുത്തലിനു  ഒരു  മാറ്റവും  വന്നിട്ടില്ല... ഞാൻ  എത്ര  വിചാരിച്ചാൽ പോലും ഈ ജോലിയിൽ  തുടരുന്നിടത്തോളം കാലം  തീരാത്ത  ഫോൺ ഉപയോഗം.  സുഹൃത്തുക്കൾക്കിടയിൽ ഫോണോ മാനിയ  എന്നാ  പേരും  ഉണ്ട്.  

  ബൈക്ക്  ഇല്ലാത്തതിനാൽ ബസിലാരുന്നു   രാവിലത്തെ യാത്ര,  സീസൺ  ടിക്കറ്റ്  ഉള്ളത്  കൊണ്ട് വൈകുനേരം ട്രെയിനിലും,  നേരത്തെ തീരുമാനിച്ചത് കൊണ്ട് അവൻ എന്നെ വിളിക്കാൻ  റയിൽവേ സ്റ്റേഷനിൽ  വരാമെന്നും ഏറ്റു..

അങ്ങനെ  ഞങ്ങൾ  ഒരുമിച്ച്  റയിൽവേ സ്റ്റേഷനിൽ  നിന്നും വല്ലപ്പോഴും  പോയി  ചായ  കുടിക്കാറുള്ള കടയിലേക്ക്  കയറി,  തന്നാലാവും വിധം  ഞങ്ങൾ  രണ്ടും  കടയിലെ  ചെറുകടികൾ  ഒക്കെ  ചായക്കൊപ്പം അകത്താക്കി അവിടുന്ന് പുറപ്പെടാൻ  ഒരുങ്ങി.  
അപ്പോഴാണ്  ഒരു  ചേട്ടൻ, ഞങ്ങൾ  സഞ്ചരിക്കുന്ന  ബൈക്കിനടുത്തേക്ക്  ഓടി  വന്നു. 35- 40 വയസ്സിനടുത് പ്രായം  കാണും.  ഇട്ടു മുഷിഞ്ഞ ഇരുണ്ട നിറത്തിലുള്ള ഉടുപ്പും,  ഒരു  ലുങ്കിയുമായിരുന്നു വേഷം,  കാലിൽ  ചെരുപ്പുകൾ  ഇല്ല,  അലക്ഷ്യമായി വളർന്നു  കിടക്കുന്ന മുടി,   ഒരു ജാള്യത  നിറഞ്ഞ  ചിരിയോടു കൂടി  ആ ചേട്ടൻ  വന്ന  കാര്യം  അവതരിപ്പിച്ചു അദ്ദേഹത്തിന്റെ  അമ്മ  ഒരു  ഓർത്തോ സർജറി കഴിഞ്ഞ്  കരുനാഗപ്പള്ളി താലൂക്  ഹോസ്പിറ്റലിൽ കിടക്കുകയാണ്.  ഡോക്ടർ  ഉച്ചക്ക്  ഡിസ്ചാർജ്  കൊടുത്തു,  പക്ഷെ നടക്കാൻ   വയ്യാത്ത ആ അമ്മയുമായി  വീട്ടിലേക്കു പോകാൻ  സാമ്പത്തിക  സഹായത്തിനുള്ള   ഉള്ള  ഓട്ടത്തിലാണ്  കക്ഷി. വർക്കല പറവൂരിലാണ് വീടു, അമ്മക്കൊപ്പം  അവിടം  വരെ  പോകുവാനുള്ള  പണമില്ല എന്നും ഉച്ചക്ക്  മുതൽ  ഈ റോഡിൽ  നിന്ന് ഒരോ  ആളുകളോടും  സഹായം  അഭ്യർത്ഥിക്കുകയാണ്  എന്നും  പറഞ്ഞു.

സനൽ  സ്വാഭാവികമായ അവന്റെ പരുക്കൻ  രീതിയിൽ  കാര്യങ്ങൾ  ഒക്കെ ചോദിച്ചു.  ഹോസ്പിറ്റലിൽ അല്ലെ ഞങ്ങൾ അങ്ങോട്ട്  വരാം  നേരിട്ട്  കാര്യങ്ങൾ ബോധ്യപ്പെടട്ടെ  എന്നു  പറഞ്ഞു  ബൈക്ക്  മുന്നോട്ടെടുത്തു. വളരെ  പതുക്കെ ആണ്  ഓടിക്കുന്നത്  വളരെ  വലിയ  ഒരു  പ്രതീക്ഷയുടെ ചിറകിലേറി  ആ മനുഷ്യൻ  ഞങ്ങളുടെ  ബൈക്കിൻറെ പിറകെ  ഓടുകയാണ്.  എനിക്ക് സനലിനോടു വല്ലാത്ത ദേഷ്യം  തോന്നി ആ ആളെ  ഇങ്ങനെ  വണ്ടിയുടെ  പിറകെ  ഇങ്ങനെ ഓടിക്കണ്ട ആവശ്യം  ഉണ്ടോ  10ഓ  50ഓ  രൂപക്കു  വേണ്ടി  ഈ പാവത്തിനെ  ഇങ്ങനെ  ഓടിക്കണോ???.  ഹോസ്പിറ്റലിന്റെ  വെളിയിൽ  വണ്ടി  പാർക്ക്‌  ചെയ്തു  സനൽ  ആ മനുഷ്യൻ പറഞ്ഞ പേരിൽ  ഒരു  രോഗി  അവിടെ  അഡ്മിറ്റ്‌  ആണോ  എന്നറിയാൻ എന്നെ  റിസെപ്ഷനിലേക്  അയച്ചു. ഇവൻ  കൊണ്ട്  വിട്ടാലേ  അന്ന്  വീടു പിടിക്കാൻ  പറ്റൂ  എന്നുള്ളത്  കൊണ്ട്  ഞാൻ അവനെ  മനസ്സിൽ തെറി വിളിച്ചു കൊണ്ട്  ഒരു  ഡിറ്റക്റ്റീവ് ഭാവത്തിൽ  നേരെ  റിസപ്ഷൻ ലക്ഷ്യമാക്കി നടന്നു.   സനൽ  ആ മനുഷ്യനെ  കാത്തു  അവിടെ  നീക്കുകയും  ചെയ്തു.  ഞാൻ  റിസപ്ഷനിൽ പോയി  അന്വേഷിച്ചു  അങ്ങനെ  ഒരു രോഗി  ഉണ്ടെന്നും  അനിൽകുമാർ എന്നാ പ്രശസ്തനായ ഓർത്തോ  വിഭാഗം  സർജന്റെ പേഷ്യന്റ് ആണ്  ആ അമ്മ എന്നും ആ അമ്മക്ക് നടത്തിയ സർജറിയെ കുറിച്ചൊക്കെ വിശദമായി ഞാൻ  റിസപ്ഷനിൽ നിന്നും  ചോദിച്ചറിഞ്ഞു. വിവരങ്ങൾ പറയാൻ  സനലിനെ വിളിച്ചപ്പോ  അവൻ  പാർക്കിങ്ങിലുണ്ട് വേഗം  അങ്ങോട്ട്  ചെല്ലുവാൻ പറഞ്ഞു.  ചെന്നപ്പോൾ  വളരെ  കാലത്തെ  പരിചയം  ഉള്ള  കണക്ക് സംസാരിച്ചു  നിൽക്കുന്ന സനലിനേയും ഒപ്പം അൽപ്പ  സമയം  മുന്നേ  വളരെ  നിസ്സഹായ അവസ്ഥയിൽ  നിന്ന  ആ മനുഷ്യന്റെ ചിരിച്ച സംതൃപ്തി ഉള്ള  മുഖവും  കാണാൻ  കഴിഞ്ഞു.  നമുക്ക്  പോകാം  എന്നും പറഞ്ഞു  വണ്ടി  എടുത്ത  അവനോടു അപ്പൊ  പൈസ കൊടുക്കണ്ടേ  എന്നും  ചോദിച്ചു ,  നീ വാ ഞാൻ  കൊടുത്തു  അത്  നിന്റെ  കയ്യിലിരിക്കട്ടെ  എന്ന്  പറഞ്ഞു എന്നെ  വിലക്കി  അവൻ  വണ്ടി  എടുക്കാൻ  തുടങ്ങി.  വളരെ  സ്നേഹത്തോടെ ആ മനുഷ്യൻ   ഞങ്ങളെ  യാത്രയാക്കി.  വല്ലാത്തൊരു  പ്രകാശം  അന്നേരം ആ മനുഷ്യന്റെ  കണ്ണുകളിൽ  എനിക്ക്  കാണാൻ  കഴിഞ്ഞു.  പക്ഷെ  എന്താ  സംഭവിച്ചത്  എന്നറിയാത്ത ഒരാവസ്ഥയിലും ആയിരുന്നു  ഞാൻ.  പിന്നീടാണ്  സനൽ  സംസാരിച്ചു  തുടങ്ങിയത്.. ആ മനുഷ്യന്റെ കൂടെ അവൻ  അമ്മയെ  കാണാൻ  പോയി  അവിടെ പോയി ആ അമ്മയോട്  സംസാരിച്ചു  അതിനു  ശേഷം  സനലിന്റെ   കയ്യിൽ  അപ്പൊ  ഉണ്ടാരുന്ന  ഒരു  തുക(തുക  എത്രയാണെന്നു പറയുന്നത്  ശരിയല്ല  പക്ഷെ  ഒരു  ടാക്സി വിളിച്ചു ആ അമ്മയെ  വീട്ടിൽ എത്തിക്കാൻ  അത് ആവോളം  ഉണ്ടായിരുന്നു). 
ആ അമ്മക്കു  മറ്റു  മക്കളില്ല എന്നും  ദിവസക്കൂലിക്ക് പോകുന്ന  ആ മകൻ  അമ്മയെ നോക്കുവാൻ വേണ്ടി  വിവാഹം  പോലും ഒഴിവാക്കി തന്നെ  നോക്കുന്ന  ആ  കഥ, സനലിനോടു  പറഞ്ഞിരുന്നു. ആ  അമ്മയുടെയും മകന്റെയും  സ്നേഹത്തിന്റെ കഥ അവൻ എന്നോട്  പറയുമ്പോൾ, അവന്റെ  ഖണ്ഡം  ഇടറുന്നുണ്ടായിരുന്നു,  അവനറിയാതെ എന്റെ  കണ്ണിൽ നിന്നും  പൊടിഞ്ഞ വെള്ള തുള്ളികൾ  തുടക്കാൻ  ഞാനും ആ സമയം പാടുപെടുകയായിരുന്നു... 

******************************
പിൻകുറിപ്പ് : -

റോഡരുകിലും, ബസ് സ്റ്റാൻഡിലും  ട്രെയിനിലും ഒക്കെ ഭിക്ഷ യാചിക്കുന്നോർക്കു മറ്റാരും  കൊടുക്കാത്തപ്പോൾ
എന്തോ  അങ്ങ് ചെയ്തു കൊടുത്തു എന്ന  ചിന്തഗതിയും 
ഓച്ചിറ ക്ഷേത്രത്തിൽ  വൃശ്ചിക മാസം  പോകുമ്പോൾ  അവിടെ ഭിക്ഷ  യാചിക്കുന്നോരുടെ  മുന്നിലേക്ക്  ഒന്നിന്റെയും,  രണ്ടിന്റെയും തുട്ടുകൾ ഇട്ടു  കൊടുത്ത് വലിയ  ഒരു ചാരിറ്റി  ചെയ്ത വിജയ   ഭാവത്തിൽ നടന്നു നീങ്ങുന്ന  എന്റെ  കണ്ണ് തുറപ്പിച്ച  ഒരു  സംഭവം  ആയിരുന്നു  അത്..  
ഫേസ്ബുക്കിലും,  വാട്സാപ്പിലും സഹായം  അഭ്യർത്ഥിച്ചു വരുന്ന  പോസ്റ്റുകൾ  ഷെയർ  ചെയ്തും,  ഒരോ  ആളുകൾ മറ്റുള്ളവരെ  സഹായിക്കുന്ന പോസ്റ്റുകളുമൊക്കെ. ഷെയർ  ചെയ്തു  സംതൃപ്തി അണയുന്ന  ശരാശരി മലയാളികളിൽ ഒന്നു തന്നെയാണ്  ഞാനിപ്പോഴും  പക്ഷെ ആ സംഭവത്തിനു  ശേഷം  ഭിക്ഷാടന മാഫിയക്ക് മുതൽക്കൂട്ടാകുന്ന  ആ ചാരിറ്റി  ഞാൻ നിർത്തി,  ആവശ്യമുള്ളവരെ,  അവർക്ക് പ്രയോജനകരമായ  രീതിയിൽ സഹായിക്കണം എന്നാ  ചിന്തയിലേക്ക്  എന്റെ  ചാരിറ്റി  വളർന്നു... 

ചാരിറ്റിയുടെ പേരിൽ കഴിഞ്ഞ  കുറച്ചു  ദിവസങ്ങളായി  ഫേസ്ബുക്കിലും  മറ്റും  നടക്കുന്ന  വാദങ്ങളും,  പ്രതിവാദങ്ങളും, ചേരി ചേർന്നുള്ള  കോലാഹലങ്ങളും  ഒക്കെ  കാണുമ്പോൾ  ഈ സംഭവം  വീണ്ടും  ഓർക്കുന്നു ഒപ്പം  ആ അമ്മയുടെ മകന്റെ  ചിരിയും...
**************************

~ RSK~

Comments

Popular posts from this blog

🚌 ചെയിൻ(ഡ്) സർവീസ് 🚌

ആന കൊടുത്താലും ആശ കൊടുക്കരുത്...

നോട്ടവീക്ഷണം