അഞ്ഞൂറ്
അഞ്ഞൂറു അഥവാ Five Hundred
"ഇന്ന് നിങ്ങൾക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു, നാളെ അത് മറ്റൊരാളുടേത് ആകും, മാറ്റം പ്രകൃതി നിയമമാണ്"
- ഭഗവദ് ഗീത
ജോലി സ്ഥലത്തെ പതിവ് പോലെ തന്നെ തിരക്ക് പിടിച്ചൊരു ദിവസം,
ഉച്ചയൂണൊക്കെ കഴിഞ്ഞു അല്പം ഒന്ന് ഫ്രീ ആയി ഇരിക്കുന്ന സമയം അയാളോർത്തു, കണക്കൊക്കെ ഒന്ന് നോക്കി വെക്കാം അതാകമ്പോ ഈ സന്ധ്യക്കുള്ള കൊതുക് കടി ഒഴിവാക്കി നേരത്തെ വീടു പിടിക്കാം.
എറണാകുളം നഗരത്തിലെ പുതുതായി ആരംഭിച്ച ഒരു ഓൺലൈൻ വ്യാപാര സ്ഥാപനത്തിലെ കാര്യസ്ഥൻ ആണ് കക്ഷി എന്ന് വെച്ച മാനേജർ. തുടക്കം ആയത് കൊണ്ട് വല്യ കച്ചോടം ഒന്നുമില്ല എന്നാലും ഉച്ച വരെ നിന്ന് തിരിയാൻ സമയമുണ്ടാകില്ല.
സ്റ്റാഫ് കുറവായത് കൊണ്ട് നന്നേ പിടിപ്പത് പണിയാണ്, പോരാത്തതിന് സ്ഥലം പരിചയകുറവും, ഈ ജോലിയിലെ പരിചയക്കുറവും വേറെ. ഇപ്പോൾ ഏതാണ്ട് കാര്യങ്ങൾ ട്രാക്കിലായി വരുന്നുണ്ട്. എന്നാലും ഫോൺ വിളിയും, പാക്കിങ്ങും, ഡെലിവറി ചാർട്ടിങ് ഒക്കെ ആയി ഉച്ച വരെ ജഗപൊകയാണ്. ഉച്ചകഴിഞ്ഞു പൊഴിഞ്ഞു പൊഴിഞാണ് ഓർഡറുകൾ ഉണ്ടാകുക. അതിനിടക്ക് കിട്ടുന്ന ഒഴിവ് സമയം അതുവരെ ഉള്ള കണക്കുകൾ ഒക്കെ നോക്കി തന്റെ ഭാഗം ക്ലിയർ ആക്കിയതിനു ശേഷം പിന്നെ അക്കൗണ്ടന്റ് ചേട്ടനുമായി ഇരിക്കണം. Sale ഉം ബാലൻസ് സ്റ്റോക്കും ഒക്കെ നോക്കി ഇറങ്ങുമ്പോ മികപ്പോഴും 12 മണിക്കൂർ ഡ്യൂട്ടി ആകും ദിനവും. സ്ഥാപന ഉടമ എന്നും നേരത്തെ വീട്ടിൽ പോകാൻ ഉപദേശിക്കുമെങ്കിലും, എന്തോ ഇതേവരെ അത് നടന്നിട്ടില്ല. എങ്ങനെ എവിടെ എന്തുകൊണ്ട് താമസിക്കുന്നു എന്ന് ചോദിച്ചാൽ ഞങ്ങൾക്കോട്ടു ഉത്തരം ഇല്ല താനും, താമസിക്കുന്നു അത്രന്നെ.
എന്തായാലും അങ്ങനെ ഒരു ദിവസം ഓപ്പണിങ് എമൌണ്ടും, അന്നത്തെ എക്സ്പെൻസും ഒക്കെ കൂട്ടിയും കുറച്ചും ഒക്കെ ഇരിക്കുന്നു അതിനു ശേഷം കയ്യിലുള്ള പൈസ എണ്ണി തിട്ടപ്പെടുത്തി കണക്ക് ടാലി ആക്കി വെക്കുക. എന്നും കണക്ക് ടാലി ആകുമ്പോ ഒരു സന്തോഷം ആണ്....
പൈസ എണ്ണി പൂർത്തിയായപ്പോഴേക്കും അയാൾ ഞെട്ടി, കണക്ക് പ്രകാരം ഒരു 500 ന്റെ താൾ കാണാനില്ല....!!!
വീണ്ടും വീണ്ടും കണക്കും പൈസയുമൊക്കെ എണ്ണി തിട്ടപ്പെടുത്തി അതെ 500 കുറവുണ്ട്..
കായൽ തീരത്തു സ്വച്ഛ ശീതളമായ ആ തണുത്ത കാലാവസ്ഥയിലും അയാൾ ആ കസേരയിൽ ഇരുന്ന് വിയർക്കാൻ തുടങ്ങി. ഒന്നോ, രണ്ടോ രൂപ പോലും കയ്യിൽ നിന്നു എവിടേലും നഷ്ടപ്പെട്ടാൽ ആ ദിവസം മുഴുവൻ അതോർത്തു സമയം കളയുന്ന ആളാണ്, ഇതിപ്പോ ഒന്നും രണ്ടുമല്ല പോയേക്കുന്നത് അഞ്ഞൂറാണ് അതും കമ്പനി പൈസ.
അയാൾ അവിടിരുന്നു ആ പൈസ പോകാൻ സാധ്യത ഉള്ള സ്ഥലങ്ങൾ ഒക്കെ ആലോചിച്ചു. ഇന്നലെ ഈ പൈസ കയ്യിൽ കിട്ടിയതിനു ശേഷം പൈസയുമായി പോയ വഴികൾ ഓരോന്നും അവിടിരുന്നു ആലോചിച്ചു കൂട്ടി, ഇന്നോളം ആരും സഞ്ചാരിച്ചിട്ടില്ലാത്ത രീതിയിൽ ഒരു ഭ്രാന്തനെ പോലെ അയാളുടെ മനസ്സ് ആ പൈസ തിരഞ്ഞു...
ഇല്ല എവിടേയും നഷ്ട്ടപെടാൻ സാധ്യത ഇല്ല.
കൂടെ ജോലി ഉള്ളവരോടൊക്കെ ഒന്നുകൂടി കൊടുത്തതും കിട്ടിയതുമായ കണക്കുകൾ ഒക്കെ പങ്കുവെച്ചു ഇല്ല ഒരു രീതിയിലും ആ 500 എവടെ എന്ന് കണ്ടു പിടിക്കാൻ പറ്റിയില്ല. ഒടുവിൽ ആ സത്യം അയാൾ ഉറപ്പിച്ചു തന്റെ 500 കൈവിട്ടു പോയി...
ഇനി മറ്റൊന്നും ചെയ്യാനില്ല തന്റെ കയ്യിൽ നിന്നും 500 എടുത്ത് വെച്ച് കണക്ക് ക്ലിയർ ചെയ്യുക... എന്നാലും ആ 500 അതെവിടെ പോയി?
ഒന്നുകിൽ വാങ്ങിയ പൈസയിൽ 500 കുറവുണ്ടായിരുന്നു, അല്ലെങ്കിൽ കൂടെയുള്ള ആരുടെ പക്കൽ പർച്ചെസിനായി കൊടുത്ത് വിട്ട കണക്കിൽ പിശക് വന്നിട്ടുണ്ടാവണം...
അതുമല്ലെങ്കിൽ താൻ തന്നെ സാധനം പോകാൻ പോയ എവിടെയെങ്കിലും വെച്ച് നഷ്ടപ്പെട്ടതാകണം, എവിടെ എങ്ങനെ എന്നൊന്നുമറിയില്ല എങ്കിലും സംഗതി നഷ്ട്ടപെട്ടു എന്ന് മനസിലുറപ്പിച്ചു. എന്നിട്ടും അയാളുടെ മനസ്സ് ആ 500 നെ കുറിച്ചു ചിന്തിച്ചു കാട് കയറുകയായിരുന്നു...
ആ ചിന്തകൾ പലവഴിക്ക് പോയി, വീണ്ടും വീണ്ടും ഓഫീസ് മുഴുവൻ അരിച്ചു പെറക്കി, പല തവണ തന്റെ ബാഗും, പോക്കറ്റുകളും ഒക്കെ ഒരു ഭ്രാന്ത് പിടിച്ചവനെ പോലെ ആവർത്തിച്ചു നോക്കി. എന്നാലും ആ 500 രൂപ എവിടെപ്പോയി, എല്ലായിടവും നോക്കിയോ, പോയ സ്ഥലങ്ങൾ ഒക്കെ ഒന്ന് ആലോചിച്ചു നോക്കിയേ എന്നിങ്ങനെ ഉള്ള സഹപ്രവർത്തകരുടെ ചോദ്യങ്ങളെ തെല്ലു നീരസത്തോടെ അവഗണിച്ചു വീണ്ടും തപ്പൽ തുടർന്നു. അപ്പോഴാണ് കൂട്ടത്തിലൊരുവൻ ഒരഞ്ഞൂറു രൂപ അല്ലേ വിട്ടു കള എന്ന ഡയലോഗുമായി എത്തിയത്. ചോദിച്ചു പോയവനെ ദഹിപ്പിക്കുന്ന തരത്തിൽ ഒരു നോട്ടവുമായി മുഖമുയർത്തിയ അയാളുടെ "500 നിസ്സാരമായ തുകയല്ലേ എന്ന നിങ്ങളെവരും കൂടി പിരിച്ചു നൽകു" എന്ന മറുപടിയിൽ പിന്നീടു ആ പൈസയെ കുറിച്ചുള്ള ചർച്ചകളും സംസാരങ്ങളും അവിടെ നിലച്ചു.
നേരത്തെ തന്നെ ജോലി ഒക്കെ ഒഴിച്ചു അയാളന്നു സഞ്ചരിച്ച വഴികളും പോയ കടകളും ഒക്കെ വെറുതെ ഒന്നുകൂടി പോയി, പോകുന്ന വഴിയിൽ എല്ലാം അവൻ നോക്കിയത് തന്റെ ആ 500 വഴിയിൽ എവിടേലും ഉണ്ടോ എന്നതാണ്, റോഡു വക്കിലെ ഇല്ലാത്ത നോട്ടും നോക്കി പോയി പോയി അപകടം ഒന്നും പറ്റാതെ എങ്ങനെയോ ഒക്കെ തിരിച്ചു റൂമിൽ എത്തി. കുളി ഓക്കെ കഴിഞ്ഞ് വിശ്രമിക്കുന്ന നേരവും ചിന്ത ആ പൈസയെ കുറിച്ചാരുന്നു. "എന്നാലും എവിടെ പോയി കാണും എന്റെ പൈസ ആർക്കായിരിക്കും അത് കിട്ടിയിട്ടുണ്ടാകുക, കിട്ടിയ ആൾക്ക് അത് തന്റെ ആണെന്ന് മനസിലായിട്ടുണ്ടാകുമോ, എങ്ങനെ അതറിയാനാണ്, ഇനിയിപ്പോ അറിഞ്ഞാലും കാശ് അത് ആരേലും തിരികെ നല്കുമോ. പത്രത്തിൽ ഒക്കെ പലപ്പോഴും വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ വലിയ വലിയ തുക ഒക്കെ തിരികെ കൊടുത്ത കഥയൊക്കെ,. പക്ഷെ അതൊക്കെ വലിയ വലിയ തുകയല്ലേ?? ഇത് വെറും 500 അല്ലെ?? പക്ഷെ തന്നെ സംബന്ധിച്ചു 500 എന്നല്ല 5ഉം ഇപ്പോഴത്തെ അവസ്ഥയിൽ വലിയ തുക തന്നെയാണ്!!!" അങ്ങനെ അങ്ങനെ അയാളുടെ ചിന്തകൾ നീണ്ടുപോയി.
എന്തായാലും ആ പൈസ ആർക്കേലും കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു പാവപെട്ട വ്യക്തിക്ക് ആകണേ എന്നയാൾ മനസിലോർത്തു, പക്ഷെ അങ്ങനെ തനിക്ക് ചിന്തിക്കാൻ ഒക്കുമോ ഏതൊരു സ്ഥാനവും അവനവന്റെ കൈവശം ഉണ്ടെങ്കിൽ അവന്റെ ആണ്, പൂർണമായും അങ്ങനെ അവകാശപ്പെടാൻ ആകില്ല എങ്കിൽ കൂടിയും അങ്ങനെ ആണ് വെപ്പ് പക്ഷെ അത് കൈമോശം വന്നാൽ പിന്നെ അത് ആർക്ക് എന്തിനു എന്നൊക്കെ അവകാശപ്പെടാൻ നഷ്ടപ്പെടുത്തിയ ആൾക്ക് അവകാശമില്ല ഒട്ടും...
ആ നഷ്ട്ടപെട്ട നോട്ടിൽ എഴുതിയിരിക്കുന്നത് പോലും "I promise to pay the bearer the sum of five hundred rupees" എന്നല്ലേ, എന്ന് വെച്ചാൽ അത് കൊടുക്കുന്ന ആർക്കോ അവർക്ക് അഞ്ഞൂറു രൂപക്ക് തുല്യമായ പൈസയോ മറ്റു സാധനങ്ങളോ അത് വെച്ച് മാറി എടുക്കാം എന്നല്ലേ. അത് കൊടുക്കുന്ന ആരോ അവരല്ലേ ആ കാശിന്റെ അപ്പോഴത്തെ ഉടമ. തന്റെ കയ്യിൽ വരുന്നതിനു മുന്നേ അത് മറ്റൊരാളുടെ കയ്യിൽ ആയിരുന്നു ഇനി വേറൊരുളുടെ ആകും, പക്ഷെ തനിക്ക് ആ മൂല്ല്യത്തിലുള്ള വസ്തു നഷ്ട്ടപെട്ടു....!!!
" ആ നോട്ടിനു ഒന്നുറക്കെ ശബ്ദിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ അത് ചെലപ്പോൾ അതിന്റെ ഉടമസ്ഥൻ ഞാൻ ആണെന്ന് പറയുമായിരിക്കുമോ?? എന്റെ കയ്യിൽ നിന്നും അറിയാതെ എവിടേയോ നഷ്ടപ്പെട്ടപ്പോൾ ആ നോട്ട് വിഷമിച്ചിട്ടുണ്ടാകുമോ?? ഒന്നുമില്ലെങ്കിലും ജീവനുള്ള ഒരു മരത്തിൽ നിന്നും ഉണ്ടാക്കിയ പേപ്പറിൽ നിന്നല്ലേ കറൻസി നോട്ടുകൾ ഉണ്ടാക്കുന്നെ അപ്പോ അതിനും വേദനയും, ചിന്തകളും വിഷമങ്ങളും ഉണ്ടാകില്ലേ??
എവിടെ ഉണ്ടാകാൻ, ഇല്ല ഒരിക്കലും ഉണ്ടാകില്ല, ദുഷ്ടനായ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ ഭാഗമായി ഉണ്ടായി വന്നതാണ് ഈ നോട്ടുകൾ, പല കൈമറിഞ്ഞു ഒടുവിൽ എന്റെ അടുത്തെത്തിയ ആ നോട്ട് എനിക്ക് മുൻപേ ഉപയോഗിച്ച പലരും പല അരുതായ്മകൾക്ക് ഉപയോഗിച്ചിട്ടുണ്ടാവാം അങ്ങനെ ജീവനുള്ള മരത്തിൽ നിന്നും ചീന്തിയെടുത്ത പലവിധ പീഡനങ്ങൾക്കും ശേഷം നോട്ട് ആയി രൂപാന്തരപ്പെടുന്നു, തന്റെ ഒപ്പം ചീന്തി എടുത്ത മര കഷ്ണങ്ങൾക്ക് കിട്ടാത്ത തരത്തിലുള്ള സൗഭാഗ്യം വീര പരിവേഷവും സ്നേഹവും ഒക്കെ ഓരോ കറൻസി നോട്ടുകൾക്കും മനുഷ്യൻ നല്കുന്നു, ശേഷം കയ്യിൽ കിട്ടിയ പലരുടെയും നന്മ തിന്മകൾ ഒക്കെയും കണ്ട് കൈമറിഞ്ഞു കൈമറിഞ്ഞു പോയി ഒടുവിൽ മുഷിയുകയോ കീറുകയോ അല്ലെങ്കിൽ മറ്റൊരു നോട്ട് നിരോധനത്തിന് വിധേയമായി ഒരു ക്രഷർ യൂണിറ്റിൽ തീരുന്ന രണ്ടാം ജന്മം. ഈ രണ്ടാം ജന്മത്തിൽ തന്നെ പല വിധ കൊള്ളരുതായ്മക്കും ഉപയോഗിക്കുന്നത് കണ്ട് മനസ്സ് മുരടിച്ച ഒരു നോട്ട് ഒരിക്കലും വളരെ കുറച്ചു നേരം എന്റെ കൈവശം ഇരുന്നു എന്ന കാരണത്താൽ തനിക്ക് വേണ്ടി സംസാരിക്കാനോ ഇല്ല ഒരിക്കലും ഉണ്ടാവില്ല, അത് നഷ്ട്ടപെട്ടു അത്ര തന്നെ"......
മുറിക്കു പുറത്ത് തന്റെ കതകിൽ ശക്തമായ തട്ടലും മുട്ടലും കേട്ടു അവൻ ചിന്തയിൽ നിന്നുമുണർന്നു," ചേട്ടാ സ്വിഗിയിൽ നിന്നും ഓർഡർ ചെയ്ത ഫുഡ് വന്നു, പൈസ കൊടുക്കണം", ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന അമലിന്റെ ശബ്‍ദമാണ്, അത് കേട്ട ഉടനെ അവൻ നേരെ പേഴ്സ് എടുത്തു അതിൽ നിന്നും മറ്റൊരു 500 രൂപയുമായി വെളിയിലേക്ക് ഇറങ്ങി ചെന്നു. അന്നേരം മറ്റൊരു 500 തന്റെ പക്കൽ നിന്നും പോകുന്ന വിഷമം ഒന്നും അവനില്ലായിരുന്നു, അന്നേരം ആ 500 സ്വിഗി ഡെലിവറി ബോയ്ക്ക് കൊടുക്കുമ്പോൾ ആ പുതിയ 500 ന്റെ നോട്ടിനു ഉണ്ടാകാൻ സാധ്യത ഉള്ള വിഷമത്തെ കുറിച്ചും അവനു ചിന്ത ഇല്ലായിരുന്നു..
Comments
Post a Comment