ഒരു കൊച്ചു സന്തോഷം - A KINDER JOY STORY
ആ അടുത്ത കാലത്ത് തലസ്ഥാന നഗരിയിലേക്ക് എന്റെ രാജാകീയ ഇരു ചക്ര വാഹനത്തിൽ ഒരു യാത്ര പോകുകയുണ്ടായി..
കുടു കുടു ശബ്ദം കേട്ട് ഇങ്ങനെ രോമാഞ്ച പുളകിതനായി പോകാം എന്ന് കരുതിയാണ് രാജാകീയനെ കൂടെ കൂട്ടിയത്, പക്ഷെ റോഡിലെ വാഹന ബഹുല്യം കാരണവും പഴയ പോലെ സൗണ്ട് ഈ പറഞ്ഞ സാധനത്തിനു ഇല്ലാത്തത് കൊണ്ടും രാജാകീയന്റെ ശബ്ദം ഒന്നും കേൾക്കാൻ പറ്റീല എന്ന് മാത്രമല്ല കടുത്ത ചൂടുകാരണം രോമം വരെ കരിഞ്ഞു പോയതിനാൽ മരുന്നിനു പോലും ഒരു രോമാഞ്ചം ഉണ്ടായില്ലാ...
എന്തായാലും യാത്ര കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് മ്മടെ കരുനാഗപ്പള്ളിലെ ചോക്ലേറ്റ് ബേക്കറിയിൽ കേറി. പെങ്ങടെ മോൾ തംബുരുനു എന്നതേലും വാങ്ങുക എന്നതാണ് ഉദ്ദേശം. യാത്ര പോകാൻ വീട്ടിന്നിറങ്ങിയ സമയം തംബുരു പറഞ്ഞതാണ് "എനിക്ക് സായനം വേണം മാമ".
ഈ സ്നാക്ക്സ് വർഗ്ഗത്തിൽ പെടുന്ന എല്ലാം തമ്പുരൂന് സായനങ്ങൾ ആണ്. ചോക്ലേറ്റും, അക്കച്ചിയും (ഐസ് ക്രീം) കഴിഞ്ഞാൽ പിന്നെ സായനങ്ങളും, ബിസ്ക്കറ്റുമാണ് തമ്പുരുന്റെ ഇഷ്ട വിഭവങ്ങൾ...
എന്തായാലും എന്തേലും സായനം വാങ്ങാം ഒപ്പം ഒരു കപ്പ് കാപ്പിയും ആകാം എന്ന് കരുതിയാണ് ചോക്ലേറ്റിന്റെ മുന്നിൽ ചവിട്ടിയത്..
വണ്ടി സൈഡ് ആക്കി സ്റ്റാൻഡിൽ വെച്ചിട്ട് ഫോണെടുത്തു ഒന്ന് വീട്ടിലേക്ക് വിളിച്ചു എന്ത് വാങ്ങണം എന്നൊരു സെക്കന്റ് ഒപ്പീനിയൻ എടുക്കാം എന്ന് കരുതി. അപ്പോഴാണ് അടുത്ത് ഒരു ചെറിയ ബഹളം. ഞാൻ വണ്ടി നിർത്തിയേക്കുന്നതിനടുത്തായി മറ്റു രണ്ടു വണ്ടികൾ ഒന്നൊരു ആക്ടിവയും മറ്റൊരു ബൈക്കും. രണ്ടു കുടുംബങ്ങൾ, ആക്ടിവയിൽ ഒരു ചേട്ടൻ, ചേച്ചി അവരുടെ മകൻ, അടുത്ത വണ്ടിയിൽ ഒരു ചേട്ടൻ, ചേച്ചി അവരുടെ മകളും. ഈ പയ്യൻ വലിയ വായിൽ നിലവിളിക്കുകയാണ്, അവനു എറോപ്ലൈൻ വേണത്രെ, അതിനാണ് കരച്ചിൽ, അവന്റെ കരച്ചിൽ കണ്ടു അന്തം വിട്ടു നിക്കാണ് ആ പെൺകുട്ടി. അവനെ സമാധാനിപ്പിക്കാൻ ആ രണ്ടു കുടുംബങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കി, അവനു ഒരു കുലുക്കവുമില്ല ഒരേ കരച്ചിൽ. അവസാനം ബൈക്കിൽ വന്ന സുഹൃത്തും കുടുംബവും കുട്ടികളുമായി ബേക്കറിയിലേക്ക് പോയി... ഞാനീ നേരമത്രെയും ആ കുട്ടീടെ കരച്ചിലും, കരച്ചിൽ നിർത്താനുള്ള വിഫല ശ്രമവുമൊക്കെ കണ്ടു ഞാൻ വന്ന കാര്യമൊക്കെ മറന്നിങ്ങനെ നിന്നു പോയി.
ഞാൻ നോക്കി നിക്കുന്ന കണ്ടാവണം, ആക്ടിവയിലെ ചേട്ടൻ എന്നെ നോക്കി ഒന്ന് ചിരിച്ചു, പിന്നെ സംസാരിച്ചു തുടങ്ങി...
ഗൾഫിൽ ആയിരുന്ന സുഹൃത്തിനെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയതാണ് ഇവർ, അവിടെ സുഹൃത്തിന്റെ വീട്ടിൽ ബാറ്ററിയിൽ ഓടുന്ന ഒരു പ്ലെയിൻ വെച്ചു ഈ കുട്ടികൾ കളിച്ചതും അവിടുന്ന് ഇറങ്ങാൻ നേരം മുതൽ പ്ലെയിന് വേണ്ടിയുള്ള കരച്ചിൽ തുടങ്ങിയതാണെന്നും ഒക്കെ. അവനെക്കാളും കൊച്ചു കുട്ടിയായ ആ പെൺകുട്ടീടെ കയ്യിൽനിന്നും അത് ഈ പയ്യന് കൊടുക്കേണ്ടി വരുന്ന പെൺകുട്ടിയുടെ മാതാപിതാക്കളുടെ നിസ്സായഹായത ഒക്കെ പുള്ളി എന്നെ പറഞ്ഞു കേൾപ്പിച്ചു. ആ കുട്ടീടെ കരച്ചിൽ കണ്ടിട്ട് സുഹൃത്തും കുടുംബവും എയ്റോപ്ലെയിൻ തപ്പി ഇറങ്ങിയതാണ് പക്ഷെ കാണിച്ച എയ്റോപ്ലെയിൻ ഒന്നും അവനു ഇഷ്ട്ടപെടാത്ത കാര്യവുമൊക്കെ ആ ചേട്ടൻ എന്നെ പറഞ്ഞു കേൾപ്പിച്ചു. "ഞാനിനി എവിടെ പോയി ഒപ്പിക്കാനാ അങ്ങനൊരു പ്ലെയിൻ, എനിക്ക് കൂലിപ്പണിയാണ് ആ മാതിരി പ്ലെയിൻ ഒക്കെ നല്ല കാശാവൂലെ, എന്റെ ആ കൂട്ടുകാരൻ അവനു വേറെ പ്ലെയിൻ വാങ്ങികൊടുക്കാന്നു പറഞ്ഞതാ, പക്ഷെ അവന്റെ വല്ലാത്ത ഒരു നിർബന്ധം, ഇനിയിപ്പോ ഞാൻ എങ്ങനേലും കാശോപ്പിച്ചു അവനു ഒരെണ്ണം വാങ്ങി കൊടുക്കണം, കൊച്ചല്ലേ നിർബന്ധബുദ്ധി ആണേലും അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം" ആ അച്ഛൻ ഒരു നെടുവീർപ്പോട് പറഞ്ഞു.
എന്നാലും അവന്റെ ഒരു നിർബന്ധം അല്ലേൽ ഇപ്പോൾ മോന് അവൻ പ്ലെയിൻ വാങ്ങി കൊടുത്തേനെ, എന്റെ കാശ് പോകില്ലാരുന്നു, അപ്പോഴത്തെ സീരിയസ് മൂഡ് മാറ്റാൻ വേണ്ടി ആകണം പുള്ളി അങ്ങനെ പറഞ്ഞു, തോട്ടു പിന്നാലെ "അയ്യോ ടി അടങ്ങടി,ഒരു തമാശക്കു പറഞ്ഞതാ" ചേട്ടന്റെ കൈ തടവൽ കണ്ടപ്പോ മനസിലായി, ചേച്ചി ഒരു നല്ല നുള്ള് കൊടുത്തതാണ്. തൊലി പൊയ്ക്കാണും എന്നും പറഞ്ഞു നുള്ള് കിട്ടിയ സ്ഥലം ചേട്ടൻ നന്നായി പരിശോദിച്ചു, എന്നിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു. ഹോ വല്ലാത്ത അവസ്ഥ തന്നെ, കല്യാണം കഴിച്ചാൽ ഇതൊക്കെയാണ് കുഴപ്പം അതും പ്രേമിച്ചെങ്ങാണം കെട്ടിയാൽ പിന്നെ പറയുകയും വേണ്ട. അനിയൻ കല്യാണം എങ്ങും കഴിക്കണ്ട, സന്തോഷായ്യിട്ട് ഇരിക്കാൻ നോക്ക് എന്നൊരു ഉപദേശവും..
ഞാൻ തിരിച്ചു ലൂസിഫർ സ്റ്റൈലിൽ ഒരു ഡയലോഗ് ഒക്കെ കൊടുത്തു ഉപദേശം ഒക്കെ കൊള്ളാം ചേട്ടാ പക്ഷെ ഒരു രണ്ടു കൊല്ലം താമസിച്ചു. അതും പറഞ്ഞു ഞങ്ങൾ മൂവരും ചിരിച്ചു കൊണ്ട് നിക്കുന്ന സമയം ഈ ചേട്ടന്റെ സുഹൃത്തും കുടുംബവും തിരികെ എത്തി. മ്മടെ പയ്യന്റെ കയ്യിൽ ഒരു കിണ്ടർ ജോയ് ഒക്കെ ഉണ്ട്, പെൺകുട്ടീടെ കയ്യിലും ഉണ്ട് ഒരെണ്ണം. കരച്ചിൽ ഒക്കെ മാറി ആള് നല്ല സന്തോഷത്തോടെ സുഹൃത്തിന്റെ കയ്യിലാണ്, പെൺകുട്ടി അമ്മയുടെ കയ്യിൽ പിടിച്ചു നിൽക്കുന്നു. എങ്ങനെ ഇവനെ കിണ്ടർ ജോയിയിൽ വീഴ്ത്തി എന്നതിന് മറുപടിയായി അവനു അടുത്ത തവണ വരുമ്പോൾ ഞാൻ വേറൊരു നല്ല വിമാനം വാങ്ങികൊടുക്കാം എന്ന് പറഞ്ഞതും അതിനു ശേഷം കിണ്ടർ ജോയ് വാങ്ങി പ്രശ്നം സോൾവ് അക്കീന്നും സുഹൃത്തു പറഞ്ഞു. നീ വിഷമിക്കണ്ട അടുത്ത ലീവ് വരെ ഒന്നും വെയിറ്റ് ചെയ്യണ്ട അതിനു മുൻപ് തന്നെ ആരുടേലും കൈവശം പ്ലെയിൻ കൊടുത്ത് വിടാം എന്നും അവനു കൊടുത്ത വാക്ക് പാലിക്കും എന്നും തുടർന്ന് ആ സുഹൃത്തു ചേട്ടൻ പറയുക ഉണ്ടായി. ഇതിനിടയിൽ കുട്ടികൾ രണ്ടും കിണ്ടർ ജോയ് തുറന്നു, ഞങ്ങളെ ഏവരെയും അത്ഭുതപ്പെടുത്തി ആ കിണ്ടർ ജോയ്ക്കുള്ളിൽ നിന്നും ഇരുവർക്കും ലഭിച്ചത് ഒരോ
എയിറോ പ്ലെയിന്റെ കുഞ്ഞു രൂപമായിരുന്നു. കിട്ടിയത് പ്ലെയിൻ ആണെന്ന് കണ്ടപ്പോൾ ആ പയ്യന്റെ മുഖം വിടർന്നു ഒപ്പം അവന്റെ അച്ഛന്റെയും, പക്ഷെ അതിനിടയിൽ അവനു കിട്ടിയ കളിപ്പാട്ടം എന്താണെന്നറിയാതെ ആ പെൺകുട്ടി തനിക്ക് കിട്ടിയ പ്ലെയിൻ അവനു നേരെ നീട്ടി. അവനെ പ്ലെയിൻ വാങ്ങി ആ കുട്ടിയെ നോക്കി ഒന്ന് ചിരിച്ചിട്ട് അവനു കിട്ടിയ പ്ലെയിൻ aa പെൺകുട്ടിക്കും കൊടുത്തു. ഈ കാഴ്ചകൾ കണ്ടു ഞങ്ങളെവരും വല്ലാത്ത ഒരു സന്തോഷവസ്ഥയിലേക്ക് പോയി എന്ന് നിസ്സംശയം പറയാം.
ഞാനാ കുട്ടികളുടെ പേര് അവരോടു ചോദിച്ചു മനസിലാക്കി ഒപ്പം അവരുടെ മാതാപിതാക്കളുടെയും,
ലയ എന്നായിരുന്നു ആ പെൺകുട്ടീടെ പേര് പിടിവാശിക്കാരന്റെ പേര് സൂരജ് എന്നും.
അൽപ്പ നേരത്തെ കൂടി കുശാലാന്വേഷണത്തിനു ശേഷം ആ രണ്ടു കുടുംബങ്ങളും രണ്ടു വശങ്ങളിലേക്കായി പോയി. ഫോണെടുത്തു വീട്ടിലേക്ക് വിളിച്ചു തമ്പുരുവിനു എന്ത് വാങ്ങണം എന്ന് ചോദിക്കാൻ ഇരുന്ന എനിക്ക് ആ നേരം അങ്ങനെ ഒരു സംശയം ഇല്ലായിരുന്നു. ഞാൻ നേരെ ബേക്കറിയിലേക്ക് പ്രവേശിച്ചു. ചേട്ടാ 'ഒരു കൊച്ചു സന്തോഷം' അതായത് ഒരു കിണ്ടർ ജോയ്, കൂടാതെ എനിക്കും തമ്പുരൂനും ബോറടിക്കുമ്പോ കൊറിക്കാൻ കുറച്ചു സായനങ്ങളും വാങ്ങി ഇറങ്ങി.
വീട്ടിലേക്കു പോകും വഴി എന്റെ മനസ്സിൽ ആ കുട്ടികളും അവരുടെ നിഷ്കളങ്ക മനസുമായിരുന്നു.. തന്നെക്കാൾ പ്രായത്തിനു മൂത്തതാണ് എങ്കിൽ പോലും അവൻ പ്ലെയിനിനു വേണ്ടി കരയുന്നത് കണ്ട്
നിന്നതുകൊണ്ടാവണല്ലോ ആ പെൺകുട്ടി അവൾക്ക് കിട്ടിയ ആ ചെറിയ കളിപ്പാട്ടം ഒന്നും ആലോചിക്കാതെ അവനു നേരെ നീട്ടിയത്. ചെറു ചിരിയോടെ അത് വാങ്ങിയ അവൻ തനിക്ക് ഒരെണ്ണം മതി എന്ന മനോഭാവത്താൽ അവന്റെ കയ്യിലെ പ്ലെയിൻ തിരികെ നല്കുകയും ചെയ്തു.. വല്ലാത്തൊരു മാതൃക ആണവർ.. ഇല്ലാത്ത ഒരാൾക്ക് ഷെയർ ചെയ്യാൻ മനസ്സ് കാണിച്ച ആ പെൺകുട്ടിയും, എത്ര ആഗ്രഹിച്ച, എത്ര ഇഷ്ടമുള്ള വസ്തു ആണെങ്കിലും ആവശ്യത്തിന് മാത്രം മതി എന്ന് നമ്മളെക്കൊക്കെ മനസിലാക്കി തരുന്ന മഹത്തായ മാതൃക..
********************************************
ഞാൻ പെട്ടെന്ന് എന്റെ കുട്ടിക്കാലത്തേക്ക് പോയി, നിർബന്ധ ബുദ്ധിയും പിടിവാശിയുമില്ലാത്ത കുട്ടികൾ ഇല്ല. ഞാനും കുട്ടികാലത്ത് ഇതുപോലെ പല വസ്തുക്കൾക്കും ആയി കരഞ്ഞിട്ടുണ്ട്. കളിപ്പാട്ടങ്ങൾക്കല്ലായിരുന്നു എന്ന് മാത്രം.
എനിക്ക് ഓർമയുള്ളതിൽ ചിലത് തൊപ്പി, പല നിറത്തിലുള്ള കണ്ണടകൾ ഒക്കെയാണ്, പിന്നെ മറ്റൊന്ന് പ്ലാസ്റ്റിക് കവറുകളിൽ കടുത്ത ചുവന്ന കളറിൽ നല്ല മധുരത്തോട് കൂടിയ ചെറി ആയിരുന്നു. പക്ഷെ ആ നാളുകളിൽ അതൊന്നും കിട്ടിയിട്ടില്ല.
അതിനു കാരണങ്ങൾ അച്ഛൻ ഒരുപാട് പറഞ്ഞിരുന്നു. ആ ചെറിയിൽ പഞ്ചസാര അല്ല പകരം 'ചാക്രീൻ' എന്നൊരു സാധനം ആണത്രേ ചേർത്തിരുന്നതു ഒപ്പം അതിൽ കളർ ഒക്കെ ചേർന്നിട്ടുണ്ട് ശരീരത്തിന് അത് ദോഷമാണെന്ന്.. ഈ ചാക്രീൻ (അച്ഛൻ ഉച്ചരിക്കുന്നതു അങ്ങനെ ആണ്) എന്ന ഉച്ചാരണം പോലും ശരിയാണോ എന്ന് ഇപ്പോഴും അറിയില്ല നോക്കിയിട്ടില്ല കാരണം ആ വാക്കുകൾ ഇപ്പോഴും വിശ്വാസമാണ്ണ്... ഇനി കണ്ണാടിയും(കണ്ണട) തൊപ്പിടേയും കാര്യം ആണേൽ അത് ഒന്നും കൊള്ളില്ലെടാ നിനക്ക് ഞാൻ വേറെ നല്ലതു വേറെ വാങ്ങി തരാം എന്നും പറയുമായിരുന്നു..
അച്ഛന്റെ കയ്യിൽ പൈസ ഇല്ലാഞ്ഞിട്ടാണോ അതോ ആ സാധനങ്ങൾ യഥാർത്ഥത്തിൽ ഗുണമെന്മ ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല. കാരണം എന്ത് തന്നെ ആയാലും ഇപ്പോഴും തൊപ്പിയും, കൂളിംഗ് ഗ്ലാസും ഉപയോഗിക്കുന്ന പതിവ് എനിക്കില്ല. എങ്ങാണം വെച്ചാൽ അമ്മയോടും പെങ്ങളോടും അഭിപ്രായം ചോദിക്കും ഇനിയിപ്പോ അവരുടെ അത് കൊള്ളാം എന്ന് പറഞ്ഞാലും എനിക്ക് അതിലും വിശ്വാസം പണ്ട് മുഴങ്ങി കേട്ടാ വാചകം ആണ്.അത് കൊള്ളില്ലെടാ നിനക്ക് വേറെ നല്ലത് ഞാൻ വാങ്ങി തരാം...
********************************************
അച്ഛൻ 1 ആം തിയതി ശമ്പളം കിട്ടി 10 ആം തിയതിക്കുള്ളിൽ കടമെല്ലാം തീർത്തു തൊട്ടടുത്ത ദിവസം മുതൽ വീണ്ടും കടം വാങ്ങി പോകുന്ന ഒരു ശരാശരിക്കാരനായതിനാൽ കളിപ്പാട്ടങ്ങളോ, മറ്റു അർഭാടങ്ങളോ ഒന്നും എന്റെ കുട്ടിക്കാലത്തു ഉണ്ടായിരുന്നില്ല...
ഏറ്റവും വലിയ അർഭാടം മാസാദ്യം അച്ഛൻ വാങ്ങി വരുന്ന പൊറോട്ടയും ബീഫും, പിന്നെ മിൽമയുടെ സിപ് അപ്പും, ഐസ്ക്രീംമും ഒക്കെയാണ്.. അന്നൊക്കെ അച്ഛന് ആ ആഹാരങ്ങൾ, അതൊക്കെ ഇഷ്ടമാണേലും എനിക്കിഷ്ടമല്ല നിങ്ങൾ കഴിച്ചോ എന്നും പറഞ്ഞു കഴിക്കാതിരിക്കുന്നതും, ജോലിക്കു പോകുമ്പോൾ, തുന്നിക്കെട്ടിയ ചെരുപ്പും ബാഗും ഒക്കെ ആയി ജോലിക്കു പോകുമ്പോഴും, ഞങ്ങൾ മക്കൾ ഇരുവർക്കും പുതിയ വസ്ത്രങ്ങളും, ബാഗും ചെരുപ്പും, ഷൂസും ഒക്കെ നൽകാൻ അച്ഛൻ ശ്രദ്ധിച്ചിരുന്നു എന്നതാണ് വസ്തുത.....
********************************************
ആ കാലയളവിലെ ഏറ്റവും അധികം അച്ഛൻ വാങ്ങി വരുന്ന ഇന്നും എനിക്കേറ്റവും പ്രിയപ്പെട്ടതും കപ്പലണ്ടി മിട്ടായി ആണ്. എന്നും ജോലി കഴിഞ്ഞു വരുന്ന അച്ഛന്റെ കയ്യിൽ ഒരു പൊതി ചൂട് കപ്പലണ്ടിയും, കപ്പലണ്ടി മിട്ടായിയും ഉണ്ടാകും. ആ കപ്പലണ്ടി മിട്ടായികൾ ആണ് എന്റെ കുഞ്ഞുന്നാളിലെ സന്തോഷം, എന്റെ കിണ്ടർ ജോയ്......
അന്ന് കിട്ടിയിരുന്ന കപ്പലണ്ടി മിട്ടായിയോളം സന്തോഷം പിന്നെ ഒന്നിലും ഉണ്ടായിട്ടില്ല, അത്കൊണ്ട് തന്നെ ആ ശീലം ഇപ്പോഴും തുടർന്ന് വരികയും ചെയ്യുന്നു......
********************************************
നിങ്ങളുടെ കുട്ടികാലത്തെ ചെറിയ സന്തോഷം പങ്കുവെക്കും എന്ന് കരുതുന്നു എന്താണ് നിങ്ങൾക്ക് കുട്ടികാലത്തു സന്തോഷം നൽകിയ ആാ സായനം??? എന്തായിരുന്നു നിങ്ങളുടെ കുട്ടികാലത്തെ ആ കിണ്ടർ ജോയ്....???
********************************************
NB: Kinder എന്ന വാക്കിന്റെ യഥാർത്ഥ അർഥവും ഇതിലെ കിണ്ടർ എന്ന പ്രയോഗവും വ്യത്യസ്തമാണ്. Kindergarten കുഞ്ഞുങ്ങളുമായി ബന്ധമുള്ളത് കൊണ്ട് അങ്ങനെ ഉപയോഗിച്ചു എന്നെ ഉള്ളു...
ഒരു കഥയല്ലേ പുള്ളേ ക്ഷമിച്ചേക്ക്... 🙏🙏🙏
~ rsk ~
Pic Courtesy : desumama.com
Comments
Post a Comment