എന്നാലും അതെന്താ അങ്ങനെ???ഭാഗം - 1
എന്നാലും അതെന്താ അങ്ങനെ???
ഭാഗം - 1
*ആമുഖം*
കാലകാലങ്ങളായി നമ്മൾ നിത്യ ജീവിതത്തിൽ ചെയ്തു വരുന്നതും കണ്ടു വരുന്നതുമായ പല കാര്യങ്ങളും എന്ത് കൊണ്ട് അങ്ങനെ ആയി എന്ന് ചിന്തിക്കാത്തവരാണ് നമ്മളിൽ ഭൂരിപക്ഷവും. ജീവിതത്തിന്റെ ഈ തിരിക്കിനിടയിൽ അതിനുള്ള സമയമോ, സന്ദർഭമോ ഒന്നും കണ്ടെത്താൻ ഈ ഭൂരിപക്ഷത്തിന് കഴിയുന്നില്ല എന്നതാണ് വസ്തുത.
ഈ ഭൂരിപക്ഷത്തിൽ ഒരുവനായ ഞാനും ഇങ്ങനെയൊക്കെ ചിന്തിക്കാൻ ഒരു കൊറോണയും അതിനെ തുടർന്നുള്ള ലോക്കഡൗണും വേണ്ടി വന്നു എന്നത് ആണ് ബഹുരസം.
ഇങ്ങനെ ഒരു ആശയം പങ്കുവെച്ചപ്പോൾ എന്റെ സുഹൃത്തും, ഒപ്പം ഈ കാര്യങ്ങളിൽ എന്നേക്കാൾ വട്ട് അല്പം കൂടി നിക്കുന്ന ഒരു ജനുസ്സിൽ പെട്ട പ്രിയ അമൃത് രാജ് തന്ന ആശയവും ആയി ആദ്യ ഭാഗത്തിലേക്ക് കടക്കുകയാണ്...
ഇതിൽ പറഞ്ഞിരിക്കുന്നത് പൂർണമായും ശരിയാകണം എന്നില്ല, കേട്ടറിവും, വായിച്ചറിഞ്ഞതുമായ കാര്യമാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ചൂണ്ടി കാണിക്കുക...
ഒരറിവും ചെറുതല്ല, കൊടുക്കും തോറും അത് ഏറിടും എന്ന് എല്ലാവരെയും സവിനയം ഓർമിപ്പിച്ചുകൊണ്ട് തുടങ്ങുന്നു...
*******************************************
ഭാഗം -1
ഈ ആണുങ്ങളുടെ കുപ്പായത്തിന്റെ ബട്ടൺ ഒക്കെയും എന്താ വലത് വശത്തു ആയതു? എന്നാലും എന്താകും അത് ഇടതു വശത്തു വരാതിരുന്നത്???
സ്റ്റൈലിന്റെ ഭാഗമായി ഇപ്പോൾ പുരുഷന്മാരുടെ കുപ്പായതിന്റെ ബട്ടൺ പല രീതിയിൽ വരാറുണ്ട്, എങ്കിലും സാധാരണ ആയി കണ്ടു വരാറുള്ളത് വലതു വശത്തു ബട്ടൺ വരുന്ന രീതിയാണ്.
ഇതിനെ കുറിച്ച് അന്വേഷിച്ചു എത്തിയത് കുറെ ഏറെ വർഷങ്ങൾ പിന്നിലോട്ട് ആണ്, എത്ര വർഷം എന്ന് ചോദിച്ചാൽ ഈ കുപ്പായവും ബട്ടണും ഒക്കെ ഉണ്ടായി തുടങ്ങിയപ്പോൾ എന്ന് പറയേണ്ടി വരും.
ആ കാലങ്ങളിൽ ഒക്കെയും പുരുഷന്മാർ കുപ്പായതിനുള്ളിൽ ആയുധങ്ങൾ സൂക്ഷിക്കുക പതിവായിരുന്നത്രെ !!!
ഈ ആയുധങ്ങൾ കുപ്പായതിന്റെ ഉള്ളിലായി ഇടത്തു വശത്തായി ആയി ആണ് സൂക്ഷിച്ചു പോരുന്നത്.
ഈ ആയുധങ്ങൾ അവശ്യ സമയത്ത് വളരെ എളുപ്പത്തിൽ എടുക്കുവാൻ വേണ്ടി ആയിരുന്നു ബട്ടൺ കുപ്പായതിന്റെ വലതു വശത്താക്കിയത്. അതാകുമ്പോ കുപ്പായതിന്റെ കുടുക്ക് ഇടതു കൈ കൊണ്ട് അഴിച്ചു വളരെ എളുപ്പത്തിൽ വലത് കൈ കൊണ്ട് ഉപയോഗിക്കാൻ സാധിക്കുമായിരുന്നു..
പിന്നീട് ആയുധങ്ങൾ അങ്ങനെ കൊണ്ട് നടക്കേണ്ട ആവശ്യകത ഇല്ലാത്തയെങ്കിലും ഇപ്പോഴും ആ രീതി പിന്തുടർന്ന് പോരുന്നു എന്നതാണ് കാര്യം....
*******************************************
ഈ ഒരു ചോദ്യത്തിന് പല സ്ഥലങ്ങളിൽ നിന്നും വിവിധങ്ങളായ ഉത്തരങ്ങൾ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു, പക്ഷേ, ഏറെ സ്വീകാര്യത ഉള്ള ഒരു വിശദീകരണമാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്..
ഭൂരിപക്ഷം ആൾക്കാരും വലതു കൈ ഉപയോഗിക്കാൻ വശ മുള്ളവരാണെന്നും അവർക്ക് അനുകൂലമായി ആണ് ഇങ്ങനെ എന്നൊക്കെ മറ്റു പല വാദ മുഖങ്ങൾ ഉണ്ടെങ്കിലും ഏറ്റവും സ്വീകാര്യമായത് മുകളിൽ പറഞ്ഞ കാരണം തന്നെയാണ്. പഴയ കാല
യൂറോപ്യൻ രീതിയിൽ വാളുകളും, കത്തികളും ഉപയോഗിച്ചിരുന്നപ്പോഴും, പിന്നീട് അവ തോക്കുകൾക്ക് വഴി മാറിയപ്പോഴും ബട്ടണുകൾ വലത് വശത്തായത് ആയുധങ്ങളുടെ ഉപയോഗത്തിന് വേഗത കൂട്ടുന്നു എന്നാ കാരണമാണ് കൂടുതൽ വ്യക്തവും സ്വീകാര്യവും ആയ കാരണം.
ഇപ്പോഴും എന്താ കാരണം എന്നറിയാതെ ഈ ഒരു രീതി ആവർത്തിച്ചു വരുന്നു !!!
*******************************************
പിൻകുറിപ്പ് :
ഈ ഒരു കാര്യം അന്വേഷിച്ചു പോയപ്പോഴാണ് മറ്റൊരു രസകരമായ ഒരു കാര്യം കിട്ടിയത്. പുരുഷന്മാരുടെ കുപ്പായത്തിന്റെ ബട്ടൺ കൂടുതലും വലത് വശത്താണെൽ സ്ത്രീകളുടെ ഇടത്തു വശത്ത് ആണത്രേ !! അതിനുള്ള വിശദീകരണം കൂടി ഇട്ടിട്ട് ആദ്യ ഭാഗം അവസാനിപ്പിക്കുകയാണ്.
പണ്ട് കാലത്തൊക്കെയും അത്യാവശ്യം ഉന്നത കുല ജാതരായതും, ഉയർന്ന സാമ്പത്തിക ശേഷി ഉള്ള വീടുകളിലെ സ്ത്രീകൾക്കൊക്കെയും ധാരാളം സ്ത്രീ പരിചാരകർ ഉണ്ടായിരുന്നു. ഈ പരിചാരകർ ആണത്രേ ഈ കുടുംബങ്ങളിലെ സ്ത്രീകളെ കുപ്പായം അണിയിപ്പിക്കുന്നത്. അവർക്ക് കുപ്പായം അണിയിക്കുവാനുള്ള സൗകര്യാർത്ഥം ആണത്രെ സ്ത്രീകളുടെ കുപ്പായതിന്റെ ബട്ടൺ ഇടത്തു വശത്തു വന്നത്!! പൊതുവെ സമ്പന്നരെയും, യൂറോപ്യൻ നാടുകളിലെ രീതിയും ഒക്കെ പിന്തുടരാനുള്ള ഒരു വ്യഗ്രത നമ്മുടെ നാട്ടിലും ഉള്ളതിനാൽ ഇപ്പോഴും പല കാര്യങ്ങൾ അങ്ങനെ തുടർന്ന് വരുന്നു എന്ന് മാത്രം.
ഏതേലും ഒരു ഡിസൈനർ കമ്പനിക്കാർ മറിച്ചു ചിന്തിക്കുന്നത് വരെയും അതിങ്ങനെ തന്നെ തുടരുകയും ചെയ്യും !!!
*******************************************
~rsk~
Comments
Post a Comment