കാരുണ്യം വിതറുന്ന കാരുണ്യ വിൽപ്പനക്കാരനും, പിന്നെ നന്മയുള്ള നാട്ടുകാരൻ ചേട്ടനും....

ഇന്നൊരു മോശം ദിവസായിരുന്നു!!! മിക്കപ്പോഴും പലരും പറഞ്ഞു കേക്കണതാണ്. എന്നാ നല്ല ദിവസം ആണേൽ അതൊട്ട് പറയാറുമില്ല. അതല്ലേലും അങ്ങനാന്നെ നെഗറ്റീവ് കാര്യങ്ങൾക്ക് നല്ല മൈലേജ് ലഭിക്കും നല്ല കാര്യങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാറുമില്ല. എന്താലും ഈ ഒരു ദിവസത്തിലെ എന്റെ ജീവിതത്തിലെ 2 അനുഭവങ്ങൾ പറയാം വായിച്ചിട്ട് നിങ്ങൾ തന്നെ തീരുമാനിക്ക്..
******************************
2021 ഫെബ്രുവരി മാസത്തിലെ ഒരു തിങ്കളാഴ്ച.
ഭാര്യക്ക് ഡ്യൂട്ടി ലൊക്കേഷൻ മാറിയത്തിനാൽ മുൻ നിശ്ചയച്ചതിൽ നിന്നും വഴി മാറി ഒരു ദിവസം താമസിച്ചു ഭാര്യ ഗൃഹത്തിൽ നിന്നും സ്വവസതിയിലേക്ക് പോകുവാനുള്ള മുന്നൊരുക്കത്തിലാണ് ഈയുള്ളവൻ. അന്നേരം ആണ് ആ വേളയിലെ നിശബ്ദത ഭംഗപ്പെടുത്തി എന്റെ ഫോണിന്റെ റിങ്ടോൺ പേടിപ്പെടുത്തും രീതിയിൽ ഉറക്കെ ശബ്ദിച്ചത്. സംഗതി പ്രിയ പാട്ടുകാരന്റെ ഒരു കവർ സോങ് ശകലമാണ് പക്ഷെ റിങ്ടോണിനു പറ്റിയതല്ല. എപ്പോൾ കേട്ടാലും പേടി വരും. തലേന്നു രാത്രി ഒന്ന് ഉറക്കം പിടിച്ചു വന്നപ്പോൾ ഇത് കേട്ട് ഞെട്ടി ഉണർന്ന ഭാര്യ പറഞ്ഞതൊക്കെ കേട്ട് അവസാനം സോപ്പിട്ടു കുളിക്കേണ്ടി വന്നു ആ ക്ഷീണം മാറാൻ ...
ഒരു ഇന്റർവ്യൂ കാൾ ആണ്, പതിവ് ചടങ്ങായ മാസ്സ് ഇൻട്രോ ക്കു ശേഷം അന്ന് തന്നെ ഇന്റർവ്യൂയും ഷെഡ്യൂൾ ചെയ്തു, കാലത്ത് 11 മണിക്ക് കരുനാഗപ്പള്ളി വെച്ചിട്ട് കാണാം എന്ന് സംസാരിച്ചു ഫോൺ വെച്ചു. പിന്നീടൊരു ഓട്ട പാച്ചിലായിരുന്നു. പ്രത്യേകിച്ച് പ്ലാനുകൾ ഒന്നുമില്ലാതിരുന്ന ഒരു പകൽ തിരക്ക് പിടിച്ചതായി മാറുന്നു. ഇന്റർവ്യൂ കോസ്ട്യുംസ് ഒന്നും കൈവശം ഇല്ലാത്തതിനാൽ ഭാര്യയെ ജോലി സ്ഥലത്ത് ആക്കി സ്വവസതിയിൽ എത്തിയിട്ട് വേണം ഇന്റർവ്യൂനു വെച്ച് പിടിക്കാൻ..

ഭാര്യ വീട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി ബൈക്കിൽ ലക്ഷ്യം സ്ഥാനത്തേക്ക് കുതിച്ചു കൊണ്ടിരിക്കെ എന്തോ കുതിപ്പിനിടയിൽ വണ്ടിക്ക് ഒരു കിതപ്പ് പോലെ. പണി പാളിയല്ലോ എന്ന് മനസ്സിൽ വിചാരിച്ചു തീരും മുന്നേ വണ്ടി ചാടി ചാടി നിന്ന്.
വേറെ വഴി ഇല്ലാതെ സഹധർമിണിക്ക് മുഖം കൊടുക്കാതെ വണ്ടി തള്ളൽ ആരംഭിച്ചു. ഫ്രീ ആയി വിറ്റാമിൻ ഡി തരുന്നതിനൊപ്പം സൂര്യൻ ശരീരവും ചുട്ടു പൊള്ളിക്കാൻ ഒട്ടും മടി കാട്ടിയില്ല. അപ്പോഴത്തെ വെപ്രാളത്തിനും ആവേശത്തിനും അടുത്തുണ്ടായിരുന്ന പെട്രോൾ പമ്പ് ഓർക്കാതെ ഏതാണ്ട് 1 km ദൂരെ ഉള്ള പെട്രോൾ പമ്പ് ലക്ഷ്യമാക്കിയാണ് തള്ളൽ.
ഒരു ചെറിയ കയറ്റം കേറുമ്പോഴേക്കും ആവേശം ഒക്കെ കെട്ടടങ്ങി. സഹായത്തിനു ഭാര്യയെ വിളിച്ചാൽ സീൻ കോൺട്രാ ആകുമെന്നതിനാൽ ഉന്തിയും തള്ളിയും, മുക്കിയും മൂളിയുമൊക്കെ ഒരു വിധത്തിൽ അടുത്ത ജംഗ്ഷനിൽ എത്തിച്ചു.

അവിടെ ഒരു അടഞ്ഞു കിടന്ന കടയുടെ മുന്നിൽ വണ്ടി വെച്ച്, കയ്യിലുണ്ടാരുന്ന കുടിവെള്ള കുപ്പിയുമായി പോകാനൊരുങ്ങവേ ഒരു ചേട്ടൻ ഒരു ഹോണ്ട ഡിയോയുമായി അവിടേക്ക് എത്തി, ആ ചേട്ടനോട് അദ്ദേഹത്തിന്റെ കട ആണെന്ന് കരുതി അനുവാദം ചോദിച്ചു നടന്നു തുടങ്ങവേ അദ്ദേഹം തിരികെ വിളിച്ചു അദേഹത്തിന്റെ വണ്ടിയുമായി പോയി എണ്ണ വാങ്ങി വരാൻ ആവശ്യപെട്ടു സ്നേഹപൂർവ്വം അത് നിരസിച്ച എന്നെ അദ്ദേഹം അൽപ്പം അധികാര ഭാവത്തിൽ നിർബന്ധിച്ചു താക്കോൽ തന്നു വിട്ടു, എന്നിട്ട് ഒരു ചെറു ചിരിയോടെ അടുത്ത കടക്കുള്ളിലേക്ക് കയറിപ്പോയി. വല്ലാത്ത ഒരു അത്ഭുതത്തോടെ അതിലേറെ സന്തോഷത്തോടെ ഞാൻ വണ്ടിയെടുത്ത് നേരെ പമ്പിലേക്ക് വിട്ടു. എനിക്കാളേറെ സന്തോഷത്തോടെ എന്നെയും കാത്ത് നിക്കുന്ന ഭാര്യേടെ മുഖം മിററിലൂടെ നോക്കി ആസ്വദിച്ചു എണ്ണയൊക്കെ വാങ്ങി തിരികെ എത്തിയപ്പോൾ ആ മനുഷ്യൻ ലോട്ടറി തട്ടൊക്കെ ശരിയാക്കി വെച്ചതിനു ശേഷം നേരത്തെ ഉള്ളിലേക്ക് പോയ ചായക്കടയിൽ നിന്നും പ്രാതൽ കഴിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. വാക്കുകളാലും, മനസ്സ് നിറഞ്ഞ ഒരു ചിരിയാലുമൊക്കെ നന്ദി പറഞ്ഞു വാങ്ങി വന്ന പെട്രോൾ ഒക്കെ ഊറ്റി ഒഴിച്ചു ഒരിക്കൽ കൂടി ഞങ്ങൾ നന്ദി പറയാനും യാത്ര പറയാനും ആ ചായ കടയിൽ കയറി. യാത്ര പറയാൻ ചെന്ന ഞങ്ങളെ ഒരിക്കൽ കൂടി അത്ഭുതപ്പെടുത്തി അദ്ദേഹം ആഹാരം കൂടി കഴിക്കാൻ ക്ഷണിക്കുകയാണുണ്ടായത്!!!
മുൻപത്തെ പോലെ നിർബബന്ധിച്ചാൽ ഞാൻ ചെലപ്പോൾ കേറി ഇരുന്ന് കഴിച്ചേക്കും എന്നാ ഭയന്നാകണാം, "ഞങ്ങൾ ഭക്ഷണം കഴിച്ചു എന്നും, ജോലിക്കു കയറേണ്ട സമയമായി" എന്നും പറഞ്ഞത് ഭാര്യ എന്നെയും വലിച്ചു കൊണ്ട് പുറത്തേക്കിറങ്ങി....
കുറച്ചു മുന്നേ വരേയ്ക്കും ഹാ എത്ര മോശം ദിവസാണ് ഇത് എന്നോർത്തു ഇരുന്ന എന്റെ മനസ്സ് അപ്പോൾ സന്തോഷം കൊണ്ട് വല്ലാത്ത ഒരവസ്ഥയിലായിരുന്നു അപ്പോൾ. എന്റെ പിന്നിലിരിക്കുന്ന ഓൾടെ അവസ്ഥയും അങ്ങനെ തന്നെ ആയിരുന്നിരിക്കണം, ആ മുഖത്തു അത് കാണാനുണ്ടായിരുന്നു...
നേരത്തെ എണ്ണ അടിച്ച അതെ പമ്പിൽ കേറി കുറച്ചൂടെ എണ്ണ അടിച്ചു ഞങ്ങൾ യാത്ര തുടർന്നൂ.......

ഏതാണ്ട് 10-15 മിനിറ്റ് പതിവിലും താമസിച്ചാണ് അന്ന് ഭാര്യയെ ഓഫീസിലെത്തിക്കാൻ കഴിഞ്ഞത് എങ്കിലും ഇന്റർവ്യൂനു സമയത്തിന് എത്താം കഴിയും എന്ന ആശ്വാസത്തിൽ വീണ്ടും മുന്നോട്ട്. ഏകദേശം കരുനാഗപ്പള്ളി ടൌൺ ഒക്കെ കഴിഞ്ഞ് ആലുംകടവ് റോഡിൽ പ്രവേശിച്ചു കുറെ ആയപ്പോൾ വണ്ടിക്ക് വീണ്ടും ഒരു ഏനക്കേട്, വണ്ടി വല്ലാണ്ട് പാളുന്നു. പണ്ടേ അസുഖകാരനായ ബാക്ക് ടയർ പണി തന്നു പങ്ചർ. ശുഭം വീട്ടിലേക്ക് ഇനിയുമുണ്ട് ഏകദേശം മൂന്നു നാല് കിലോമീറ്റർ സമയം 10:15 ആകുന്നു, പതിനൊന്നു മണിക്ക് അഭിമുഖ സംഭാഷണത്തിന് എത്താം എന്ന് ഏറ്റതാണ്, ഒന്നും ആലോചിച്ചില്ല സമീപത്തെ കടയോരത്തു വണ്ടി വെച്ചിട്ട് രണ്ടും കൽപ്പിച്ചങ് നടന്നു. എത്തുന്നേൽ എത്തട്ടെ ശ്രമിച്ചില്ല എന്ന് വേണ്ട. നടക്കുന്ന വഴിക്ക് വീട്ടിലേക്കും, സുഹൃത്തുക്കളെയും ഒക്കെ വിളിച്ചു, ചിലരെ കിട്ടീല, മറ്റു ചിലർ തിരക്കിലാണ്. വീണ്ടും ദിവസത്തെ ശപിച്ചു കൊണ്ട് ആഞ്ഞു നടന്നു. ഒപ്പം വരുന്ന ബൈക്കുകൾക്ക് എല്ലാം കൈകാണിക്കുന്നുണ്ട്. ആരും നിർത്തീല, കുറ്റം പറയാൻ പറ്റില്ല കൊറോണ കാലമാണ്. കൈ കാണിച്ചു നിരാശനായപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു നടത്തം അല്പം കൂടി വേഗത്തിലാക്കി. ഏകദേശം 1 കിലോമീറ്റർ അടുപ്പിച്ചു നടന്നിട്ടുണ്ടാകും ആരംബാവേശം ഒക്കെ തണുത്ത് തുടങ്ങി, ശീലമില്ലാത്ത പ്രവർത്തി ആയത് കൊണ്ട് കാലുകൾ ഒക്കെ തെറിവിളിച്ചു തുടങ്ങി, വഴിയരുകിൽ ഫോൺ വിളിച്ചു നിന്ന ബൈക്ക് യാത്രികനെ കടന്നു നടന്നു പോയപ്പോൾ ഒരു ശൂ ശൂ വിളി. ബൈക്കിലിരുന്ന ചേട്ടൻ ആണ്. "എങ്ങോട്ട് പോകുവാ?" എന്നൊരു ചോദ്യവും, എന്ത് പറയണം എന്ന് ആദ്യം ഒന്ന് കൺഫ്യൂഷൻ ആയത് കൊണ്ട് വീട്ടിലേക്കു എന്നാരുന്നു എന്റെ മറുപടി(പുള്ളി എന്ത് കരുതിക്കാണുമോ എന്തോ), "ബാ ഞാൻ ആവഴിക്കാണ് , ഞാനാക്കി തരാം " എന്ന് കേൾക്കേണ്ട താമസം ഞാൻ ചാടിക്കേറി ഇരുപ്പായി. പിന്നെ പുള്ളി സ്വയം പരിചയപ്പെടുത്തി, ഞാൻ ബിനുവിന്റെ ചേട്ടനാണ്. അപ്പോഴാണ് മാസ്കിനു പിന്നിലെ വ്യക്തിയെ മനസിലായത്, ന്റെ സഹോദരന്റെ സഹപാഠിയും ആ വഴിക്ക് എന്റെ പരിചയക്കാരനുമൊക്കെയാണ് ബിനു, ഇപ്പോൾ പോലീസിൽ ആണ്. എന്തായാലും കുറച്ചു കുശലന്വേഷണവും, പൊതുകാര്യങ്ങളുമൊക്കെ സംസാരിച്ചു പുള്ളി എന്നെ വീടുവരേക്കും എത്തിച്ചു. സ്വതസിദ്ധമായ 70 mm ചിരി പാസ്സാക്കി നന്ദി പ്രകാശിപ്പിച്ചു ഞാൻ വീടെത്തി...

സമയത്തു എത്തിച്ചേരാൻ പറ്റില്ല എന്ന എന്റെ വേവലാതികളെ കാറ്റിൽ പറത്തി കൃത്യം 11 മണിക്ക് തന്നെ സ്പോട്ടിൽ എത്തിച്ചേരുവാനും അഭിമുഖത്തിൽ പങ്കെടുക്കുക എന്ന കാര്യവും സാധിച്ചു. മോശപ്പെട്ട ദിവസത്തിൽ ഉണ്ടായ 2 മോശം അനുഭവം സുമനസ്സുകളുടെ സഹായത്താൽ എന്നും ഓർക്കുവാൻ കഴിയുന്ന ഒരു നല്ല ദിവസമായി ആ ദിവസം മാറി..

********************************************
നമ്മുടെ ഒക്കെ ജീവിതത്തിൽ മ്മളൊക്കെ എപ്പോഴും പറയുന്ന പോലെ നല്ല ദിവസം ചീത്ത ദിവസം എന്നിങ്ങനെ ഒന്നുമില്ല. എല്ലാ ദിവസങ്ങളും നല്ല ദിവസങ്ങൾ ആണ് നമ്മൾ അങ്ങനെ ചിന്തിക്കുക ആണെങ്കിൽ. ഇനീപ്പോ ഇച്ചിരി മോശം കാര്യങ്ങൾ ഉണ്ടായാൽ, അതിലേ പോസിറ്റീവ് വശം കണ്ടെത്താൻ ശ്രമിക്കുക. ക്രമേണ കാര്യങ്ങൾ ഒക്കെ നല്ലതായി മാറും നമ്മൾക്ക്.
 നമ്മുടെ മോശം ദിനങ്ങൾ സമയങ്ങൾ നല്ലതാക്കാൻ ആരേലുമൊക്കെ നമ്മുടെ അടുത്തേക്ക് എത്തും ഒപ്പം നമുക്ക് അവസരം ലഭിക്കുമ്പോൾ മറ്റുള്ളോരുടെ ദിവസം നന്നാക്കാൻ ഉള്ള ശ്രമങ്ങൾ നമ്മുടെ പക്കൽ നിന്നും ഉണ്ടാവുകയും വേണം 

നമ്മൾ ജീവിതത്തിൽ കാണുന്ന പരിചയപ്പെടുന്ന ഒരോ വ്യക്തിക്കും നമ്മളിൽ സ്വാധീനം ചെലുത്തുവാൻ കഴിയുന്ന എന്തേലും ഒരു വശം കാണും അവര് രണ്ടു പേരെ പോലെ, നേരെ തിരിച്ചു എന്റെ കാര്യം വെച്ച് പറയുകയാണേൽ നിങ്ങൾ വഴി അരുകിൽ കാണുന്ന ഓരോത്തർക്കും ഇതേപോലെ എന്തേലും സഹായം ആവശ്യമുള്ളവർ ആകാം, എന്തേലുമൊക്കെ അത്യാവശ്യം ഉള്ളവർ ആകാം. കഴിയുമെങ്കിൽ അവരെ സഹായിക്കുക, അതുകൊണ്ടൊരിക്കലും നിരാശപെടേണ്ടി വരില്ല .......
*******************************************

ഇപ്പോൾ നിങ്ങക്കൊക്കെ ഒരു സംശയം ഉണ്ടാകും ഇന്റർവ്യൂ എന്തായി എന്നല്ലേ???

ഞാൻ പണ്ടുമുതൽക്കെ പഠിച്ചത് "വിജയിക്കുക അല്ല പ്രധാനം പങ്കെടുക്കുക എന്നതാണ്" എന്നാണ്!!!

ഒരോ വ്യക്തികളെ പരിചയപ്പെടുമ്പോഴും, ആ കൂടിക്കാഴ്ചയിൽ നിന്നും മിക്കപ്പോഴും സൂക്ഷ്മമായ നിരീക്ഷിച്ചാൽ നമുക്ക് പുതിയത് എന്തേലും ലഭിക്കും, നമ്മുടെ ന്യൂനതകൾ സ്വയം മനസിലാക്കുവാനും, തെറ്റുകൾ തിരുത്തി മുന്നേറുവാനും അതുമൂലം സാധിക്കും, അങ്ങനാണ് എന്റെ വിശ്വാസം.

അതോണ്ട് ഇതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ അങ്ങെടുക്കുക..
അവർക്കു യോഗല്യ കുട്ട്യോളെ 😜😜.....

********************************************
NB: ഞാൻ പരാമർശിച്ച ലോട്ടറി വിൽക്കുന്ന ചേട്ടൻ കൊല്ലം കാങ്കത്തു മുക്കിൽ ഹൈവേ സൈഡിൽ ആ വളവിൽ റോഡിന്റെ പടിഞ്ഞാറു ഭാഗത്തു നിൽക്കുന്ന വലിയ മരത്തിന്റെ പിന്നിലായി ആണ് ലോട്ടറി വിൽക്കാനായി ഇരിക്കുന്നത്. ലോട്ടറി എടുക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ നിങ്ങളുടെ ആ വഴിക്കുള്ള യാത്രയിൽ എപ്പഴേലും പേര് അറിയാത്ത ആ ചേട്ടന്റെ പക്കൽ നിന്നും ലോട്ടറി എടുക്കുവാൻ ശ്രമിക്കുമല്ലോ അത് അദ്ദേഹത്തിനും കുടുംബത്തിനും ഒരു സഹായമാകും...
********************************************
                         🙏🙏🙏

~ rsk ~

Comments

Popular posts from this blog

🚌 ചെയിൻ(ഡ്) സർവീസ് 🚌

ആന കൊടുത്താലും ആശ കൊടുക്കരുത്...

നോട്ടവീക്ഷണം