ഏറെ പ്രശസ്തനാകേണ്ടിയിരുന്ന ഒരാൾക്ക്, അധികമാരാലും അറിയപ്പെടാതെ പോകുമെന്നുറപ്പുള്ള ഒരാൾ നൽകുന്ന ആദരം.

കരിമ്പനകൾക്കു കാറ്റ് പിടിക്കും പോലെ വെള്ളികെട്ടിയ നീളൻ മുടിയുമായി, കരുനാഗപള്ളിയുടെ പൊടിത്തിരക്കിൽ തൻറെതായ ഒരു ലോകം സൃഷ്ടിച്ചു, ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുമായി നടന്നിരുന്ന മറ്റൊരാൾ....
പരിചയക്കാർക്കൊക്കെയൊരു അസാധ്യ പ്രതിഭയായും, മറ്റുള്ളോർക്ക് അനേകായിരം അനാഥ ജന്മങ്ങളിലൊന്നായും പകർന്നാടിയ നിഷേധ ലാവണ്യം...
ഭാഷ ഒരു എലിപ്പത്തായമാണെന്ന രഞ്ജിത്തിന്റെ കണ്ടെത്തൽ അന്വർത്ഥമാക്കും പോലെ നാടക വേദിയെ മാത്രം പുൽകി നടന്നൊരു ചങ്ങാതി...
ഖസാക്കിന്റെ ഇതിഹാസം എന്നേലും ഒരു ചലച്ചിത്ര ഭാഷ്യം ആക്കിയാൽ അള്ളാപ്പിച്ച മൊല്ലാക്കയാകാൻ ശ്യാമപ്രസാദ് കണ്ടു വച്ചിരുന്ന നടന വൈഭവം...
ഇനിയും ഒരുപാടു വിശേഷണങ്ങൾക്ക് പാത്രമാകേണ്ടിയിരുന്ന അദ്ദേഹം  കാലയവനികക്കുള്ളിൽ മറഞ്ഞു,  അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും, അടുപ്പക്കാർക്കും കലാ ആസ്വാദകർക്കും ഒക്കെ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച്‌...   

കുറച്ചു ദിവസങ്ങൾക്കു മുന്നേ ഒരു സുഹൃത്തിന്റെ ഫേസ്ബുക്  വാളിൽ ഇദ്ദേഹത്തിന്റെ ഫോട്ടോ വെച്ചുള്ള  മരണ വാർത്ത  കണ്ടപ്പോൾ  വല്ലാത്തൊരു  മരവിപ്പ്  ആയിരുന്നു മനസ്സിന്. എനിക്കു ആരുമായിരുന്നില്ല അദ്ദേഹം, അടുത്ത് അറിയാവുന്നവരുടെ കൂട്ടത്തിൽ ഒന്നും ആ മുഖവും പേരും ഒന്നും ഉണ്ടായിരുന്നില്ല  എന്നിട്ടും..... എന്തോ  വല്ലാത്ത ഒരു  വിഷമം. കുട്ടികാലത്ത്  അമ്മ വീട്ടിൽ  ഉത്സവങ്ങൾക്ക് പോയിരുന്ന സമയങ്ങളിൽ കണ്ടു തുടങ്ങിയ  നാടക കാഴ്ചകൾ ഒക്കെയും  കാലം കഴിഞ്ഞ് പോയപ്പോൾ കൂടിച്ചേരലുകലുകൾക്കും , ഉത്സവ ആഘോഷങ്ങക്കും ഒക്കെ  മങ്ങൽ ഏൽപ്പിച്ചതിനാൽ കൂടുതൽ നാടകങ്ങൾ കാണുവാനോ നാടകങ്ങളെ കൂടുതലായി ആസ്വദിക്കുവാനോ ഒന്നും സാധിച്ചിരുന്നില്ല. അത്  മൂലം നാടകങ്ങൾക്ക് ഒപ്പം നാടക ലോകത്തിലെ അതികായകന്മാരൊക്കെ തന്നെ എന്റെ അറിവിന്റെ പരിമിതികൾക്കപ്പുറമായിരുന്നു. ഈ ഒരു കാരണം കൊണ്ട് തന്നെ  തന്നെ ഏതാനം  കൊല്ലങ്ങൾക്  മുന്നേ മാത്രമാണ്    മഹാനായ  ഈ  കലാകാരനെ കുറിച്ച് ഞാൻ  കേൾക്കുവാൻ  ഇടയാകുന്നത്. സ്വന്തം  നാട്ടുകാരൻ  ആയിട്ട് കൂടി  അദ്ദേഹത്തെ കുറിച്ച് നേരത്തെ അറിയുവാൻ കഴിഞ്ഞില്ല  എന്നത് ഇപ്പോഴും  വല്ലാതെ അലട്ടുന്നുണ്ട്........

ആദ്യമായി  എന്നാണ്  അദ്ദേഹത്തെ കണ്ടത്  എന്നോർമയില്ല, കണ്ട നാളുകളിൽ  ഒന്നും ഇദ്ദേഹം  ഇങ്ങനെ ഒരു വ്യക്തിത്വം ആണെന്നു കരുതും  വിധം  ആയിരുന്നില്ല നടപ്പും ഭാവവും.  ആ വേഷവും, ചീകി ഒതുക്കാത്ത വെള്ളി മുടിയും, ലോകത്തോടും ലോകരോടും ഒക്കെ ഉള്ള ദേഷ്യമോ  വെല്ലുവിളിയൊ  തരത്തിൽ ആരെയും കൂസതെ ഉള്ള ആ നടത്തവും ഒക്കെ പൊതുവെ മുൻവിധികളോടെയും ധാരണകളോടെയും മാത്രം എന്തിനെയും സമീപിക്കുന്ന ഒരാളുടെ മനസ്സിൽ  മറ്റൊരാളെ കുറിച്ച്  ഉണ്ടാക്കി എടുക്കുന്ന ഒരു  ഇമേജ്  മാത്രമേ എനിക്കും  അദ്ദേഹത്തെ അറിയുന്ന കാലം വരേയ്ക്കും അദ്ദേഹത്തെ കുറിച്ചു ഉണ്ടായിരുന്നുള്ളു. കോളേജ് കാലഘട്ടത്തിൽ വീട്ടിലേക്കുള്ള യാത്രകളിൽ പലപ്പോഴും  കരുനാഗപ്പള്ളിയിയുടെ തെരുവുകളിൽ വെച്ചു  പലപ്പോഴും കാണാൻ ഇടയായിട്ടുണ്ടെങ്കിലും ഞാൻ തിരിച്ചറിയാതെ പോയ അതിലൊക്കെ ഉപരി  ലോകം  തിരിച്ചറിയാതെ പോയ ഒരു മഹാ നടൻ, സംവിധായകൻ, നാടക രചിയിതാവ് ഒക്കെ ആയിരുന്നു  അത് എന്ന് അറിയാൻ കഴിഞ്ഞത്   വളരെ വൈകി  ആണ്.  ഞാൻ മുൻപൊരിക്കൽ  പരാമർശിച്ചിട്ടുള്ള പ്രിയ  സുഹൃത്തു അമൃത് രാജിൽ നിന്നുമാണ്  അദ്ദേഹത്തെ കുറിച്ച്  അറിയുവാൻ കഴിഞ്ഞത്. ഞങ്ങൾ  രണ്ടുപേർ മാത്രമുള്ള സമയങ്ങളിൽ  പല വിഷയങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്. കൂടുതലും ബുക്കുകൾ, സിനിമ, സംഗീതം  എന്നിവ ആണ് വിഷയമായി  വരാറുള്ളത്. കുറെ അധികം  പുസ്തകങ്ങൾ  എഴുത്തുകാർ, സംഗീത പ്രതിഭകൾ, പുസ്തക  മേളകൾ ഒക്കെ പരിചിതമായത് ഇങ്ങനെ ആണ്. അതിനിടയിൽ  കേട്ട ഒരു പേരുകാരനെ കുറിച്ചാണ് ഞാൻ ഇത്രെയും കാര്യങ്ങൾ പങ്കുവെച്ചത്.
 അഹമ്മദ്‌  മുസ്ലിം. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചുകളിലെ  (2nd ബാച്ച് ) വിദ്യാർത്ഥികളിൽ ഒരാൾ, നാടക ആചര്യൻ ജി ശങ്കരപ്പിള്ളയുടെ പ്രിയ ശിക്ഷ്യൻ. നാടക ലോകത്തും, സിനിമ ലോകത്തും വ്യക്തിമുദ്ര പതിപ്പിച്ച  V. K പ്രകാശ് , രഞ്ജിത്,  മുരളി, സന്ധ്യാ രാജേന്ദ്രൻ തുടങ്ങിയ പൊതുസമൂഹത്തിൽ പേരെടുത്ത കലാകാരന്മാരുടെ അടുപ്പക്കാരൻ....
 സ്കൂൾ ഓഫ് ഡ്രാമയിലെ സഹ പഠിതാക്കൾ ആയ ഇന്ന് സമൂഹത്തിൽ അവരവരുടെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ കുറിച്ചും, അവർക്ക് ഇദ്ദേഹവുമായുള്ള അടുപ്പവും  ഓർമകളും, അവരുടെ അനുഭവങ്ങളുടെ കഥകൾ  ഒക്കെയും  തെല്ലൊരു അദ്‌ഭുതത്തോടും അതിലേറെ കരുനാഗപ്പള്ളിക്കാരന്റെ  അഭിമാനത്തോടും ഒക്കെ അന്ന് ഞാൻ കേട്ടിരുന്നു...   ജീവിതത്തിന്റെ ഒരു സമയത്ത്  മദ്യത്തിന് അടിമപ്പെട്ട് ജീവിക്കാൻ  മറന്നു പോയ അദ്ദേഹത്തിന്റെ തിരിച്ചു വരവിന്റെ  സമയത്ത്  ആണ്  ഞാൻ അദ്ദേഹത്തെ കുറിച്ച് കൂടുതൽ  അറിഞ്ഞത്. പിന്നീട് ഏറെ വൈകാതെ തന്നെ അദ്ദേഹം  അവസാനമായി    അരങ്ങത്ത് എത്തിച്ച ശ്രീ പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീർത്തനം പോലെ' എന്ന പുസ്തകത്തിന്റെ നാടകവിഷ്കാരം വരുന്നു  എന്ന് നാടക ലോകം ചർച്ച ചെയ്ത്  തുടങ്ങി. പക്ഷെ നിർഭാഗ്യവശാൽ എന്റെ ചില വ്യക്തിപരമായ കാരണങ്ങൾ  കാരണം  ആ നാടകത്തിന്റെ ആദ്യ പ്രദർശനവും, പിന്നീടൊരിക്കൽ നാട്ടിലെ ഒരു നാടകോത്സവത്തിൽ മറ്റൊരു നാടകത്തിന്റെ സംവിധാനവുമായി ബന്ധപെട്ടു അദ്ദേഹത്തെ കാണുവാനുള്ള അവസരവും നഷ്ടപ്പെടുകയുണ്ടായി...
മുൻപ് നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും  അദ്ദേഹം  ആരെന്നറിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ അഭിനയ മുഹൂർത്തങ്ങളും സംവിധാന മികവുമൊക്കെ നേരിട്ട് അനുഭവിച്ചറിയാനുള്ള ഒരു അവസരമാണ് പിന്നീട് ഒരിക്കലും ഇല്ലാത്ത രീതിയിൽ  എനിക്ക് നഷ്ട്ടപെട്ടത്.. 
ഇതൊക്കെ കഴിഞ്ഞ് ഏറെ ദിവസത്തിന് ശേഷം  ദൂരദർശൻ ഒരു സങ്കീർത്തനം പോലെയുടെ നാടകാവിഷ്കരം  സംപ്രേഷണം  ചെയ്ത വേളയിൽ ആ നടന വൈഭവം  കാണുവാൻ  ഭാഗ്യമുണ്ടായി.  പിന്നീട് പലപ്പോഴും  ആ നാടകത്തിലെ ഒരു സീൻ ഇടക്ക് കാണാറുണ്ട്, പല ഇന്റർവ്യൂകളിലും അദ്ദേഹം  പുനരാവിഷ്കരിച്ച ഒരു  സങ്കീർത്തനം പോലയിലെ ദസ്തേവസ്കിയായി ഉള്ള   പകർന്നാട്ടം, മരണ വാർത്ത അറിഞ്ഞപ്പോഴും ഞാൻ അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ്ബുക് പേജിലെ  ആ രംഗമാണ് ആദ്യം പരതിയതും....
 ആ ഒരു  സീനിൽ അഭിനയിക്കുവാനോ അദ്ദേഹം  ജീവിക്കുവാണോ എന്നറിയാത്ത തരത്തിലെ ഒരു മാസ്മരിക പ്രകടനം, ആ മാസ്മരികത ഇനി ഇല്ലാ, ആ ശബ്ദ മനോഹാരിത ഇനി അരങ്ങിലില്ല എന്ന് വേദനയോടു കൂടിയേ സ്മരിക്കുവാൻ കഴിയൂ...

പ്രിയപ്പെട്ട അഹമ്മദ്‌ മുസ്ലിം  ഇനിയും അങ്ങയെ കുറിച്ച് എന്താണ് എഴുതുവാൻ ആവുക  എനിക്കറിയില്ല. കാരണം അങ്ങയെ കുറിച്ചുള്ള എന്റെ അറിവുകൾ  പരിമിതമാണ്. കലാലോകത്തിനായി ജീവിതം  ഉഴിഞ്ഞു വെച്ചു  എങ്കിലും പൊതുസമൂഹത്തിനും അങ്ങയെ കുറിച്ചുള്ള അറിവുകൾ പരിമിതമാണ്...

ഭൗതികമായ ഈ ലോകത്ത് നിന്ന്  അങ്ങ്  വിടവാങ്ങിയെങ്കിലും അടുത്തറിയുന്ന  എല്ലാവരിലൂടെ അവരുടെ വാക്കുകളിലൂടെ ഓർമകളിലൂടെ അങ്ങ് ജീവിക്കും  ഇനിയും  ഏറെക്കാലം..

ഒരുപക്ഷെ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു സമയത്തു
കലാ പാനത്തിനൊപ്പം 'കാലപാനി' തേടി പോയിട്ടില്ലാരുന്നു എങ്കിൽ  ???...
ജീവിതത്തിൽ ഇതുപോലെ ഉള്ള ചോദ്യങ്ങൾക്കു  അർത്ഥമില്ലല്ലോ   അല്ലെ.!!!

ലോകമറിയാതെ പോയ അങ്ങയുടെ മഹത്വത്തിന് മുന്നിൽ പ്രണാമം
🙏🙏🙏

Comments

Popular posts from this blog

🚌 ചെയിൻ(ഡ്) സർവീസ് 🚌

ആന കൊടുത്താലും ആശ കൊടുക്കരുത്...

നോട്ടവീക്ഷണം