മരണം ആഘോഷമാക്കുന്നവർ!!!
മരണം അതൊരു ദുഖകരമായ സത്യമാണ്. ഈ ഭൂമിയിലെ എല്ലാ ജീവ ജാലങ്ങൾക്കും വന്നു ചേരുന്ന അനിവാര്യമായ ഒരു അന്ത്യം!!!
ഒരാളുടെ മരണം മൂലം ഏറ്റവുമധികം വേദനിപ്പിക്കുന്നത് മരണപ്പെടുന്നോർ ഒറ്റക്കാക്കി പോകുന്ന ചില ഉറ്റവരെ മാത്രമാണ്.
രംഗബോധമില്ലാത്ത കോമാളി എന്ന് പൊതുവെ മരണങ്ങളെ വിശേഷിപ്പിക്കാറുണ്ട്, ഇവനെ കാലന് പോലും വേണ്ടേ എന്ന് ചിലരെ കുറിച്ച് പറയുന്നതും കേട്ടിട്ടുണ്ട്.
നല്ലവരെ ദൈവം നേരത്തെ വിളിക്കുമെന്നും, ദൈവത്തിന് സ്നേഹമുള്ളവരെ ആണ് നേരത്തെ വിളിക്കുക എന്നുമൊക്കെ പരക്കെ മരണ സംബന്ധിയായി പറഞ്ഞു കേൾക്കാറുള്ളതാണ്..
എന്നാൽ മരണത്തിനങ്ങനെ നല്ല ആൾക്കാർ ചീത്ത ആൾക്കാർ എന്നിങ്ങനെ വേർതിരിവ് ഇല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്..
മരണം കൊണ്ട് ഒരാളും വിശുദ്ധരാകില്ല ഏറെ കാലം ജീവിച്ചിരുന്ന എല്ലാവരും മോശക്കാരുമായിരുന്നില്ല എന്നുള്ളതാണ് പരമമായ സത്യം......
കഴിഞ്ഞ 3 വർഷമായി എന്റെ ജീവിത കലണ്ടറിലെ ഏറെ വിശേഷപ്പെട്ട ഒരു ദിവസം ശിഷ്ട്ട ജീവിതത്തിലെ ഒരു മോശം ഓർമ്മ ദിനമാക്കും വണ്ണം ബന്ധം കൊണ്ട് എനിക്ക് പ്രിയപ്പെട്ട ഒരുവൻ മരണപ്പെട്ടു....
അവന്റെ മരണത്തിന് ആ ദിനം തന്നെ എന്തിനു തിരഞ്ഞെടുത്തു എന്നതും, ആ മരണം മരണപ്പെട്ടവന്റെ ഏറ്റവും അടുത്തവരെ അറിയിക്കുവാൻ ഞാൻ തിരഞ്ഞെടുക്കപ്പെട്ടു എന്നതും, ജീവിതത്തിൽ ഒരിക്കലും നേരിട്ടിട്ടില്ലാത്തവണ്ണം ഉള്ള മാനസിക സങ്കർഷങ്ങളും ഒരിക്കലും ആഗ്രഹിക്കാത്ത രീതിയിലുള്ള ഉത്തരവാദിത്വങ്ങൾ എന്നിൽ എങ്ങനെ വന്നു ചേർന്നു എന്നത് ഒരു പ്രഹേളികയാണ്. ഒരു പക്ഷെ അവൻ അവന്റെ മരണം കൊണ്ട് അവൻ ഞങ്ങളോട് മധുരമായി പകരം വീട്ടിയതാകാം...
അതെന്റെ വിധി, അല്ല പ്രവർത്തി ദോഷം, അതുമല്ല പ്രവർത്തിക്കാതിരുന്നതിലുള്ള ദോഷം........
അത് ഞാൻ ഒരു കുറ്റബോധത്തോടെ സ്വീകരിക്കുന്നു...
ഞാൻ എഴുതി തുടങ്ങിയ വിഷയം അതായിരുന്നില്ല. മരണത്തെ ആഘോഷമാക്കുന്നോർ അതായിരുന്നു എന്റെ വിഷയം അവരെ കുറിച്ചാണ് ഞാൻ എഴുതാൻ ആഗ്രഹിച്ചത്....
അതെ മരണത്തെ ആഘോഷമാക്കുന്ന ഒരു കൂട്ടർ ഉണ്ട് നമ്മൾക്കിടയിൽ, അവർക്ക് ഒരു പ്രത്യേക പേരില്ല, മുഖമില്ല നമ്മളുടെ ഇടയിൽ നമ്മളുടെ ഒക്കെ ഉള്ളിൽ, നമ്മളിൽ ഒരാളായി അവരുണ്ട്....
ആദ്യം പറഞ്ഞത് പോലെ മരണം ഒരിക്കലും ആരെയും വിശുദ്ധർ ആക്കുന്നില്ല പക്ഷെ മരണപ്പെട്ടവർക്ക് നാം കൊടുക്കുന്ന ഒരു മര്യാദ ഉണ്ട് അല്ലെ???
എന്തിനു നമ്മളൊക്കെ ഒരു ജോലി ഉപേക്ഷിച്ചു മറ്റൊരു ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങി ആ സ്ഥാപനത്തിലെ അവസാന പ്രവർത്തി ദിനം കഴിയാറാകുമ്പോൾ നമുക്കൊക്കെ കിട്ടുന്ന ഒരു 'fairwell' ഇല്ലേ!!! ആ ദിനത്തിൽ അവിടുന്ന് പിരിഞ്ഞു പോകുന്ന ഒരുവന്, അവനെത്ര മോശം ജോലിക്കാരൻ ആയാലും ആ സ്ഥാപനവും സഹപ്രവർത്തകരും കൊടുക്കുന്ന മര്യാദയും അതെപോലെ ഒരുപക്ഷെ എത്ര മോശമായാണ് ആ സ്ഥാപനം അവനെ വെച്ചു പുലർത്തി വന്നത് എന്നിരിന്നാലും അവൻ തിരികെ ആ സ്ഥാപനത്തിന് കൊടുക്കുന്ന മര്യാദയും ഏവർക്കും അറിവുള്ളതല്ലെ. ഒരു കണക്കിനു മടക്കമില്ലാതെ സ്ഥാപനം വിട്ടിറങ്ങുന്ന പോലെ അല്ലെ ജീവൻ നിലച്ചു ഉറ്റവരെ ദുഖത്തിലാക്കി തിരിച്ചു വരവില്ലാത്ത മരണം എന്നാ ആ മഹാസത്യത്തെ മനുഷ്യൻ പുല്കുന്നത്.. അപ്പോൾ ആ ഒരു ദിവസം അവൻ അല്ലെങ്കിൽ അവൾ മര്യാദ അർഹിക്കുന്നില്ലേ, ഒരു മാന്യമായ യാത്ര അയപ്പ് മരണപെട്ടവർക്ക് നൽക്കേണ്ടേ???
ആകാശവാണിയിലെ വാർത്ത പോലെ ഒരുവന്റെ മരണവും കേട്ടറിവിൽ കുറച്ചു പൊടിപ്പും തൊങ്ങലുമൊക്കെ വെച്ച് മറ്റുള്ളവരോട് പറയുമ്പോൾ, ഒരു രാത്രി ഉറങ്ങാതെ കരഞ്ഞു കലങ്ങിയ കണ്ണുകളും, വരണ്ട തൊണ്ടയും, കരഞ്ഞു തളർന്നു കിടക്കുന്ന ഉറ്റവർ അത് കേൾക്കുന്നുണ്ട് എന്ന് നിങ്ങൾ ഓർക്കുക, മരണപ്പെട്ടവർക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെ അടുത്തിരുന്നു കുത്തി കുത്തി ഓരോന്ന് ചോദിക്കുന്നവർ ഓർക്കുക, മരണവീട്ടിൽ വന്നവർക്ക് ചായേം, കാപ്പിയും, കഞ്ഞിയും കൊടുത്ത് സത്കരിച്ചില്ല എന്ന് പറയുന്നവർ ഓർക്കുക മരണം എല്ലാവർക്കും വരും, നിങ്ങളോ നിങ്ങൾക്ക് പ്രിയപ്പെട്ടവരോ ഒക്കെ ഒരു ദിനം മരണപ്പെടും. മറ്റുള്ളവർക്ക് സംഭവിക്കുന്നതെന്തും നമ്മുടെ ജീവിതത്തിൽ സംഭവിക്കും വരേയ്ക്കും മാത്രമാണ് കഥകൾ എന്ന് മനസിലാക്കുക. ആഘോഷമാക്കാനും കഥകൾ മെനയാനും, മേനി നടിക്കാനും ജീവിതത്തിൽ സന്തോഷ അവസരങ്ങൾ ഒരുപാട് ഉണ്ടാകും അതിനു മറ്റൊരാളുടെ മരണമോ മരണ വീടോ തിരഞ്ഞെടുക്കാതിരിക്കുക...
കാരണം മരണം അതൊരു സത്യമാണ് അത് നിങ്ങളേയും പിടികൂടും, നിങ്ങളുടെ മരണ ദിനത്തിൽ അല്ലെങ്കിൽ നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ മരണ ദിനത്തിൽ ഒരു മര്യാദ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ആ മര്യാദ മറ്റുള്ളവർക്കും നല്കുക.....
മരണങ്ങളെ ആഘോഷമാക്കാതിരിക്കുക !!!
Comments
Post a Comment