കപ്പലണ്ടി മിട്ടായി
2013 ആം ആണ്ട് 4 ആം മാസത്തിൽ ആണീ കഥ നടക്കുന്നത്..
അന്ന് ആക്കാലത്തെ ഇന്ത്യയിലെ എഡ്യൂക്കേഷൻ രംഗത്തെ ഭീമനിൽ ജോലി ചെയ്യുന്ന കാലം. ആദ്യ ജോലി ആണ്, പോസ്റ്റിങ്ങ് കിട്ടിയത് പഠിച്ച സ്കൂളിലും, അതുകൊണ്ട് തന്നെ കൊണ്ട് പിടിച്ചു ഉത്സാഹിച്ചു ഉള്ള ജോലി. ഒരുപക്ഷെ മറ്റൊരു കമ്പനിയിലും, ജോലിയിലും അതേപോലെ സന്തോഷം കണ്ടെത്താൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല എന്ന് വേണം പറയാൻ. കമ്പനിയുടെ നല്ല സമയം ഈയുള്ളവന്റേം.
അത്യാവശ്യം ജോലിയിൽ നല്ല പേരുള്ളത് കൊണ്ടും, വേറെ ആരും പോകാൻ ഇല്ലാത്തത് കൊണ്ടും സമീപ പ്രദേശങ്ങളിൽ ഉള്ള പല സ്കൂളുകളിൽ ട്രെയിനിങ് ആവശ്യത്തിനും, ടെക്നിക്കൽ സപ്പോർട്ട് കൊടുക്കാനും എന്നെ കൂടി കൂട്ടുകയോ അല്ലേൽ ഒറ്റക്ക് പറഞ്ഞു വിടുന്ന കലാപരിപാടികൾ ഒക്കെ ഉണ്ടായിരുന്നു. നേരത്തെ പറഞ്ഞ പോലെ പ്രായത്തിന്റെ ഒരു തിളപ്പിൽ അതൊക്കെ ഒരുപാടു എൻജോയ് ചെയ്ത് ചെയ്യാനും കഴിഞ്ഞിരുന്നു.
അങ്ങനെ ഉള്ള ഒരു ട്രെയിനിങ് ദിവസം. എന്റെ റിപ്പോർട്ടിങ് മാനേജർ ശ്രീകുമാർ സർ, അസിസ്റ്റന്റ് മാനേജറും എന്നാൽ അതിന്റെ ജാടകൾ ഇല്ലാത്ത വിഷ്ണു ബ്രോയുടെയും ഒപ്പമാണ് പോക്ക്...
ശ്രീകുമാർ സർ തിയറി ക്ലാസ്സെടുക്കും ഞങ്ങൾ പുള്ളിയെ സഹായിക്കലും തിയറി കഴിയുമ്പോ അധ്യാപകർ പഠിച്ചതൊക്കെ പരിശീലിക്കുന്ന സമയത്ത് കൂടെ നിന്ന് സപ്പോർട്ട് ചെയ്യുക ഇതൊക്കെയാണ് അന്നത്തെ കലാപരിപാടികൾ..
കൊല്ലം ജില്ലയിലെ വർഷങ്ങളുടെ പാരമ്പര്യമുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് അന്നത്തെ ട്രെയിനിങ്.
ട്രെയിനിങ് ഒക്കെ ഭേഷായി കഴിഞ്ഞു, അധ്യാപകരൊക്കെ മികച്ച അഭിപ്രായം, ഒപ്പം സ്കൂൾ പ്രിൻസിപ്പൽ, മാനേജ്മെന്റ് ഒക്കെ പെരുത്ത് ഹാപ്പി, ഞങ്ങളും പൊതുവെ ഹാപ്പിയായി.. പക്ഷെ സ്കൂളിന്ന് ഇറങ്ങാൻ നേരം മ്മടെ വിഷ്ണു ചേട്ടന് മാത്രം ഒരു മ്ലാനത.. എന്തെരടെ മുഖത്തു ഒരു പ്രസാദമില്ലല്ലേ എന്ന ചോദ്യത്തിന് മറുപടിയായി, രാവിലെ മുതൽ ഇതേവരെ ഒന്ന് പൊകക്കാൻ കഴിഞ്ഞില്ല, ഇത്രയും നേരം ഇങ്ങനെ കടിച്ചു പിടിച്ചു നിക്കുവായിരുന്നു എന്ന. മറുപടി ആണ് കിട്ടിയത്.
സ്വതവേ ഒരു വലിക്കാരനായ ശ്രീകുമാർ സാറിനും അത് നന്നേ ബോധിച്ചു. അടുത്ത ചോദ്യം എവിടെ പോയി ഒന്ന് പുകവലിക്കും എന്നുള്ളതാർന്നു. സ്വാഭാവികമായും ആ ചോദ്യം ഉയർന്നു വന്നപ്പോൾ രണ്ടുപേരുടേയും നോട്ടം എന്റെ നേർക്കായി, കാരണം കൂട്ടത്തിൽ ഞാനാർന്നല്ലോ ലോക്കൽ. ആ പ്രദേശത്തു സിഗരറ്റ് കിട്ടാൻ ബുദ്ധിമുട്ടില്ല സ്കൂൾ ഏരിയ കഴിഞ്ഞ് മുന്നോട്ട് പോയാൽ ധാരാളം കടകൾ ഉണ്ട്, ഞാനത് അവരോട് പറഞ്ഞു. അവർക്കാകെ ഒറ്റ കണ്ടിഷൻ ഉള്ളർന്നു, സ്കൂൾ കഴിഞ്ഞു വരുന്ന അധ്യാപകർ ഒന്നും കാണരുത്,ഇപ്പൊ കഴിഞ്ഞ ക്ലാസ്സിലൂടെ ഉണ്ടാക്കിയെടുത്ത ആ ഇമ്പ്രെഷൻ കളയരുതല്ലോ...!!!
ഞാൻ ഓക്കേ പറഞ്ഞു, ആരും കാണില്ല ഒന്നാമത് മിക്ക അധ്യാപകർക്കും വണ്ടി ഉണ്ടാകും, ക്ലാസ്സ് കഴിഞ്ഞു, സ്കൂൾ പ്രിൻസിപ്പലുമായി ഒക്കെ സംസാരിച്ചു ഏറെ കഴിഞ്ഞാണ് ഞങ്ങൾ ഇറങ്ങിയതു, അതുകൊണ്ട് ആരും കാണാൻ സാധ്യതയില്ല എന്റെ ഊഹാപോഹ തിയറി വെച്ച് ഞാൻ സമർത്ഥിച്ചു. അങ്ങനെ ദൂരെ എവിടേലും പോയി ഒരു പുക വിടാം എന്ന് കരുതിയ അവരെ തൊട്ടടുത്ത മെയിൻ ജംഗ്ഷനിലെ ഒരു കടയിൽ ഞാൻ എത്തിച്ചു. ഇവരുടെ പുക വിടൽ സമയത്തു എനിക്കൊരു നാരങ്ങ വെള്ളവും, കപ്പലണ്ടി മിട്ടായിയും പതിവാണ്, പിന്നെ എല്ലാം കഴിയുമ്പോ ഒരു വിക്സ് മിട്ടായിയോ ഹാൾസോ ഒക്കെ ആയി പിരിയും ഇതാണ് പതിവ്. ഇക്കുറിയും പതിവ് തെറ്റിച്ചില്ല, ഞാൻ ഒരു കയ്യിൽ സോഡാ നാരങ്ങയും മറുകയ്യിൽ കപ്പലണ്ടി മിട്ടായിയുമായി നിന്നു, വിഷ്ണു ചേട്ടൻ മാരകമായി വലിച്ചു ടൈറ്റാനിയത്തിലെ പുക കുഴലിൽ നിന്നും പുക പോകുന്നത് പോലെ തല മുകളിലേക്ക് ഉയർത്തി വലിച്ചു വിടുന്നു. ശ്രീകുമാർ സർ കുറച്ചു സ്റ്റൈലിലാണ് പുകവിടൽ, അല്പം പതുക്കി കുറച്ചു കുറച്ചു മാത്രമായി പുറംതള്ളി കൂടെ കാര്യമൊക്കെ പറഞ്ഞു പതുക്കെ ആണ് പുകവിടൽ. അവരോടൊപ്പം കാര്യമൊക്കെ പറഞ്ഞു നിക്കുമ്പോഴാണ് സ്കൂൾ ഭാഗത്തു നിന്നും ഒരു സ്കൂൾ ബസ് വരുന്നു. അവധി ദിവസമല്ലേ വല്ല പെട്രോൾ അടിക്കാൻ പോന്നതാകും, ഞാൻ വല്യ ഭാവം കൊടുത്തില്ല. ഞങ്ങടെ ഭാഗ്യത്തിന് ബസ് കൃത്യം ഞങ്ങൾ നിന്ന ബേക്കറിക്ക് ഫ്രണ്ടിൽ തന്നെ കൊണ്ട് നിർത്തി, ഇനി ആ ബസ് ഹൈവേയിലേക്ക് കേറണം, NH ആയതിനാൽ സ്വാഭാവികമായും സമയമെടുക്കും, അ വണ്ടിക്ക് തൊട്ടു പിന്നാലെ മറ്റൊരെണ്ണം, വീണ്ടും ദേ മൂന്നാമത് ഒരണ്ണം കൂടി, എല്ലാത്തിലും നേരത്തെ അവിടെ പരിശീലിച്ച അധ്യാപകർ. അവധി ദിവസം ആയതിനാൽ എല്ലാ അധ്യാപകർക്കും അന്ന് സ്കൂൾ അറേഞ്ച് ചെയ്ത വാഹന സൗകര്യം ഉണ്ടായിരുന്നിരിക്കണം. പല സ്ഥലത്തേക്ക് പോകുന്നവരെ വഹിച്ചു കൊണ്ട് പോകുന്ന വാഹന വ്യൂഹം ആണ് ഞങ്ങളുടെ മുന്നിൽ.
സ്കൂൾ ബസ് കണ്ടതോടു കൂടി അവർ രണ്ടുപേരും പെട്ടെന്ന് അവരുടെ 'വലം കൈ വിത്ത് സിഗററ്റ് ' പിറകിൽ ഒളിപ്പിച്ചു പുക പുറത്തേക്ക് വിടാതെ ശ്വാസം പിടിച്ചു നിന്നു, അവരുടെ രണ്ടുപേരുടെയും മൂട്ടിൽ നിന്നും പുക ഉയരുന്നുണ്ട്. ആരുകണ്ടാലും വലിച്ചു കേറ്റിയ പുക പിറകിൽ കൂടി വിടുകയാണെന്നു തോന്നും. തൊട്ടു പിറകെ അവര് ചെയ്തപോലെ എന്റെ വലംകയ്യും പിറകിൽ ഒളിപ്പിച്ചു, കപ്പലണ്ടി മിട്ടായിയുമായി.
ഹൈവേയിലേക്ക് കേറുന്നത് വരെ പുക പിടിച്ചു വെക്കാൻ രണ്ടു പേർക്കും കഴിഞ്ഞില്ല. വിഷ്ണു ബ്രോ അൽപ നേരം കഴിഞ്ഞപ്പോ ഒരു ചുമയോട് കൂടി അകത്തു പിടിച്ചു വെച്ച പുക എല്ലാം പുറംതള്ളി, ശ്രീകുമാർ സർ വളരെ പണിപ്പെട്ട് മൂക്കിലൂടെയും, വായിലൂടെയും, ചെവിയിലൂടെയും എന്തിനു രോമത്തിൽ കൂടെ വരെ ചെറുതായി ചെറുതായി പുക പുറത്തേക്ക് വിട്ടു തീർത്തു, ബസിലിരുന്ന അധ്യാപകരെയൊക്കെ നോക്കി ഒന്ന് പുഞ്ചിരിച്ചു, അവരും തിരികെ ഒരു ആക്കിയ ചിരി ഒക്കെ പാസ്സാക്കി. പക്ഷെ അപ്പോഴും ഞാൻ പാതികടിച്ച കപ്പലണ്ടി മിട്ടായി ബാക്കിൽ പിടിച്ചു മറുകയ്യിൽ നാരങ്ങ സോഡയുമായി നിൽപ്പാണ്. ബസിലിരുന്ന ടീച്ചർമാരൊക്കെ ഞാൻ ഇത്രയും നേരം പുക പുറംതള്ളാതെ നിന്നതിൽ അത്ഭുദപെട്ടു കാണണം!!!
എന്തായാലും ഭാഗ്യത്തിന് വണ്ടി എല്ലാം നീങ്ങി തുടങ്ങി, ഞാൻ പതുക്കെ ശ്വാസം ഒക്കെ വിട്ടു അവരെ രണ്ടുപേരെയും നോക്കി. എന്നെ കടിച്ചു കീറാൻ ഉള്ള ദേഷ്യമുണ്ട് രണ്ടിന്റെയും മുഖത്തു വിഷ്ണു ചേട്ടന്റെ കയ്യിന്നു ഇടി കിട്ടുന്ന അവസ്ഥ വരെ ആയി , ഇടിക്കാൻ വന്നതാണ് പക്ഷെ അപ്പോഴാണ് ശ്രീകുമാർ സർ ഒരു ചോദ്യം എടുത്തിട്ടത്, അല്ല നീയെന്തിനാ ഈ കപ്പലണ്ടി മിട്ടായി എടുത്ത് മറച്ചു പിടിച്ചത്. അതോടെ സംഘർഷാവസ്ഥ ഉത്കണ്ടക്കും, എന്തിനാണെന്ന് അറിയില്ലെന്ന എന്റെ മറുപടി കൂട്ടച്ചിരിയിലേക്കും വഴിമാറി.
സത്യം പറഞ്ഞാൽ ഇന്നും എനിക്കറിയില്ല അപ്പോൾ ഞാൻ എന്തിനു അങ്ങനെ ചെയ്തു എന്ന്.....
സിഗരറ്റ് സംഭവത്തിന് ശേഷം പിന്നീട് പല തവണ ആ സ്കൂളിൽ ചെല്ലുമ്പോഴും എന്നെ +1 ക്ലാസ്സിലെ കണക്കാദ്ധ്യാപിക ആയ എന്നെ എപ്പോൾ കണ്ടാലും സ്നേഹത്തോടെ പെരുമാറിക്കൊണ്ടിരുന്ന ഒരാദ്ധ്യാപിക എന്നെ കണ്ടാൽ അറിയാത്ത പോലെ നടന്നു പോകുമായിരുന്നു. അന്ന് ആ ട്രെയിനിങ് ദിവസം അവിടെ ആ ടീച്ചറും ഉണ്ടായിരുന്നു, ബസിലും. എന്റെ സിഗരറ്റു വലി ആണ് ടീച്ചറുടെ മൈൻഡ് ചെയ്യാതെ ഉള്ള നടപ്പിന് കാരണം എന്ന് പിന്നീട് മനസിലാക്കി ഒള്ള സത്യം ടീച്ചറോടു പറഞ്ഞതിന് ശേഷം ആണ് അവർ പിന്നീട് എന്നോട് സംസാരിക്കാൻ തുടങ്ങിയത്. അന്ന് അതെ ബസിൽ കുട്ടിക്കാലം മുതൽക്കേ എന്നെയും, വീട്ടുകാരെയുമൊക്കെ നന്നായി അറിയുന്ന ആ സ്കൂളിലെ മറ്റൊരു അദ്ധ്യാപികയും ഉണ്ടായിരുന്നു...
പിൽകാലത്തു വളരെ യാദൃശ്ചികം എന്ന് പറയട്ടെ എന്റെ ഒരു കല്യാണം കപ്പിനും ചുണ്ടിനും ഇടയിൽ ഈ ടീച്ചർ മുഖേന തെറ്റി പോയിട്ടുണ്ട്..
എന്റെ നല്ലതിന് വേണ്ടിയാണു, ആ കുട്ടി എനിക്ക് ചേരില്ല എന്നൊക്കെ അമ്മയോട് പറഞ്ഞുവത്രെ.
അത് പോയത് നിന്റെ നല്ലതിനാടാ എന്ന് ആയിടക്ക് എന്നെ കാണുമ്പോ കാണുമ്പോ ഒരാവശ്യവുമില്ലാതെ ആ ചേച്ചി(ടീച്ചർ ആകുന്നേനു മുന്നേ എനിക്ക് ആളെ അറിയാവുന്നതിനാൽ അങ്ങനെ ആണ് വിളിച്ചു പോരുന്നത്) പുട്ടിനു പീര ഇടുന്നത് പോലെ ഇടക്ക് ഇടക്ക് വന്നെന്നോട് പറയാറുണ്ടായിരുന്നു. ഒടുവിൽ അത് കേക്കാൻ വയ്യാത്തോണ്ട് ഞാൻ ആ ചേച്ചിയെ ഒളിച്ചു നടക്കുന്ന സമയം വരെ ഉണ്ടായിരുന്നു...
അന്ന് ആ ചേച്ചി എന്റെ നല്ലതിന് വേണ്ടി ആലോചന വേണ്ട എന്ന് വെപ്പിച്ചതിലൂടെ ആ പെൺകുട്ടിയിൽ നിന്നും എന്നെ രക്ഷിച്ചതാണോ അതോ കപ്പലണ്ടി മിട്ടായി പുകച്ച സംഭവം കാരണം ഒരു പുകവലിയനിൽ നിന്നും ആ ചേച്ചിടെ തന്നെ ബന്ധുവായ പെൺകുട്ടിയെ രക്ഷിച്ചതാണോ എന്ന് ഇന്നും എനിക്ക് അവ്യക്തമാണ്...
ഒരു കപ്പലണ്ടി മിട്ടായി വരുത്തി വെച്ച വിനയേ!!!
എന്നാലും ഇന്നും ഇപ്പോഴും മറ്റേത് മിട്ടായിയെക്കാളും എനിക്കിഷ്ടം കപ്പലണ്ടി മിട്ടായി തന്നാണ്..... ❤
Comments
Post a Comment