ഒരിടത്തു ഒരിടത്തു ഒരു പെൺകുട്ടിയെ കാണ്മാണ്ടായ കഥ!!!

മോട്ടൂനെ കാണ്മാനില്ല!!!

"ഈ ഫോട്ടോയിൽ കാണുന്ന യുവതി വവ്വാക്കാവിൽ നിന്നും അല്പം മുൻപ്  കാണാതായി. കാണാതാകുമ്പോൾ പച്ച നിറത്തിലുള്ള ടോപ്പും കറുത്ത പാന്റും ആയിരുന്നു ധരിച്ചിരുന്നത്"

ഈ മെസ്സേജ് ഫോണിൽ ടൈപ്പ് ചെയ്തു മോട്ടുവിന്റെ ഫോട്ടോയും വെച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലൊക്കെ ഇടുന്നതിനു മുന്നേ ഞാൻ സനലിനെ കാണിച്ചു, "ടാ ഇതിങ്ങനെ പോരെ" മെസ്സേജ് വായിച്ചിട്ട് അവൻ എന്നെ ചീത്ത വിളിച്ചില്ല എന്നെ ഉള്ളു.  "ടെൻഷൻ അടിച്ചു ഇരിക്കുമ്പോഴാണോടാ........
നീ പോയി  രാജമ്മയോട് പെട്ടെന്ന് വരാൻ  പറ"...

ഈ കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസം  രാത്രി നടന്ന കുറച്ചു സംഭാഷണ ശകലങ്ങളാണ് മുകളിൽ പറഞ്ഞത്. ഇനി കാര്യത്തിലേക്ക് കടക്കാം....

ഞാനും  സുഹൃത്തു സനലും, പ്രദീപ്‌ അണ്ണനും ഒക്കെ കൂടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭയങ്കര psc പഠനത്തിലാണ്. അടുത്ത് തന്നെ ഉള്ള PSC എക്സാം ഒക്കെ ചാടിക്കടക്കാൻ വൈകി വന്ന ഒരു വിവേകം  ആയിരുന്നു ഈ കൂട്ടായ പരിശീലനം. സനൽ തുടങ്ങിവെച്ച  കമ്പ്യൂട്ടർ, ലാപ്ടോപ് സർവിസിങ് സ്ഥാപനത്തിലാണ് പഠനം. ജോലി ഒക്കെ കഴിഞ്ഞ്  അവർ രണ്ടും 7 മണിയോടു കൂടി എത്തും, രാത്രി 9:30 ഒക്കെ ആകുമ്പോൾ പിരിയുകയും ചെയ്യും. ചില ദിവസങ്ങളിൽ തട്ട് ദോശയൊക്കെ അടിച്ചിട്ട് 10  മണി കഴിഞ്ഞും ഒക്കെ പോകാറുണ്ട്.
അങ്ങനെ ഒരു പഠന ദിവസത്തെ കാര്യാണ് പറഞ്ഞു വരണേ. എന്തോ അത്യാവശ്യം ഉള്ളതു കൊണ്ട്  പ്രദീപ്‌ അണ്ണൻ അന്നേ ദിവസം എത്തിയിട്ടില്ല, പിറ്റേ ദിവസം രാവിലെ ഏതോ ഒരു കമ്പിനിയിലെ ഒരു HR - നെ കാണൽ ചടങ്ങ് ഉള്ളോണ്ട് ഞാൻ പതിവിലും നേരത്തെ എല്ലാം പെറക്കികെട്ടി പോകാനിറങ്ങുമ്പോ മുന്നിൽ ചാടി വീണു മോട്ടു. "വലിയമ്മാവ കുഞ്ഞമ്മാവ ഒരു സഹായം വേണം. 

എന്നെ വലിയമ്മാവൻ എന്നും സനലിനെ  കുഞ്ഞമ്മാവൻ എന്നുമാണ് 
മോട്ടു വിളിക്കുന്നെ, ഞങ്ങളുടെ  രണ്ടു പേരുടെയും പുരോഗമന ആശയങ്ങളുടെ മൂപ്പ് അനുസരിച്ചു ആണ് അമ്മാവൻ വിളി വന്നു വീണത്.ഇനി മോട്ടു ആരാണെന്നല്ലേ മ്മടെ ചങ്ക് സുഹൃത്തു അമൃത് രാജിന്റെ സഹോദരി ആണ്. സംഗതി ആൾക്ക് ഒരു വർഷത്തിനകം  ഡോക്ടറേറ്റ് കിട്ടും, സൈക്കോളജിയിൽ ഗവേഷണ വിദ്യാർത്ഥി ആണ് , വിഷയം  സൈക്കോളജി ആയോണ്ടാണോ അതോ മോട്ടുന്റെ സ്വഭാവം അങ്ങനെ ആയോണ്ടാണോ എന്നറിയില്ല ഇടക്ക് ഒരു മാതിരി തീരെ പൊടിപിള്ളേരുടെ സ്വഭാവമാണ്, ചിലപ്പോൾ 10 പൈസേടെ കുറവ് എവിടേയോ ഉണ്ടല്ലോ എന്ന് തോന്നുമ്മാർ ആണ് പ്രവർത്തി. 
ആള് പറഞ്ഞിട്ട് ചെയ്ത് കൊടുത്തില്ലേൽ എന്താ ചെയ്യുക എന്നറിയില്ല, ചെലപ്പോൾ സൈക്കിളിന്റെ ടയറിന്റെ കാറ്റെങ്ങാണം ഊരിവിട്ടാലോ എന്ന പേടിയിൽ കാര്യം എന്താന്ന് പോലും ചോദിക്കാതെ ഞാൻ സമ്മതിച്ചു. തിരിഞ്ഞ് നോക്കിയപ്പോ മ്മടെ മണിച്ചിത്രതാഴ് സിനിമയിൽ കസേര എടുക്കാൻ പറയുന്ന സീനിലെ നെടുമുടി വേണുവിനെ കൂട്ട് എന്നോട് കണ്ണ് കാണിക്കുവാണ് സനൽ, ഞാൻ തിരിച്ചു ഇന്നസെന്റ് ആയി ചെയ്തേക്കാം എന്ന് തിരിച്ചു കണ്ണ് കാണിച്ചു, മോട്ടുന്റെ അടുത്ത് നിക്കണത് ഞാനാണേ അവനു റിസ്ക് ഇല്ല...

ഞാൻ കാര്യം ചോദിച്ചു എന്ത് സഹായം  ആണ് വേണ്ടത്???

ദേ ഇവിടെ ഒക്കെ ഉള്ള ഈ പോച്ച(പുല്ലു ചെത്തുന്ന കാര്യമാണ് ഞങ്ങടെ നാട്ടുഭാഷയിൽ  പോച്ച എന്നും പറയും) ഒക്കെ ഒന്ന് വെട്ടി ക്ലിയർ ആക്കണം, കുറച്ചു ചെടി വെക്കാനാണ്. ഹൈവേ സൈഡ് ചൂണ്ടി കാണിച്ചു ഞങ്ങളോട് പറഞ്ഞു. ഇന്നോ നാളെയോ എന്ന് കണക്കിന് ഹൈവേക്ക് വീഥികൂട്ടാൻ എടുത്തിട്ടിരിക്കുന്ന ഈ സ്ഥലമോ എന്ന് ഞങ്ങൾ  ചോദിച്ചത് ഒരുമിച്ചായിരുന്നു, വളരെ പെട്ടെന്നു നിഷ്കളങ്കമായ ഒരുത്തരവും കിട്ടി (ആ ഉത്തരവും  അതിന്റെ പിന്നിലുള്ള കാര്യങ്ങളും ഒക്കെ അടുത്ത ഒരു പോസ്റ്റിൽ ഉൾപ്പെടുത്താം). ആ ഉത്തരത്തിനു പിന്നിലെ കാര്യവും ആഗ്രഹവും ഉൾക്കൊണ്ട് ഞങ്ങൾ  ആ കർമം ഏറ്റെടുത്തു.

2 ദിവസമായി മോട്ടു തന്നെ അവിടൊക്കെ കുത്തി കിളച്ചു ഇട്ടിട്ടുണ്ട് പക്ഷെ ഫിനിഷിങ് ഇല്ല. അതിനാണ് പുരുഷന്മാരായ ഞങ്ങളെ ഏൽപ്പിച്ചത്. പണി ആയുധമായി ഒരു ചെറിയ ചെടിയുടെ ഇട കിളക്കുന്ന ഒരു സാധനവും  കിട്ടി. പാറ പോലെ കിടക്കുന്ന ആ സ്ഥലത്ത് നന്നായി വേരിറങ്ങിയ പോച്ചക്ക് എത്ര കിളച്ചിട്ടും, കുത്തിയിട്ടും ഒരനക്കവും ഇല്ല. വിയർപ്പിന്റെ അസുഖം ഉള്ള ആയുധം സനലിനു കൈമാറി  ഒരു വെളിപ്പെടുത്തൽ നടത്തി "ഇതുകൊണ്ട്  നടപ്പില്ല  മൺവെട്ടി വേണം, നമുക്ക് മൺവെട്ടി ഒക്കെ ഒപ്പിച്ചു നാളെ ചെയ്യാം" എന്റെ പ്രഖ്യാപനം കേട്ട സനലിനും  
സന്തോഷായി, എന്നാപ്പിന്നെ അങ്ങനെ ആകട്ടെ അപ്പോൾ ശെരി മോട്ടു എന്ന് യാത്ര പറഞ്ഞു, മുങ്ങാനുള്ള ഞങ്ങളുടെ പരുപാടി മനസിലായ മോട്ടു, ദേ ഞാൻ മമ്മട്ടി (മൺവെട്ടി പറഞ്ഞു ലോപിച്ചതാ) ഇപ്പോൾ വരാം എന്നും പറഞ്ഞു ഒറ്റ പോക്ക്. ഒരു രണ്ടു മിനുട്ടിനുള്ളിൽ സാധനവും ആയി  ആളെത്തി. അടുത്ത വീട്ടിന്നെവിടുന്നോ ഒപ്പിച്ചതാണ്. മൺവെട്ടി എന്നെ നോക്കി ചിരിച്ചു, ഞാൻ  സനലിനെ നോക്കിയും....

"കുനിഞ്ഞു ഒരു കുപ്പ പോലും എടുക്കാത്തൊൻ" എന്നാ നോട്ടോറിയസ് ദുഷ്‌പേര് എനിക്കുള്ളോണ്ടും, ജോലി ചെയ്താൽ  പിന്നെ എനിക്ക് ഫുഡും വെള്ളവും ഒക്കെ വാങ്ങി തരേണ്ടി വരും  എന്നുള്ള പ്രശ്നം കൊണ്ട് ഇച്ചിരി ശരീരം അനങ്ങിയാലും വേണ്ടിയില്ല ഞാൻ തന്നെ ചെയ്തേക്കാം എന്ന ഇക്കണോമിക്കൽ മൂവ്  ആണ്  നല്ലതെന്നു മനസിലാക്കി സനൽ ആ കർമം  ഏറ്റടുത്തു..
ഞാൻ വെറുതെ നിന്നില്ല കൃത്യമായി അൽപ്പമെങ്കിലും പോച്ച  ബാക്കിയുള്ള എല്ലാ സ്ഥലങ്ങളും  സനലിനു ചൂണ്ടി കാണിച്ചു കൃത്യമായി  എല്ലാം സനലിനെ കൊണ്ട് ചെയ്യിച്ചു കാര്യങ്ങൾ വെടിപ്പാക്കി...

ഞങ്ങൾ  ഈ അലങ്കോല പരിപാടികൾ ചെയ്യുന്ന സമയം നാട്ടുകാരും അയൽക്കാരും സുഹൃത്തുക്കളും ഒക്കെ വന്നു കുശാലാന്വേഷണം നടത്തി പോയി. അതിൽ ലാലണ്ണനും, നന്ദകുമാറും, പേരറിയാത്ത ഒരു മാമനും ഒക്കെ പെടും. സംഗതി മോട്ടുന്റെ നേത്രത്വത്തിൽ ഉള്ള പരുപാടി ആയതിനാൽ ആരും കൂടുതൽ ഒന്നും ചോദിച്ചതുമില്ല പറഞ്ഞതുമില്ല, എല്ലാർക്കും എന്തോ മോട്ടുനോട് ഭയങ്കര ബഹുമാനം  ആണ്.!!!

എന്തായാലും കാര്യങ്ങളൊക്കെ ഭംഗിയായി അവസാനിച്ചു 9 മണിക്ക് പോകാനിറങ്ങിയ ഞാനാണ്, ഇപ്പോൾ സമയം  9:50 ആകുന്നു. പെട്രോൾ വിലവർധനവിൽ പ്രതിഷേധിച്ച ചിറ്റപ്പന്റെ മകളുടെ സൈക്കിളിൽ ആണ് വന്നത്. ഇങ്ങോട്ട് ചവിട്ടി വന്നെന്റെ ക്ഷീണം തീർക്കാൻ 40 റുപ്പികേന്റെ നാരങ്ങ വെള്ളം കുടിച്ചു, ഇനി തിരികെ അങ്ങെത്തുമ്പോ എന്താകുമോ എന്തോ, ഇതിലും  ഭേദം ബൈക്കിൽ വരുന്നതായിരുന്നു എന്നൊക്കെ ചിന്തിച്ചു പോകാനിരിക്കുമ്പോ രാജമ്മ (രാജിന്റെ അമ്മ ലോപിച്ചു രാജമ്മ ആയതാണ്), ഒരഞ്ചു മിനിറ്റ് നിക്കുവാണേൽ ഉണ്ണിയപ്പം ഉണ്ടാക്കി തരാം  എന്ന് പറഞ്ഞത്. പിന്നൊന്നും നോക്കീല ഇത്രെയും ആയില്ലേ 5 മിനിറ്റ് കൂടെ നിക്കാന്നു കരുതി ഓക്കേ പറഞ്ഞു.. ആ സമയം കൊണ്ട് മൊട്ടുനോട് മൺവെട്ടി തിരികെ ഏൽപ്പിക്കാനും പറഞ്ഞു ഞാനും  സനലും റോഡിൽ തന്നെ നിന്നു. കടകൾ  എല്ലാം അടച്ചു, റോഡിലെങ്ങും അധികം വണ്ടികൾ ഇല്ല, സ്ട്രീറ്റ് ലൈറ്റ് ഒന്നുമില്ലാത്തോണ്ട് വല്ലാത്ത ഇരുട്ട്, ഒപ്പം നിശബ്ദതയും, എല്ലാം കൂടി ഒരു ഭയാനകമായ അന്തരീക്ഷം, മോട്ടു പോയതിനു പിന്നാലെ ഒരു ബംഗാളി  മോട്ടു പോയ അതെ ദിശയിലേക്ക്  ഞങ്ങളെ കടന്നു പോയി. പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ ഇല്ലാത്തോണ്ട് ഞങ്ങൾ  എങ്ങോട്ടുന്നില്ലാതെ എങ്ങോട്ടാക്കയോ നോക്കി നിന്ന്.
മോട്ടു വരാത്തത് കൊണ്ട് ഉണ്ണിയപ്പം കഴിക്കാൻ പോകാൻ പറ്റാത്ത വിഷമത്തിൽ ഞാൻ ഇടക്കിടക്കു വാച്ച് നോക്കി സമയം കളഞ്ഞു...

സമയം  പതിവിലും ഇഴഞ്ഞു നീങ്ങുന്നു മോട്ടു ദാ വരുന്നേ എന്ന് പോയിട്ട് ഇപ്പോൾ ഏകദേശം 10-15 മിനിറ്റ് ആകുന്നു. വാങ്ങാൻ പോയപ്പോൾ കഷ്ടിച്ച് 2 മിനിറ്റ് എടുത്തില്ല, അപ്പോൾ അടുത്തെവിടയോ തന്നെ ആണ് അങ്ങനെ നോക്കുമ്പോ ഒരു 10 വട്ടം പോയി വരണ്ട സമയമായി, എന്റെ ചിന്തകൾ  ഇങ്ങനെ കാട് കയറി, ഞാൻ  സനലിനെ നോക്കി വല്യ ഭാവ വ്യത്യാസം ഒന്നും കൂടാതെ മോട്ടു പോയ ദിശയിലെ ഇരുട്ടും നോക്കി നിൽക്കുന്നു. എനിക്കാകെ ടെൻഷൻ കയറി, അവനാണേൽ ഒന്നും മിണ്ടുന്നുമില്ല ഞാൻ  രണ്ടും കല്പ്പിച്ചു അടുക്കളയിൽ ചെന്നു ചൂട് ഉണ്ണിയപ്പം അമ്മ പാത്രത്തിൽ പൊരിച്ചു പൊരിച്ചിടുന്നു. ഞാൻ വേഗം ചെന്നു ടെൻഷൻ കാരണം  ഒന്ന് രണ്ടെണ്ണം എടുത്ത് തിന്നു നല്ല ചൂടായൊണ്ട് കുറച്ചു നേരത്തേക്ക് മോട്ടുനെ കാണാത്തതിന്റെ കാര്യം ഒക്കെ മറന്നു. മോട്ടു എവിടെയെന്നു അമ്മയുടെ ചോദ്യത്തിനു അപ്പുറത്തെ വീട്ടിൽ മൺവെട്ടി കൊടുക്കാൻ പോയി ഇപ്പോൾ വരും എന്ന് മറുപടി പറഞ്ഞോഴിഞ്ഞ ഞാൻ  രണ്ടു മൂന്ന് ഉണ്ണിയപ്പം സനലിനായി എടുത്ത് വെളിയിലേക്കിറങ്ങി. വെറുതെ അമ്മയോട് പറഞ്ഞു ടെൻഷൻ ആക്കിയാൽ അമ്മ ഉണ്ണിയപ്പം ചുടുന്നത് നിർത്തും, എന്താലും കയ്യിലെടുത്ത ഉണ്ണിയപ്പം തീരുന്ന നേരം വരെ മോട്ടു വരുന്നുണ്ടോ എന്ന് നോക്കിയിട്ട് അമ്മയെ അറിയിക്കാം എന്ന് കരുതി.  കൊണ്ട്  വന്ന ഉണ്ണിയപ്പത്തിൽ നിന്നും ഒരെണ്ണം സനലിനു നീട്ടി, കുറച്ചു നേരം മുൻപ് വീട്ടിൽ പോയി കഞ്ഞികുടിക്കണം വിശപ്പ് കെട്ടു പോകും ഉണ്ണിയപ്പം വേണ്ടാന്ന് പറഞ്ഞ പഹയൻ അടുത്ത ഉണ്ണിയപ്പം കൂടി വാങ്ങി തിന്നു, അവനും  ടെന്ഷൻ ആയിട്ടുണ്ടാകും ഞാൻ മനസിലോർത്തു. ഉണ്ണിയപ്പം ചവക്കുന്നതിനപ്പുറം വേറെ എല്ലാം നിശബ്ദത, ആ നിശബ്ദതക്കു വിരാമം ഇട്ടുകൊണ്ട് ഞാൻ ചോദിച്ചു, ടാ മോട്ടു പോയിട്ട് നേരം കുറെ ആയാലോ നമുക്ക് പോയി നോക്കിയാലോ.. അതിപ്പോ വരുമെടാ എന്നൊരു ഒഴുക്കൻ മറുപടി ആണ് എനിക്ക് ലഭിച്ചത്. ഞാൻ  എന്റെ മനസിലെ ടെൻഷൻ മുഴുവൻ  അവനിലേക് കോരി ഇട്ടു. എടാ ഇവിടെ അടുത്ത് തന്നെ എന്നല്ലേ പറഞ്ഞെ. വാങ്ങൻ പോയപ്പോ ഇത്ര താമസിച്ചില്ലല്ലോ. പിന്നെല്ലാം പെട്ടെന്നായിരുന്നു ഞങ്ങൾ  മോട്ടുവിനു അന്വേഷിച് ആ അന്ധകാരത്തിലേക്ക് ഊളിയിട്ടു, അവിടെ ഒക്കെ മൊബൈൽ ടോർച്ചുമായി മോട്ടു മോട്ടു എന്ന് വിളിച്ചു ഞങ്ങൾ നടന്നു, ഞങളുടെ വിളിയും ടോർച്ചു വെളിച്ചവും ഒക്കെ കണ്ടു സമീപത്തുള്ള. വീടുകളിലെ പട്ടികൾ  കുറച്ചു തുടങ്ങി, അവയുടെ കുര കാരണം ഞങ്ങളുടെ മോട്ടു വിളി അന്തരീക്ഷത്തിൽ എവിടേയോ ഇല്ലാതായി...

ഇനിയും താമസിച്ചാൽ പ്രശ്നം ആകും എന്നുള്ളത് കൊണ്ട് ഞങ്ങൾ  വിവരം  രാജമ്മയെ അറിയിച്ചു തിരച്ചിൽ കൂടുതൽ  ഊർജ്വസ്വലമാക്കാൻ തീരുമാനിച്ചു.. തിരികെ നടക്കും വഴി  സനൽ എന്നോട് നേരത്തെ ഞാൻ അവനെ കാണിച്ച കാണ്മാനില്ല മെസ്സേജിന്റെ കാര്യം ചോദിച്ചു ഞാനത്  അവനെ വീണ്ടും കാണിച്ചു, "ടാ ഈ മെസ്സേജിൽ കാണാതാകുമ്പോൾ കയ്യിൽ ഒരു മൺവെട്ടി കൂടെ ഉണ്ടായിരുന്നു എന്ന് കൂടി ചേർത്താലോ" ഞാൻ ഒരു വല്ലാത്ത നോട്ടം അവനെ നോക്കി, ടെൻഷൻ കൊണ്ടാടാ എന്നാ അവന്റെ ഒരു മറുപടിയിൽ തത്കാലം ഞാൻ തൃപ്തനായി നേരെ രാജമ്മയോട് വിവരങ്ങൾ ധരിപ്പിച്ചു. രാജമ്മ ഉടനെ വീടും  പൂട്ടി ഞങ്ങടെ ഒപ്പം തിരയാൻ ഇറങ്ങി, കിട്ടിയ സമയം കൊണ്ട് ബാക്കി ഇരുന്ന ഉണ്ണിയപ്പം ഒക്കെ ഞാൻ ഉടുപ്പിന്റേം പാന്റിന്റെയും പോക്കറ്റിലാക്കി വീടും പൂട്ടി ഇറങ്ങി, അതിനിടയിൽ  സനലിനെ നേരത്തെ ഞങ്ങൾ പണി ചെയ്തോണ്ടിരുന്ന സമയത്ത് അതു വഴി വന്ന ലാലണ്ണനെ വിളിക്കുവാൻ ഞാൻ ചട്ടം കെട്ടിയിരുന്നു. കാരണം ആ സമയത്തു അവർ തമ്മിൽ മൺവെട്ടി വാങ്ങിയ ആ വീട്ടിലെ ചേച്ചിടെ പേര് പറയുന്നത് കേട്ടിരുന്നു. ആ ഓർമയിലാണ് സനലിനെ കൊണ്ട് ലാലണ്ണനെ വിളിപ്പിച്ചത്. എന്താലും എന്റെ ഊഹം തെറ്റിയില്ല ആളുടെ പേര് കിട്ടി. അടുത്ത വീടു തന്നെയാണ്  പക്ഷെ അൽപ്പം കറങ്ങി പോകണം. ഉണ്ണിയപ്പം ഓരോന്നായി കഴിച്ചു ഞാനും, സനലും മുന്നിൽ രാജമ്മ ഞങ്ങളുടെ പിന്നിലും. ഇത്തിരിയുള്ള മൊബൈൽ വെളിച്ചത്തിൽ ഞങ്ങൾ അവിടെയുള്ള കാടൊക്കെ ചവിട്ടി ഞെരിച്ചു മുന്നിലേക്ക് നടന്നു. പണ്ടാരം പിടിച്ച ആ പട്ടിയുടെ കുര കാരണം മോട്ടു എന്ന് വിളിച്ചിട്ട് കാര്യമില്ല, അതോണ്ട് ഇത്തവണ പേര് വിളിക്കാതെ ആണ്  ഞങ്ങൾ തിരഞ്ഞത്. ഞാനും  അമ്മയും ആ വീടിൻറെ അരികിലൂടെ നടന്നു വീട്ടിനു മുന്നിൽ എത്താറായി, അപ്പോഴാണ് രാജമ്മ ആക്കാര്യം ശ്രദ്ദിച്ചത് മോട്ടുവിന്റെ ചെരുപ്പ് ആ വീടിനു ഫ്രണ്ടിലായി കിടക്കുന്നു. മൊട്ടുന്റെ ചെരുപ്പാണ് ആ കിടക്കുന്നത് എന്ന് പറഞ്ഞു ചിരിച്ചോണ്ട് രാജമ്മ തിരികെ പോകാനൊരുങ്ങി, അത് എന്തോ പ്രശ്നമാണെന്നു കരുതി സനൽ അതിനും മുന്ന തിരികെ നടക്കാൻ തുടങ്ങി.  എനിക്കൊന്നും മനസിലായില്ല, എന്റെ ഉള്ളിലെ കുറ്റന്വേഷകൻ ഉണർന്നു, മുറ്റത്ത് ചെരുപ്പ് കിടക്കുന്നു, മൺവെട്ടി ആണെങ്കിൽ കാണുന്നുമില്ല!!! 

രാജമ്മ പറഞ്ഞു മോനെ മോട്ടു ഇവിടുണ്ട് ചെരുപ്പ് കിടക്കുന്നു, അവിടുത്തെ കൊച്ചു രണ്ടു ദിവസം മുന്നേ വന്നരുന്നു, അതുമായി കാര്യം പറഞ്ഞു ഇരിക്കുവായിരിക്കും, എന്നാലും ഒന്നുകൂടി ഉറപ്പിക്കണമല്ലോ, വീട്ടുകാരെ വിളിച്ചു ചോദിച്ചിട്ട് പോകാം എന്ന് ഞാൻ പറഞ്ഞു ചേച്ചി, മാമ അങ്ങനെ പറ്റാവുന്ന പേരൊക്കെ വിളിച്ചു. പട്ടീടെ കുര കാരണം  അത് ഞാൻ അല്ലാതെ വേറാരും കേട്ടില്ല. അപ്പോഴാണ് എന്റെ ബുദ്ധി ഉണർന്നത്  ഞാൻ ആകെ ബാക്കി ഉണ്ടായിരുന്ന ഉണ്ണിയപ്പം ആ പട്ടിയെ കാണിച്ചു പ്രലോഭിപ്പിച്ചു, ഒടുവിൽ പട്ടി കുര നിർത്തി എന്റെ കുര വീട്ടുകാർ കേട്ടു വീട്ടിന്നു അളിറങ്ങി വന്നു, മോട്ടു അവിടുണ്ടത്രേ !!! അവിടുത്തെ കൊച്ചിന് പുതുതായി വാങ്ങിയ ഡ്രെസ്സും മറ്റും കണ്ടു, അവരോടൊക്കെ എന്തെക്കെയോ കാര്യങ്ങളുമൊക്കെ സംസാരിച്ചു എന്തെക്കെയോ കൊറിച്ചു കൊറിച്ചു ഇരിക്കുയായിരുന്നത്രെ കക്ഷി!!!

പണ്ട് ബാലരമയിലെ മോട്ടു മുയലിനു വഴികാട്ടുമോ എന്ന പംക്തി യെ ഓർമിപ്പിക്കും വിധം ഞങ്ങൾ മൂവരും മുന്നിലും മോട്ടു ഏറ്റവും പിന്നിലായും തിരികെ വീട്ടിലേക്ക്...
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്നു തുടങ്ങിയപ്പോഴേക്കും മോട്ടുവിന്റെ ചമ്മി നാറിയ മുഖം കൂടുതൽ വ്യക്തമായി വന്നു കൊണ്ടിരുന്നു....

എന്തായാലും കുറച്ചു നേരത്തെ സീരിയസ് മൂഡ് തമാശക്കും ചിരിക്കും വഴി മാറി... അപ്പോഴാണ് അമ്മേടെ മാസ്സ് ഡയലോഗ്  എനിക്കെന്താലും ആരും മോട്ടുനെ തട്ടി കൊണ്ട് പോകില്ല എന്നുറപ്പായിരുന്നു, എങ്ങാണം കൊണ്ട് പോയാൽ 5 മിനുട്ടിനുള്ളിൽ തിരികെ കൊണ്ട് വിട്ടേനെ, വല്ലവരുടെയും മൺവെട്ടി വാങ്ങികൊണ്ട് വന്നു അതെങ്ങണം ഞാനിനി പുതിയത് വാങ്ങി കൊണ്ട് കൊടുക്കേണ്ടി വരുമോ എന്നോർത്തായിരുന്നു എന്റെ ടെൻഷൻ എന്ന്..
ഒരിടി അവിടെ ഉടനെ അവിടെ നടക്കാൻ ചാൻസ് ഉള്ളോണ്ട് ഞങ്ങൾ അപ്പോഴേ സ്ഥലം വിട്ടു.  എല്ലാ ദിവസത്തെക്കാളും നേരത്തെ എത്തുവാൻ വേണ്ടി കരുതി ഇറങ്ങിയ ഞാൻ ഒടുവിൽ വീട്ടിലെത്തിയത് 11 മണി കഴിഞ്ഞ്.!!!!

NB: തിരികെ വീട്ടിലേക്ക് സൈക്കിളും ചവിട്ടി വരും വഴി മോട്ടുനെ കാണ്മാണ്ടായ കഥ അന്നേരം ഫോൺ വിളിച്ച സുഹൃത്തു കണ്ണനോട് പറഞ്ഞതു, അപ്പോഴാണ് അവൻ പഴയ ഒരു കഥ ഓർമിപ്പിച്ചത് " സനലിനെ കാണ്മാണ്ടായ കഥ".

ആ കഥ, അത് പിന്നൊരിക്കൽ ആകാം. ഇപ്പോഴത്തെ വെറുപ്പിക്കൽസ് ഇവിടെ നിർത്തുന്നു ❤️

Comments

Popular posts from this blog

🚌 ചെയിൻ(ഡ്) സർവീസ് 🚌

ആന കൊടുത്താലും ആശ കൊടുക്കരുത്...

നോട്ടവീക്ഷണം