ദേഷ്യം

' ദേഷ്യം... '

"എനിക്കറിയാം തെറ്റാണു,  പക്ഷെ  എന്നെ കൊണ്ട്  ഈ ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ല, ഞാനൊരുപാട്  ശ്രമിച്ചു പക്ഷെ ചെറിയ ഒരു  പ്രശ്നം അല്ലേൽ  തെറ്റ് കണ്ടാൽ ഞാനെല്ലാം മറക്കും, ദേഷ്യം  ഇരച്ചു കയറി വരും, അപ്പോൾ  മുന്നിൽ  നിക്കുന്നത് ആരാണ്  എന്താണ് എന്നൊന്നും  ഞാൻ ചിന്തിക്കാറില്ല..." 

പൊതുവെ  ദേഷ്യക്കാരായ എല്ലാവരും പറയുന്ന ന്യായീകരണങ്ങളിൽ ഒന്നാണ്  മുകളിൽ  സൂചിപ്പിച്ചത്.

പക്ഷെ  ഈ പറഞ്ഞ വാക്യം  വെറും  ന്യായീകരണം  മാത്രമാണ് എന്നതും, പൂർണമായ  സത്യം ഇതൊന്നുമല്ല  എന്നതുമാണ്  രസകരം. ഒരു ചെറിയ ഉദാഹരണം സഹിതം പറയാം നിങ്ങളുടെ ഓഫീസിൽ നിങ്ങളുടെ മേലുദ്യോഗസ്ഥൻ നിങ്ങളെ  കാരണമില്ലാത്ത ഒരു കാര്യത്തിന്  ശകാരിച്ചു എന്നിരിക്കട്ടെ, എന്തായിരിക്കും നിങ്ങളുടെ പ്രതികരണം, തെറ്റ് ഒന്നും  നിങ്ങളുടെ  ഭാഗത്തു  ഇല്ലെങ്കിൽ  പോലും, പറയുന്നത് ഒരുപക്ഷെ പൊട്ടത്തരം ആണെങ്കിൽ പോലും എല്ലാം കേട്ടു  തലകുലുക്കി, കയ്യും കെട്ടി  യെസ് സർ എന്നോ  യെസ് മാഡം  എന്നോ പറഞ്ഞു ശരിവെച്ച്‌ നിക്കും, മറിച്ചു നിങ്ങളുടെ മുന്നിൽ  ഒരു  കീഴുദ്യോഗസ്ഥനോ സമപ്രായക്കാരനോ ആണെങ്കിൽ  അങ്ങനെ  ആകില്ല  നിങ്ങളുടെ  പ്രതികരണം.
ഇനി  വീട്ടിലേക്ക്  വരാം  അവിടെയും നിങ്ങളുടെ  നിങ്ങളുടെ  ദേഷ്യത്തെ  നിങ്ങൾക്ക്  ഏറ്റവും  പ്രിയപ്പെട്ട  അമ്മയോടോ, അച്ഛനോടോ  ഭാര്യയോടോ, ഭർത്താവിനോടോ മക്കളോടോ ഒക്കെ നിങ്ങൾ  അറഞ്ചം പുറഞ്ചം എടുത്തു പ്രയോഗിക്കുന്നു. പൊതു നിരത്തുകളിലും ദേഷ്യക്കാരുടെ  മനോഭാവത്തിന് മാറ്റമില്ല, പക്ഷെ മാറ്റം  ഉണ്ടാകും!!! എപ്പോൾ???

ആരോട്?? എന്നതിനെ അടിസ്ഥാനമാക്കി ദേഷ്യത്തിന്റെ സ്വഭാവം പലയിടത്തും മാറുന്നു  എന്നതാണ്  പ്രസക്തം.

നിങ്ങൾക്ക് ദേഷ്യം വന്നാൽ നിയന്ത്രിക്കാൻ കഴിയാത്തതല്ല പ്രശ്നം. മറിച്ച് നിങ്ങൾ ദേഷ്യം കാണിക്കുന്ന ആളുകൾ നിങ്ങൾക്ക് ദോഷം ചെയ്യാൻ കഴിയില്ല എന്ന നിങ്ങളുടെ ഉറപ്പാണ് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന ന്യായം പറഞ്ഞ് നിങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നത്!!!
********************************************
ഞാനും  ഒരു വലിയ  ദേഷ്യക്കാരനാണ്, കുറ്റപ്പെടുത്തലുകൾ  ഒരു രീതിയിലും അംഗീകരിക്കാൻ കഴിയാത്ത ആളാണ് ഞാൻ, തെറ്റ് എന്റെ ഭാഗത്തു  ആണെങ്കിൽ പോലും എതിരെ നിൽക്കുന്ന ആളിനോട്  ദേഷ്യപ്പെട്ടു ആ തെറ്റിനെ ന്യായീകരിച്ചു പോന്ന ഒരു രീതി,  ഒരിക്കലും ആർക്കും അംഗീകരിക്കാനാവാത്ത,  മാറ്റണം എന്ന് ഒരുപാട് ആഗ്രഹിച്ച, എന്നിൽ എനിക്കിഷ്ട്ടമല്ലാത്ത  ഒരു ദേഷ്യ സ്വഭാവം ഉണ്ടായിരുന്നു.

പക്ഷെ എന്നെക്കാളും  ദേഷ്യമുള്ള ഒരാൾ  എന്റെ ഒപ്പം കൂടിയപ്പോൾ എന്റെ ദേഷ്യ സ്വഭാവം കുറഞ്ഞു വരാൻ തുടങ്ങി. 
കാരണം സിമ്പിൾ ആണ്  അതേവരെ മുൻശുണ്ഠി കൈവശവകാശമായി ഉപയോഗിച്ച് വന്ന ഞാൻ നമ്മൾ  മറ്റൊരാളോട്  ദേഷ്യപ്പെടുമ്പോൾ ആ ദേഷ്യത്തിന് പാത്രമാകുന്ന വ്യക്തിയുടെ  മാനസികാവസ്ഥ  മനസിലാക്കിയിരുന്നില്ല.എനിക്കു എന്റെ അനുഭവത്തിൽ നിന്നും  അതു മനസിലായി തുടങ്ങിയപ്പോൾ ഞാൻ മാറി തുടങ്ങി.   

ഭീമയുടെ ടാഗ് ലൈൻ പോലെ ചരിത്രം വഴിമാറും ചിലർ വരുമ്പോൾ  എന്നു പറയുന്ന പോലെ എന്റെ ദേഷ്യത്തിന്റെ ചരിത്രം  അവിടെ  മാറി തുടങ്ങി, ഒരുപക്ഷെ ആ മാറ്റത്തിന്റെ ഏറ്റവും  വലിയ ഗുണം  ലഭിച്ചത്  എന്റെ സഹപ്രവർത്തകർക്കാകും എന്നാണ്  ഞാൻ കൂടുതൽ  വിശ്വസിക്കുന്നത്  കാരണം  അവരുടെ  ചെറിയ ഒരു പിഴവ് പോലും  ഞാൻ സഹപ്രവർത്തകരുടെ കണ്ണീരിലും അപ്പോളജി എഴുതിക്കലിലും ആണ് അവസാനിപ്പിച്ചിരുന്നത് !!! (കസ്റ്റമർ ഫീഡ്ബാക്കിന് അത്രകണ്ട് പ്രാധാന്യം ഉള്ള ഒരു ഫീൽഡിലും, ഒപ്പം അങ്ങനെ ഒരു ജോബ് പൊസിഷനിലും ആയോണ്ടാണ് അല്ലാതെ ബേസിക്കലി അത്ര വല്യ ദുഷ്ടനോന്നുമല്ല ഞാൻ കേട്ടോ)

ഒരുപക്ഷെ അവരുടെ ഒക്കെ പ്രാർത്ഥനയുടെയോ, പ്രാക്കോ (രണ്ടിലും അത്രക്കങ്ങട് വിശ്വാസമില്ല എന്നാലും ഒരു ഗുമ്മിന് ഇരിക്കട്ടെ), ഞാൻ മാറി, നല്ലതിന് വേണ്ടി ഒരു മാറ്റം.....
********************************************

ഈ അടുത്തിടക്ക് ഫേസ്ബുക്കിലെ ഒരു 'പ്രമുഖ' ഗ്രൂപ്പിൽ സൈക്കോളജിസ്റ്റ് ആയ ഒരു വ്യക്തിയുടെ (Dr. Praveen)പോസ്റ്റ്‌ വളരെയധികം  ആകർഷിക്കയുണ്ടായി..
അദ്ദേഹം എഴുതിയത്  പ്രകാരം "ദേഷ്യം വരുമ്പോൾ ഒരാളോട് ഉറക്കെ സംസാരിക്കുന്നതു പോലും ഹൃദയങ്ങൾക്ക് ദൂരം കൂടുന്നത് കൊണ്ടാണത്രെ! വളരെ ദൂരെ നിൽക്കുന്ന ആളിനോട് ഉറക്കെ സംസാരിക്കുന്നതു പോലെ. ഒരാളോട് പ്രണയം പറയുമ്പോൾ നാം എത്ര താഴ്ന്ന സ്വരത്തിലാണ് പറയുന്നത്. അതിനുകാരണം ഹൃദയങ്ങൾ അപ്പോൾ അത്ര അടുത്താണത്രെ..!"
********************************************
മുൻപ് പലപ്പോഴും എന്റെ ഉള്ളിലെ അടക്കാനാവാത്ത ദേഷ്യം നിലനിൽക്കുമ്പോൾ പോലും  "ഓഫീസിലെ വഴക്കാളി" എന്ന് അറിയപ്പെട്ടിരുന്ന എന്നാൽ  എന്റെ നല്ലൊരു സ്ത്രീ  സുഹൃത്തും  കൂടിയായ  ഒരാൾക്കു  ഞാൻ ഉപദേശം കൊടുക്കാറുണ്ടായിരുന്നു!!!, ദേഷ്യം  കുറക്കുവാൻ ഉപദേശവും,   ഞാൻ പയറ്റി പരാജയപ്പെട്ട പല ദേഷ്യം കുറക്കുവാനുള്ള  ടെക്‌നിക്കുകളും പറഞ്ഞു കൊടുത്തു. അന്നത് പറയാൻ എനിക്കു ഒട്ടും അർഹത ഇല്ലായിരുന്നിട്ട് കൂടി അത് ചെയ്യാൻ മുതിർന്നത്  ദേഷ്യം  അത് ഒഴിവാക്കപ്പെടേണ്ടതാണ്  എന്ന തോന്നലിൽ നിന്നും തന്നെയാണ്. പക്ഷെ ഇപ്പോൾ, "ദേഷ്യം ഒഴിവാക്കണം, അത് ആരോഗ്യപരമായി ദേഷ്യപ്പെടുന്നവർക്കും, മാനസികമായി  ദേഷ്യം  ഏറ്റുവാങ്ങുന്നവർക്കും നല്ലതല്ല" എന്നു പറയാൻ കുറച്ചെങ്കിലും  യോഗ്യത എനിക്കിപ്പോൾ ഉണ്ട് എന്നു തന്നെയാണ്  വിശ്വാസം.
********************************************
ദേഷ്യം - നമ്മുടെ മനസ്സിനെക്കാൾ മുന്നേ നാവ് പ്രവൃത്തിക്കുമ്പോ ഉണ്ടാകുന്ന ഒരു വികാരം.
അത് നിയന്ത്രിക്കപ്പെടേണ്ടതാണ്, നിയന്ത്രണവിധേയവുമാണ്.
കുറച്ചൊന്നു ശ്രദ്ധിച്ചാൽ, ഒന്നു മനസ്സുവെച്ചാൽ  ആർക്കും ഈ മുൻശുണ്ഠിയുടെ അളവ് കുറക്കുവാനും ക്രമേണ അതിനെ ഇല്ലാതാകുവാനും  കഴിയും. എല്ലാ കാര്യങ്ങളും നമ്മുടെ കണ്ണുകളിൽ കൂടേ മാത്രം കാണാതെ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളിലൂടെ കൂടേ  കാണുക, സംയമനം പാലിക്കുക.
ഒരു പ്രശ്നമുണ്ടെങ്കിൽ അതിനു ഒരു ഉത്തരവും ഉറപ്പായും  ഉണ്ട്..

SO KEEP CALM & DON'T BE ANGRY...
🙏🙏🙏

~ rsk ~

Comments

Popular posts from this blog

🚌 ചെയിൻ(ഡ്) സർവീസ് 🚌

ആന കൊടുത്താലും ആശ കൊടുക്കരുത്...

നോട്ടവീക്ഷണം