സാറെ എനിക്കൊരു സഹായം ചെയ്യാമോ !!!
കഴിഞ്ഞ ദിവസത്തെ അനുഭവം ആണ്...
പുതുതായി ആരംഭിക്കുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അധികൃതരുടെ ക്ഷണ പ്രകാരം അവരുടെ ഒരു ഇവന്റിൽ പങ്കെടുക്കാൻ അവസരമുണ്ടായി.
കൊറോണ ഓടി നടക്കുന്ന സമയമാണ്.. എന്റെ നാട്ടിലാണേൽ ഭയങ്കരമാന അവസ്ഥയിലണ് കോവിഡ് വ്യാപനം. മെഗാ സ്വാബ് ചെക്കിങ്ങും മെഗാ വാക്‌സിൻ ക്യാമ്പുകളും ഒക്കെ നടക്കുന്നുണ്ട്. അതിനിടയിൽ ആണ് ഇങ്ങനെ ഒരു ക്ഷണം. കുറച്ചു നാളുകൾക്കു ശേഷം കൈവന്ന ഒരവസരം ആയത് കൊണ്ടും, ചടങ്ങിലെ വിശിഷ്ട്ട അതിഥികളിൽ ഒരാൾ ആയതു കൊണ്ടും സർവോപരി വരാം എന്ന് വാക്ക് കൊടുത്തത് കൊണ്ടും പോകാൻ തന്നെ തീരുമാനിച്ചു. 9 മണി ആകുമ്പോഴേക്കും തിരുവനന്തപുരം SS കോവിൽ റോഡിലുള്ള 'ഏഴു കുന്നു' ഹോട്ടലിൽ എത്താനാണ് മെയിൽ വന്നത്. പ്രോഗ്രാം ഓർഗനൈസർ ശ്രീമാൻ ശ്രീകുമാർ പരമേശ്വരൻ സർ രണ്ടു തവണ വിളിച്ചു വരവ് ഉറപ്പിക്കുകയും ചെയ്തു. വളരെ സൗമ്യ ശീലനായ അദ്ദേഹത്തിന്റെ പെരുമാറ്റം കൂടി ആ യാത്രക്കൊരുങ്ങാൻ എന്നെ പ്രേരിപ്പിച്ചു എന്ന് കൂടി വേണമെങ്കിൽ കൂട്ടിച്ചർക്കാം...
9 മണി സമയത്തു തിരുവനതപുരം പിടിക്കുവാൻ ട്രെയിൻ ഒക്കെ കഷ്ടി ആയത് കൊണ്ട്, യാത്ര ബസിലാക്കാം എന്നു കരുതി. മുൻകൂർ ബുക്കിങ്ങിനു AC ലോ ഫ്ലോറുകൾ മാത്രമേ കണ്ടോളു. കൂലി കൂടുതൽ ആയത് കൊണ്ടും reimbursement പോലുള്ള ചടങ്ങുകൾ ഇല്ലാത്തത് കൊണ്ടും കോവിഡ് രൂക്ഷമായത് കാരണം നിന്നുള്ള യാത്രകൾ അനുവദനീയം അല്ലാത്തത് കൊണ്ടും രണ്ടാമതൊന്നു ആലോചിക്കാതെ ബുക്കിങ് ഒന്നും കൂടാതെ ബസിൽ തന്നെ യാത്ര ചെയ്യുവാൻ തീരുമാനിച്ചു. തലേന്ന് തന്നെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി അലാറം ഒക്കെ വെച്ച് കിടന്നത് കൊണ്ട് 6 മണിക്ക് മുന്നേ തന്നെ കരുനാഗപ്പള്ളിയിൽ എത്തി, 6.05 ഇന് കരുനാഗപ്പള്ളിയിൽ നിന്നും പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റിൽ കേറി സൈഡ് സീറ്റിൽ കേറി ഇരുപ്പായി. യാത്ര സമയം കുറച്ചു പാട്ടും കേട്ടു കുറച്ചു ഉറങ്ങി തീർത്തൊക്കെ ഒടുവിൽ തിരുവനന്തപുരം മോഡൽ സ്കൂൾ ജംഗ്ഷനിൽ ഇറങ്ങി. കോൺഫറൻസ് നടക്കുന്ന ഹോട്ടലിലേക്ക് ഗൂഗിൾ മാപ് ഇട്ടു അവിടെ കണ്ട റോഡുകളിൽ കൂടെ നടന്നിട്ടും ഗൂഗിൾ പറയുന്ന വഴി മാത്രം കാണുന്നില്ല. പതുക്കെ ബസ് ഇറങ്ങിയ സെയിം സ്പോട്ടിൽ തന്നേ തിരിച്ചെത്തി. ആരോടേലും അന്വേഷിക്കാം എന്ന് കരുതി ചോദിച്ച അണ്ണാച്ചി 'എനിക്ക് തെരിയാത് തമ്പി' എന്നു പറഞ്ഞു പുള്ളീടെ പാട്ടിനു പോയി. ഞാൻ സമീപത്തു 4, 5 പേർ വട്ടം കൂടി നിൽക്കുന്ന കണ്ടു അങ്ങോട്ടേക്ക് നടന്നു. കൊറോണ ആയിട്ടും ആൾക്കൂട്ടാമോ എന്ന ചിന്തയിൽ അവിടേക്ക് നടന്നു എത്തിയപ്പോഴേക്കും ഒരാൾ ഒഴികെ ബാക്കി ഉള്ളോരെല്ലാം പല വഴിക്കായി പോയിരുന്നു.
ആ നിന്ന പുള്ളിയോട് ഞാൻ ഹോട്ടൽ എവിടാണ് എന്നന്വേഷിച്ചു, ഞങ്ങൾ നിന്ന ഭാഗത്തേക്ക് അല്പം കൂടി മുന്നിലേക്ക് നടന്നു ഇടത്തേക്ക് പോകണം എന്നദ്ദേഹം പറയുകയും ചെയ്തു. നന്ദി പറഞ്ഞു മുന്നോട്ട് നടന്ന എന്നെ വിളിച്ചിട്ട് അദ്ദേഹം എന്നെ അവിടെ കൊണ്ടാക്കാം എന്ന് പറഞ്ഞു ഒപ്പം കൂടി.
ഞാൻ വേണ്ടാന്ന് പറഞ്ഞു നിരസിച്ചപ്പോളാണ് പറഞ്ഞത് പുള്ളിയും ആ വഴിക്കാണ്. ആ റോഡിൽ കൂടി ഞാൻ പോകുന്ന ഹോട്ടലും കഴിഞ്ഞ് മുന്നിലേക്ക് നടന്നാൽ തമ്പാനൂർ ബസ് സ്റ്റാൻഡിൽ എത്തും. ആള് ഒരു സുഹൃത്തിനെ കാണാൻ പോയതാണെന്നും അവിടുന്ന് നടന്നു വരുന്ന വഴി ആണ്. ഇടക്ക് ഷുഗർ ലോ ആയി തളർച്ച അനുഭവപ്പെട്ടു അവിടെ ഇരുന്നതും പണിക്ക് പോകാൻ വന്ന കുറച്ചു തമിഴ് പയ്യന്മാർ മിട്ടായിയും കുടിക്കാൻ വെള്ളവും ഒക്കെ കൊടുത്ത് അങ്ങനെ അവിടെ നിക്കുമ്പോഴാണ് ഞാൻ പുള്ളിയുടെ അടുത്ത് പോയി വഴി ചോദിക്കുന്നത്, ഞാൻ കണ്ട ആൾക്കൂട്ടം പുള്ളിക്ക് വെള്ളവും മിട്ടായിയും കൊടുക്കാൻ വേണ്ടി കൂടിയ കൂട്ടമാണ്... ഒരു 10-20 മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട്. ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. രാജേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു. 2 മാസങ്ങൾക്ക് മുന്നേ തൊഴിൽ നഷ്ട്ടപെട്ടു. കോവളം സ്വദേശി ആണ് ഭാര്യ മരിച്ചു, മകൾ ഒരാളുണ്ടായിരുന്നത് കല്യാണം കഴിച്ചയച്ചു. അതുകൊണ്ട് ഒറ്റക്കാണ് താമസം. ഇവിടെ ചെങ്കൽചൂളയിൽ താമസിക്കുന്ന പാർത്ഥസ്സിലെ സെക്യൂരിറ്റി ആയ ഒരു സുഹൃത്തിനെ കാണാൻ വന്ന കഥയും, അവിടെ അടുത്തെവിടയോ ഒരു മരണം ഉണ്ടായത് കാരണം കൂട്ടുകാരനെ കാണാൻ പറ്റീല എന്നും ഒപ്പം ചെങ്കൽ ചൂളയുടെ സ്വഭാവവും ഒക്കെ വളരെ കുറഞ്ഞ വാക്കുകളിൽ എന്നെ പറഞ്ഞു കേൾപ്പിച്ചു. 9 മണി ആകാൻ സമയം ഒരുപാട് ഉള്ളത് കൊണ്ട് ഞാനും പോയിട്ട് വേറെ അത്യാവശ്യം ഒന്നുമില്ലാത്തത് കൊണ്ട് പുള്ളിയും പതുക്കെ ആണ് നടക്കുന്നത്.ഇടക്ക് അൽപ്പ നേരം തണലത്തു നിന്നിട്ടൊക്കെ ആണ് നടക്കുന്നത്..
ഇടക്ക് പുള്ളി ഇന്ത്യയിലെ പ്രശസ്തമായ ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ സെക്യൂരിറ്റി ജീവിതം ആരംഭിച്ചതും, ഹൈദരാബാദ് ബാംഗ്ലൂർ ഉൾപ്പടെ ഉള്ള സിറ്റികളിൽ പ്രശസ്തമായ പല ഹോസ്പിറ്റലുകളിൽ സെക്യൂരിറ്റി ജോലി ചെയ്തതും പിന്നീട് തൈകാട് ഗവണ്മെന്റ് ഹോസ്പിറ്റലിലും ദേ ഇപ്പോ രണ്ടു മാസം മുന്നേ വരെ ജനറൽ ഹോസ്പിറ്റൽ വരെ എത്തി നിക്കുന്ന സെക്യൂരിറ്റി ചരിതം എന്നെ പറഞ്ഞു കേൾപ്പിച്ചു കൊറോണ പ്രശ്നം കാരണം കരാറുകാരൻ കുറച്ചു പേരെ ഒഴിവാക്കിയ കൂട്ടത്തിൽ പുറന്തള്ളപ്പെട്ടു പോയതാണ് ഇഷ്ടൻ... പിന്നീട് കൊറോണ മൂലം പല മേഖലകളിലും ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചായി ഞങ്ങടെ സംസാരം. അതിനിടയിൽ 5 മാസമായി പണിയെടുക്കാൻ പണിയില്ലാതെ തേരാ പാര നടക്കുന്ന ഞാൻ എന്റെ കഥയും പുള്ളിയെ പറഞ്ഞു കേൾപ്പിച്ചു. 2 ഇനെ കാൾ 5 വലുതായത് തെല്ലോന്നുമാകില്ല പുള്ളിക്ക് ആശ്വാസമായിട്ടുണ്ടാകുക. തുല്യ ദുഖിതരായ ഞങ്ങൾ കൊറോണ കാലമായതിനാൽ മനസ്സ് കൊണ്ട് പരസ്പരം അശ്ലേഷിച്ചു ആശ്വാസം കണ്ടെത്തി..
എന്റെ 5 ഇൽ നിന്നും അൽപ്പം ഊർജ്യം കിട്ടിയപോലെ പുള്ളി നടത്തയുടെ വേഗത കൂട്ടി. ഞങ്ങൾക്ക് അൽപ്പം മുന്നിലായി തല ഉയർത്തി നിക്കുന്ന സെവൻ ഹിൽസ് ഹോട്ടൽ ദൃശ്യമായി.
എന്നെ ഹോട്ടലിലേക്ക് കയറ്റി വിട്ടു യാത്ര പറയാനായി നിന്നപ്പോൾ എന്തോ പുള്ളിയുടെ മുഖത്തു ഒരു മ്ലാനത. എന്തോ എന്നോട് ചോദിക്കാൻ ഉള്ള പോലെ ഉള്ള ഒരു ഫീൽ പക്ഷെ എന്നാൽ ചോദിക്കാൻ മടിയും. ഇത്രെയും നേരം അദ്ദേഹവുമായി ഉള്ള സംസാരത്തിൽ ഉടനീളം സംസാരിച്ചതിൽ നിന്നും എനിക്ക് മനസിലായത് പുള്ളി സുഹൃത്തിന്റെ കയ്യിൽ നിന്നും അല്പം കാശ് കടം വാങ്ങി ഷുഗറിനുള്ള മരുന്ന് വാങ്ങാൻ വന്നതാണെന്നും പക്ഷെ സുഹൃത്തിനെ കാണാൻപറ്റാത്തതുമൂലം പൈസ കിട്ടിയിട്ടില്ല എന്നുമാണ്. ഒരുപക്ഷെ എന്നോട് അൽപ്പം പൈസ ചോദിക്കണമെന്നും എന്നാൽ എന്റെ 5 മാസം കാരണം ചോദിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ് എന്നാണ് എനിക്കപ്പോ തോന്നിയത്. എന്റെ കയ്യിലും കാര്യമായി പൈസ ഇല്ല ഒരു 100-200 രൂപ ഒക്കെ ചിലപ്പോൾ അദ്ദേഹത്തിന് കൊടുക്കാൻ സാധിച്ചേക്കും. പക്ഷെ അവിടെ ആ ഹോട്ടൽ പരിസരത്തൊക്കെ ആൾക്കാരുണ്ട്, 2 സെക്യൂരിറ്റി ചേട്ടന്മാരും പിന്നെ എന്നെ പോലെ ആ മീറ്റിംഗിൽ പങ്കെടുക്കാൻ വന്ന മറ്റു ചിലരും. ആരേലും കാൺകെ കൊടുക്കുന്നതിന് എനിക്കും ഒപ്പം അത് വാങ്ങുന്ന അദ്ദേഹത്തിന്റെ മാനസിക അവസ്ഥയും ഒക്കെ ആലോചിച്ചപ്പോൾ അവിടെ വെച്ച് വേണ്ട എന്നു കരുതി, ഞാൻ അദ്ദേഹത്തോട് അടുത്ത് ഒരു ചായ കുടിക്കാൻ അടുത്ത് കട വല്ലതും ഉണ്ടാവുമോ എന്ന് തിരക്കുകയുണ്ടായി. വളരെ സന്തോഷത്തോടെ പുള്ളി അൽപ്പം കൂടി മുന്നോട്ട് നടക്കുമ്പോൾ ഒരു കട ഉണ്ട് നല്ല വൃത്തി ഉള്ള ടീ സ്റ്റാൾ ആണെന് പറഞ്ഞു എന്നേം കൂട്ടി നടന്നു. ഒരു 100-150 meter നടന്നപ്പോഴേക്കും കട കണ്ടു. പുള്ളി പറഞ്ഞ പോലെ വൃത്തിയുള്ള ഒരു ടിഫിൻ സെന്റർ. ഞാൻ ചായ കുടിക്കാൻ വിളിച്ചെങ്കിലും സ്നേഹപൂർവ്വം പുള്ളി നിരസിച്ചു തിരികെ പോകാനുള്ള വഴിയിൽ അല്പം മാറി എന്നെയും കാത്തു നിന്നു. ഞാൻ ഒരു ചായയും പഴംപൊരിയും കഴിച്ചു തിരികെ എത്തിയപ്പോൾ പുള്ളി ഷുഗർ ആയതിനു ശേഷം ചായകുടി ഒക്കെ പൂർണമായും നിർത്തിയ കാര്യം ഒക്കെ പറഞ്ഞു...
ഞാൻ ചായ കുടിച്ച സമയം ആർജ്ജിച്ചെടുത്ത ഒരു മനക്കട്ടിയിലാകണം പുള്ളി തുടർന്ന് എന്നോട് ചോദിച്ചു 'സാറെ എനിക്കൊരു സഹായം ചെയ്യാമോ'???
ഈ ഒരു ചോദ്യം വന്നില്ലെങ്കിൽ പോലും പുള്ളിക്ക് കൊടുക്കാം എന്ന് കരുതി ഒരു 100 റുപ്പിക ഞാൻ പഴ്സിൽ നിന്നും എടുത്ത് വെച്ചിരുന്നു.
പുള്ളി തുടർന്നു മരുന്ന് വാങ്ങാൻ എന്റെ കയ്യിൽ പണമില്ല. കൂട്ടുകാരൻ ആ മരണത്തിൻറെ തിരക്കിലുമായി പോയി. എന്റെ കയ്യിൽ കൂടുതൽ ഒന്നുമില്ല ചേട്ടാ പറ്റുന്നത് തരാം എന്ന എന്റെ മറുപടി കെട്ട അദ്ദേഹം എന്നോട് ഒരു 130 രൂപ തരാമോ എന്ന് ചോദിച്ചു. 2/3 ദിവസത്തേക്കുള്ള മരുന്നിനു 130 രൂപ ആകും. വണ്ടിക്കൂലിക്കും മറ്റുമുള്ള പൈസ എന്റെ കയ്യിൽ ഉണ്ട് ഇത് കിട്ടിയാൽ ഉപകാരമാകും, എനിക്ക് ഉടനെ മറ്റൊരു ജോലി കിട്ടും, ഗാന്ധി പ്രതിമക്ക് ഓപ്പോസിറ്റ് ഉള്ള ബിൽഡിങ്ങിലെ തമിഴൻ മുതലാളിയെ പോയി കണ്ടു എന്നും യൂണിഫോം ഉണ്ടേൽ അടുത്ത ദിവസം ജോയിൻ ചെയ്യാൻ പറഞ്ഞു എന്നൊക്കെ പുള്ളി പറഞ്ഞു. പൈസ ചോദിക്കുന്നെന്റെ ജാള്യതയും അത് തിരികെ തരും എന്ന് സമർത്ഥിക്കാൻ വേണ്ടി പുള്ളി ഏറെ പണിപ്പെടുന്നുണ്ടായിരുന്നു..
കൂടുതൽ നിർത്തി പുള്ളിയെ വിഷമിപ്പിക്കാതെ നേരത്തെ കരുതി വെച്ച 100 ന്റെ കൂടെ 50 കൂടെ ഇട്ടു പുള്ളിക്ക് കൊടുത്തു.
ഇഷ്ട കളിപ്പാട്ടം കിട്ടിയ കുട്ടീടെ ഭാവത്തോടെ പുള്ളി ഭയങ്കരമായ നന്ദി പറച്ചിലും,. ഒരിക്കലും മറക്കില്ല, ഇനി തിരുവനന്തപുരം വരുമ്പോൾ എന്ത് സഹായം വേണമെങ്കിലും ചോദിക്കണം, ഞാൻ ഗാന്ധി പ്രതിമക്ക് ഓപ്പോസിറ്റ് ഉള്ള ബിൽഡിങ്ങിൽ ഉണ്ടാകും, അവിടെ എന്താലും 2 ദിവസത്തിനുള്ളിൽ കേറും അങ്ങനെ സന്തോഷത്താൽ പുള്ളി എന്തെക്കെയോ പറഞ്ഞു. ഈ കാഴ്ചകൾ എല്ലാം വളരെ ആത്മനിർവൃത്തിയോടെ കണ്ടു പുള്ളിക്ക് യാത്ര പറഞ്ഞു തിരികെ നടന്നു. തിരികെ മടങ്ങും വഴി ബാക്കി പഴ്സിലുള്ള പൈസയെ കുറിച്ചോർത്ത ഞാൻ ആ സത്യം മനസിലാക്കി പോകും മുന്നേ എന്തെങ്കിലും ആഹാരം കഴിക്കാനും തിരികെ പോകാനുള്ള വണ്ടിക്കൂലിക്കും കൂടെ ഇനിയുള്ള പൈസ തികയില്ല. അതിരാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതാണ്, ബാഗിലിരിക്കുന്ന വെള്ളം തന്നെ ഇനി ശരണം, എന്തായാലും പുതിയ കമ്പനിടെ ഡെമോ ഒക്കെ ഉള്ളതല്ലേ അവിടെ എന്നതേലും കിട്ടാതിരിക്കില്ല എന്ന് മനസിലോർത്ത് ആശ്വാസം കണ്ടെത്തി ഞാൻ മുന്നോട്ട് നീങ്ങി........
കമ്പനിയുടെ ഡെമോയും മറ്റു പരുപാടികളും ഒക്കെ കഴിഞ്ഞു. പ്രതീക്ഷക്ക് വിപരീതമായി അവിടെ ചായയും ഉഴുന്ന് വടയും മാത്രം. ചായ കുടിച്ചിട്ട് ഹോട്ടലിലെ ചേട്ടനെ സോപ്പിട്ടു 2 വട പൊതിഞ്ഞു തരാൻ പറഞ്ഞാലോ എന്ന് കരുതി നിന്നപ്പോ ദേ പരുപാടി തീരുന്നെന്നു മുന്നേ മ്മടെ കമ്പനി മൊതലാളി ദൃതിയിൽ ബാക്കി വന്ന വടയൊക്കെ നിന്ന് പൊതിയുന്നു...
എന്താലും ആ പ്രതീക്ഷയും പൊലിഞ്ഞത് കാരണം അവിടെ നിന്ന് തിരിയാതെ പെട്ടെന്നു യാത്ര പറഞ്ഞിറങ്ങി....
അപ്പോഴാണ് അടുത്ത ട്വിസ്റ്റ്. ഞാൻ തമ്പാനൂർ ബസ് സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു കൊണ്ടിരുന്നപ്പോൾ ദേ വരുന്നു ഭാര്യേടെ കാൾ, പോയ കാര്യം എന്തായീ എന്നറിയാനുള്ള വിളിയാണ്. ഞാൻ നടത്തത്തിനിടയിൽ മീറ്റിംഗ് കാര്യങ്ങൾ വിശദമായി തന്നെ ഓളെ പറഞ്ഞു കേൾപ്പിച്ചു. അവസാനം രാജേന്ദ്രൻ ചേട്ടന്റെ കാര്യവും ഞാൻ അവിടെ എത്തും വരേയ്ക്കും പട്ടിണി ആണെന്നും കൂടെ പറഞ്ഞു വെച്ചു, അത് കേട്ട ഉടനെ വന്നു അവളുടെ കമെന്റ്, "ഇയാളെ അങ്ങേര് പറ്റിച്ചതാടെ അയാൾ വെള്ളമടിക്കാൻ വല്ലോം വാങ്ങിച്ചതാകും".
കേട്ടെ പാടെ എന്റെ കിളി പോയി ഇനി അങ്ങനെങ്ങണം ആകുമോ എയ് അങ്ങനൊന്നും ആകൂല ഞാനെന്നെ സമാധാനിപ്പിച്ചു. അവൾ തുടർന്നും എന്റെ മനസ്സിൽ സംശയത്തിന്റെ തീ കോരിയിട്ട് പോയി ഒപ്പം വെക്കാൻ നേരം മറ്റൊരു ഡയലോഗും "അങ്ങേര് പറ്റിച്ചതാണേൽ അയാൾക്കുള്ള പണി ദൈവം കൊടുത്തോളും".
പിന്നെ ദൈവത്തിന് വേറെ പണിയൊന്നുമില്ലാതെ ഇരിക്കുവല്ലേ എന്നെ പറഞ്ഞു പറ്റിച്ചോർക്കൊക്കെ പണി കിട്ടാൻ ആരുന്നേൽ പണ്ടേക്ക് പണ്ടേ മണ്ണടിയേണ്ട ചിലതൊക്കെ ഇപ്പോൾ എന്നെ പോലെ വേറെ കുറച്ചു പേരെ കൂടെ പറ്റിച്ചു പടർന്നു പന്തലിച്ചു വട വൃക്ഷമായി നിക്കുന്നുണ്ട് അപ്പോഴാ ഈ പാവം ചേട്ടൻ. ഇനീപ്പോ പറ്റിച്ചതാണേൽ തന്നെ പോട്ട് എന്ന് കരുതി നടന്നു. എന്നാലും മനസ്സ് ഒരു സമാധാനം തന്നില്ല. ഞാൻ എന്റെ ഒരു മുതിർന്ന സുഹൃത്തിനെ വിളിച്ചു "അതെ അണ്ണാ 150 രൂപക്ക് മദ്യം കിട്ടുമോ ബാറിൽ"???
കേട്ട പാതി കേൾക്കാത്ത പാതി പുള്ളിക്കു ഭയങ്കര സന്തോഷം "താൻ കുടി തുടങ്ങിയോ ഇപ്പോൾ എവിടെയാ വേണോങ്കി ഞാൻ കൂടെ ഷെയർ ഇടാം." അതിന്റെ കൂടെ ഉപദേശവും "പിന്നെ ഈ മദ്യപാനം അത്ര നല്ല ശീലമല്ല, പ്രത്യേകിച്ച് നമ്മൾ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്ന അവസരത്തിൽ തുടങ്ങരുത് എന്നാണ് എന്റെ അഭിപ്രായം" എന്നും വെച്ച് കാച്ചി. സംഗതി അടുത്ത ലെവലിലേക്കു പോകുന്നതിനു മുന്നേ ഞാൻ കേറി ഇടപെട്ടു "എടൊ മനുഷ്യ എനിക്ക് കുടിക്കാനല്ല ഒരു അക്കാഡമിക് പർപസിനാണ് " എന്ന് പറഞ്ഞു ഞാൻ അന്നത്തെ കഥ പറഞ്ഞു...
അല്പം നിരാശയോടെ ആണേലും പുള്ളി എനിക്ക് മറുപടി തന്നു 130 രൂപയ്ക്കു റമ്മും സോഡായും എല്ലാം കൂടി വാങ്ങി 'നിപ്പനടി' സാധ്യമാണത്രെ !!!. [നിപ്പനടി ബാറിൽ ചെറിയ അളവിൽ മദ്യം കൌണ്ടറിനടുത്തു നിന്നുകൊണ്ട് വാങ്ങി കഴിച്ചു ആരുടേലും ടച്ചിങ്‌സും വാരി കഴിച്ചു വരുന്ന കലാപരിപാടി ആണത്രേ നിപ്പനടി (അവലംബം : - മദ്യ പുരാണം രണ്ടാം അധ്യായം)] പുള്ളി വീണ്ടും മറ്റു മദ്യ തരങ്ങളുടെ വില നിലവാര പട്ടികയിലേക്കും ചാനൽ ചർച്ചയിലെ നിരീക്ഷകന്മാരെ പോലെ കൂടുതൽ വിശകലനത്തിലേക്ക് കടന്നപ്പോൾ ഞാൻ പതുക്കെ ബൈ ബൈ പറഞ്ഞു കട്ട് ചെയ്തു...
ചെറിയൊരു കരട് വീണാൽ പോലും ചിന്തിച്ചു കാടും മലയും ഒക്കെ കേറുന്ന ഞാൻ ആകെ 'കൺഫ്യൂഷിയസ് 'ആയി. വരാൻ വണ്ടിക്കൂലി ഇല്ലാഞ്ഞിട്ട് ഒരു മുൻ സഹപ്രവർത്തകയെ ചാക്കിട്ട് ഒപ്പിച്ച പൈസയിൽ നിന്നാണ് പുള്ളീടെ മാനസികാവസ്ഥ കണ്ടു പൈസ നൽകിയത്. നാട്ടിൽ വലിയ മാന്യന്മാർ ചമഞ്ഞു നടക്കുന്നൊരു പറഞ്ഞ് പറ്റിച്ചു ഉണ്ടാക്കുന്ന ലക്ഷങ്ങളും കോടികളും ഒക്കെ വെച്ച് നോക്കുമ്പോ ഈ എമൗണ്ട് ഒന്നും അല്ല എങ്കിലും എന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ചിട്ടു അത് നേരത്തെ പറഞ്ഞ കോടികൾക്കും ഒരുപാടു മുകളിലാണ്!!!
എന്തായാലും കഴിഞ്ഞത് കഴിഞ്ഞു, ഇനീപ്പോ വെറുതെ ആലോചിച്ചു കാട് കയറീട്ടെന്തിനാ, കാര്യങ്ങൾ ആലോചിക്കുമ്പോൾ പുള്ളി പറഞ്ഞതൊക്കെ ശരിയാകാനാണ് ചാൻസ്, ഇനീപ്പോ അങ്ങനെ അല്ലേലും കല്ലി വല്ലി... ആ കാശ് ഞാൻ മനസ്സറിഞ്ഞു കൊടുത്തു, തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചു അല്ല കൊടുത്തത്, ഞാൻ അത് പുള്ളിക്ക് കൊടുത്ത് കഴിഞ്ഞപ്പോൾ പിന്നെ അത് അദ്ദേഹത്തിന്റെ കാശ് ആണ്, അതുകൊണ്ട് പുള്ളി എന്ത് ചെയ്താലും അത് എന്നെ ബാധിക്കൂല, ആ പൈസ പുള്ളി നല്ലതിനായി ഉപയോഗിച്ചാൽ അദ്ദേഹത്തിന് നല്ലതും മോശം കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ ദോഷ വശങ്ങളും പുള്ളി തന്നെ അനുഭവിക്കേണ്ടി വരും.. അങ്ങനെ പറഞ്ഞ് ഞാനെന്റെ മനസ്സുമായുള്ള പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് 'കോംപ്ലിമെന്റ്സ് ' ആക്കി. തിരികെ വരാൻ ബസ് പരതി ഒടുവിൽ ഒരു പൊന്നാനി സൂപ്പർഫാസ്റ്റിൽ കേറി ഇരുപ്പുറപ്പിച്ചു. ടിക്കറ്റ് ഒക്കെ എടുത്ത് കഴിഞ്ഞ് ഒന്ന് സെറ്റ് ആയപ്പോഴേക്കും ബസിനു താഴെ സൈഡിൽ നിന്നൊരു വിളി "സാറെ എനിക്കൊരു ഒരു സഹായം ചെയ്യാമോ??"..
NB : ഇങ്ങനെ ഒരു അനുഭവ കുറിപ്പ് എഴുതി ഞാൻ ചെയ്ത ഒരു കാര്യം കൊട്ടിഘോഷിക്കാനല്ല ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഞാൻ ചെയ്തത് ഒരു വലിയ കാര്യം ആണെന്ന് ഒരു ചിന്ത പോലുമില്ല മറിച്ച് ഒരോർമ്മപ്പെടുത്തലിനാണ് ഈ കുറിപ്പ്.
ഞാൻ കണ്ട രാജേന്ദ്രൻ ചേട്ടനും, ബസ് സ്റ്റാൻഡിലെ മാന്യ വേഷധാരിയായ ആ ചേട്ടനും ജീവിതത്തിലെ ഒരു പ്രത്യേക നിമിഷത്തിൽ അല്ലെങ്കിൽ കാലഘട്ടത്തിൽ ഒറ്റപ്പെട്ടു പോയവരാണ്. ഭിക്ഷാടനം ജീവനോപാധി ആക്കിയവരെല്ല സാഹചര്യത്തിന്റെ ചില പ്രശ്നങ്ങൾ മൂലം മറ്റൊരാളുടെ മുന്നിൽ കൈനീട്ടി യാചിക്കേണ്ടി വന്നവരാണ്. ആ കണക്കിന് നോക്കിയാൽ വണ്ടിക്കൂലിക്ക് പൈസ ഇല്ലാതെ എന്റെ ഒരു മുൻ സഹപ്രവർത്തകയുടെ കയ്യിൽ നിന്നും കടമായി 500 രൂപ കൈപ്പറ്റിയ ഞാനും ഏതൊരു അർത്ഥ തലത്തിൽ നോക്കിയാലും യാചകൻ തന്നെയാണ്. അവർക്ക് ആ പൈസ നൽക്കുമ്പോൾ ഞാൻ എന്നെ തന്നെയാണ് അവരിൽ കണ്ടത്.. കൊറോണ എന്ന ബാധ 1.5 വർഷം പിന്നിടുന്നു. ആരോഗ്യപരമായി അത് സമൂഹത്തെ ബാധിച്ചതിനേക്കാൾ ഏറെ സാമ്പത്തകമായി ആണ് അത് കൂടുതൽ പേരെയും ബാധിച്ചിരിക്കുന്നത്. നിലവിൽ നടന്ന പഠനങ്ങൾ പ്രകാരം കൊറോണ വന്നു മരിക്കുന്നതിനേക്കാൾ എറേപേർ ലോകത്ത് പട്ടിണി മൂലം മരണപ്പെടും എന്നാണ് കാണുന്നത്. സാമ്പത്തിക ബാധ്യതൾ മൂലമോ, ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ ആത്മഹത്യകളും പെരുകിയേക്കാം..
ഈ സാഹചര്യങ്ങളിൽ ഉള്ള പല വ്യക്തികളെയും നിങ്ങളുടെ ജീവിത യാത്രകളിൽ കണ്ടു മുട്ടാൻ ഇടയാകും...
അത് നമ്മൾക്കു അടുത്തറിയുന്നവരോ അല്ലാത്തവരോ ആകാം.
എങ്ങനെ ഉള്ളവർ ആണെങ്കിലും നമ്മളാൽ ചെയ്യാൻ കഴിയുന്നത് ചെയ്തു നല്കുക. കാരണം അവർക്ക് സഹായം ചോദിക്കുവാൻ ഒരുപക്ഷെ നിങ്ങൾ കൂടി നിരസിച്ചാൽ മറ്റൊരാൾ ഉണ്ടാവില്ല. അപമാനഭാരമേറി ജീവിതം അവസാനിപ്പിക്കുന്നതിനു മുന്നേ ഉള്ള അവസാന ശ്രമം ആകാം ആ യാചന...
ഇനിയിപ്പോ മറിച്ചു അറിയാത്ത ഒരാൾ ആണെങ്കിൽ
ഓ ഇവനൊക്കെ വെള്ളമടിക്കാനാകും എന്ന് മുൻവിധിയോട് കൂടി അവരെ സമീപിക്കുന്നതിനു മുന്നേ ഓർക്കുക, എല്ലാ പ്രതീക്ഷകളും അറ്റ് നിവർത്തികേടിന്റെയും, നാണക്കേടിന്റെയും, അപമാനത്തിന്റെയും ഭാരം ആണ് ആ നീട്ടിയ കൈകളിൽ അതിനാൽ നിങ്ങൾ നല്കുന്ന ഒരോ തുട്ടും അതിപ്പോ എത്ര ചെറുതായാലും അതിനു അത്ഭുദങ്ങൾ പ്രവർത്തിക്കുവാൻ കഴിയും..
ഇനിയിപ്പോ അവർ തട്ടിപ്പുകാർ ആണെങ്കിൽ കൂടി അവരുടെ പ്രവർത്തിക്കുള്ള തക്ക മറുപടി അവർക്ക് ലഭിക്കുവാൻ ഇടയാകും....
നമ്മൾ ഓരോരുത്തരും ഒരോ ദൈവങ്ങൾ ആണ്. ദൈവം നമ്മുടെ ഉള്ളിലാണ് നമ്മുടെ നല്ല ചെയ്തികളിലാണ്. നമ്മൾ ഓരോരുത്തരും ചെയ്യുന്ന വലിയ നന്മകൾ അല്ലെങ്കിൽ നല്ല പ്രവർത്തികളിൽ ആണ് ദൈവം കുടികൊള്ളുന്നത്. നിങ്ങളുടെ ഉള്ളിലെ ദൈവത്തെ കണ്ടെത്തു....
~rsk~
Comments
Post a Comment