പ്രാർതന
രോഗിയുടെ പേരും വയസ്സും???
മുഹമ്മദ് സഫീർ, വയസ്സ് 30
ചേച്ചിയുടെ പേരെന്ന???
അഞ്ജലി വയസ്സ് 26
വയസ്സ് വേണ്ട എങ്ങും എഴുതാനൊന്നുമല്ല വെറുതെ ചോദിച്ചതാ ഒരു ചിരിയോടു കൂടി ആ നഴ്‌സ് ആ കുട്ടിയോട് പറഞ്ഞു...
പ്രണയ വിവാഹം ആണല്ലേ സിറ്റുവേഷൻ ഒന്ന് കൂളാക്കാൻ എന്നവണ്ണം ആ നഴ്‌സ് വീണ്ടും ചോദിച്ചു . മറുപടി ഒരു ചിരി മാത്രമായിരുന്നു....
നിങ്ങടെ ഒക്കെ പേരെന്ന, ആ ചേച്ചിയുടെ ഒപ്പം നിന്ന കുട്ടികളോട് അവർ വീണ്ടും ചോദിച്ചു ജ്വാല ,ജീവ, മൂത്ത കുട്ടികൾ രണ്ട് പേരും പെട്ടെന്ന് ഉത്തരം പറഞ്ഞു. മൂന്നാമത്തെ ആൾ അമ്മയുടെ പിറകിൽ ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ നിൽപ്പാണ്. "മോൾടെ പേരെന്ന വാവേ" ഒരു ചെറിയ കൊഞ്ചൽ കലർന്ന തരത്തിൽ ആ നഴ്‌സ് ചോദിച്ചു.. 'ശക്തി' അമ്മയാണ് മറുപടി പറഞ്ഞത്...
ആഹാ മൂന്ന് പേരുടെയും പേര് സൂപ്പർ ആണല്ലോ. എനിക്ക് ശക്തി ആണ് കൂടുതൽ ഇഷ്ട്ടപെട്ടത് കേട്ടോ..എന്നും പറഞ്ഞു നഴ്‌സ് കുട്ടികളെ നോക്കി ചിരിച്ചു.
തന്റെ പേര് കേട്ടത് കൊണ്ടും കൊള്ളാം എന്ന് കേട്ടത് കൊണ്ടും ആവണം അത്രയും നേരം ഇവരുടെ സംസാരങ്ങൾ ഒന്നും കേക്കാതെ ആശുപത്രിയും പരിസരവും വീക്ഷിച്ചു നിന്ന ശക്തി നഴ്സിനെ നോക്കി ഒന്ന് ചിരിച്ചു ഒപ്പം മുകളിലേക്ക് തല ഉയർത്തി അമ്മയെയും..
അച്ഛന് എന്താ പറ്റിയെ അമ്മേ, നമുക്ക് വീട്ടിൽ പോകണ്ടേ, എനിക്ക് വിശക്കുന്നു എന്ന് ശക്തി അമ്മയോട് ചിണുങ്ങി കൊണ്ട് പറഞ്ഞു. അങ്ങനൊരു ചോദ്യം അവളിൽ നിന്നും പ്രതീക്ഷിക്കാതെ നിന്ന ആ അമ്മ ഒന്ന് പരുങ്ങി.
മോൾ പേടിക്കണ്ട കേട്ടോ അച്ചക്ക് ചെറിയ ഉവ്വാവ്വ ആണ് വേഗം സുഖമായിക്കോളും, ഉടനെ അച്ഛയുമായി മോൾക്ക് വീട്ടിൽ പോകാം കേട്ടോ.
കുഞ്ഞു മനസ്സുകളിൽ സന്തോഷം നൽകി ആ സിസ്റ്റർ അവരോടു പറഞ്ഞു. പക്ഷെ ആ വാക്കുകൾ അഞ്‌ജലിക്ക് അത്ര കണ്ട് സന്തോഷം നൽകുന്ന ഒന്നായിരുന്നില്ല..
കാരണം രണ്ടാഴ്ച മുന്നേ വരെയും ആരോഗ്യത്തോടെ കൂടി ഓട്ടോ ഓടിച്ചു അച്ചാടെ മക്കളെ എന്ന് വിളിച്ചു കുട്ടികൾക്കുള്ള പലഹാര പൊതിയുമായി വന്നു കൊണ്ടിരുന്ന ചുറു ചുറുക്കുള്ള ആൾ അല്ല തന്റെ ഭർത്താവ് ഇപ്പോൾ, പനിച്ചു വിറച്ചു പുതപ്പും ചൂടി ആ ആംബുലൻസിൽ അവശനായി കിടക്കുകയാണ് ആളിപ്പോൾ
ഏതാണ്ട് മൂന്ന് ആഴ്ചക്ക് മുന്നേ ആണെന്ന് തോനുന്നു, ഒരു ദിവസം ജോലി ഒക്കെ കഴിഞ്ഞ് വന്ന സമയം ചെറിയ പനിയും ജലദോഷം ഒക്കെ ഉണ്ടായിരുന്നു. ആളൊരു അലർജിക്കാരൻ ആയതിനാൽ അതാണെന്ന് കരുതി മരുന്ന് കഴിച്ചു എങ്കിലും ക്രമേണ പനി കൂടി, കൂടെ നിർത്താതെ ഉള്ള ചുമയും, ക്രമേണ വിശപ്പില്ല എന്ന കാരണം പറഞ്ഞു ആഹാരം കഴിക്കുന്നതും കുറഞ്ഞു. 3 മക്കൾക്കും ഭാര്യക്കും ഭക്ഷണം കൊടുക്കണ്ടേ, പനി വക വെക്കാതെ അയാൾ ഓടിക്കൊണ്ടിരുന്നു. പക്ഷെ അയാളിൽ TB പിടി മുറുക്കുന്നത് അറിയാൻ അവർ താമസിച്ചു പക്ഷെ അപ്പോഴേക്കും ആള് അവശനായിരുന്നു. 3 ആഴ്ച്ചക്ക് മുന്നേ 74 കിലോ ഉണ്ടായിരുന്ന തന്റെ ഭർത്താവ് ഇപ്പോൾ 54 കിലോ ആയി, എഴുന്നേറ്റ് നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ. 2 ദിവസം മുന്നേ ജനറൽ ഹോസ്പിറ്റലിൽ ചെക്ക് ചെയ്തപ്പോഴാണ് TB ആണെന്ന് അറിഞ്ഞത് പോലും ...
ഇന്ന് ഹോസ്പിറ്റലിൽ നിന്നു വിളിച്ചു പറഞ്ഞു വന്നു അഡ്മിറ്റ് ആകണം എന്ന് അങ്ങനെ എത്തിയതാണ് ഇവിടെ...
"ചേച്ചി കൂടെ നിക്കാൻ ഒക്കെ ആളുണ്ടോ" സിസ്റ്ററുടെ ചോദ്യം കേട്ടാണ് ആ സ്ത്രീ ഉണർന്നത്, ഇല്ല ഞാൻ നിന്നോളം എന്നായിരുന്നു മറുപടി.
ചിലപ്പോൾ മെയിൽ വാർഡിലാകും അഡ്മിറ്റ് ആക്കുക അങ്ങനെ ആണേൽ ചേച്ചി കൂടെ നിക്കാനോ മറ്റാവശ്യങ്ങൾക്കോ ഒരു ആളു വേണ്ടി വരും. അല്ലേൽ തന്നെ ചേച്ചിയെ നിർത്തിയ പോലും ഈ കുട്ടികളെ ആര് നോക്കും. അതുകൊണ്ട് ചേച്ചി, ചേട്ടന്റെ സഹോദരങ്ങളെയോ മറ്റൊ ഒന്ന് വിവരമറിയിക്കൂ, അതല്ല ചേച്ചിക്ക് നിക്കാൻ പറ്റുമെങ്കിൽ കുട്ടികളെ നോക്കാൻ ആരെലോടും വീട്ടിൽ വന്നു നിക്കാൻ പറയൂ. TB അല്ലെ പിള്ളേരെ കൂടെ നിർത്തുന്നത് റിസ്ക് ആണ് അതോണ്ടാ കേട്ടോ സിസ്റ്റർ പറഞ്ഞു നിർത്തി...
സിസ്റ്ററുടെ ചോദ്യങ്ങൾക്കും സംസാരങ്ങൾക്കും ഒക്കെ ചെറിയ തലകുലുക്കൽ മാത്രം ആ ചേച്ചി നൽകി മിണ്ടാതെ നിന്നു. പുറത്ത് മഴക്ക് മുന്നേ കാർമേഘം അന്തരീക്ഷം ഇരുൾ നിറച്ചത് പോലെ അന്നേരം ആ ഭാര്യയുടെ മുഖവും ഒരു കരച്ചിലിന് മുന്നേ ഉള്ള ഇരുൾ നിറഞ്ഞ അവസ്ഥയിലായിരുന്നു..
എന്തോ പ്രശ്നം ഉണ്ടെന്നു മനസിലായൊണ്ടാവണം എന്ത് പറ്റി ചേച്ചി വീട്ടിന്നു ആരും വരില്ലേ എന്ന് ചോദിച്ചത്..
ഇടിയും വെട്ടി പെയ്യുന്ന മഴ പോലെ ഒരു കരച്ചിൽ ആയിരുന്നു പിന്നവിടെ, അവരുടെ വിഷമം കണ്ടു നിൽക്കാൻ ആവാതെ ആ സിസ്റ്റർ അവരെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു..
താല്കാലികമായി ജോലിയിൽ പ്രവേശിച്ച സമയം പ്രളയവും കോവിടും ഒക്കെ തകർത്തെറിഞ്ഞ ജീവിതങ്ങൾ അവരുടെ വിഷമങ്ങൾ ഒക്കെ കണ്ടതാണ്. ഇപ്പോൾ സ്ഥിര ജീവനക്കാരി ആയപ്പോഴും അവസ്ഥക്ക് മാറ്റമൊന്നുമില്ല എന്നും ഉണ്ടാകും ഓരോ പ്രശ്നങ്ങൾ. അതെല്ലാം കണ്ടും കെട്ടും മനസ്സ് മരവിച്ചിരിക്കുന്നു പക്ഷെ എന്തോ ചേച്ചി എന്ന് വിളിച്ചെങ്കിലും തന്റെ പ്രായമേ ഉളളൂ അവർക്ക്. ജീവിത അവസ്ഥകൾ കാഴ്ചയിലും പെരുമാറ്റത്തിലും സ്വഭാവത്തിലും ഒക്കെ വല്ലാത്ത പക്വത നൽകിയിരിക്കുന്നു അവർക്ക്, എങ്കിലും ആ ആർജ്ജിത പക്വതയും ഒക്കെ ആ ചോദ്യത്തിന് മുന്നിൽ പൊട്ടി തകർന്നു പോയി...
ഒരിക്കലും ഒരു ആരോഗ്യ പ്രവർത്തക ഇത്തരം സാഹചര്യങ്ങളിൽ മനസ്സിളകാൻ പാടില്ലാത്തത് ആണ് ഒരു പക്ഷെ അതെ പ്രായം ഉള്ളോണ്ടാവാം, അവരുടെ വിഷമത്തിൽ ആ സിസ്റ്റർ ആടി ഉലഞ്ഞു പോയത്..
കരച്ചിൽ അവസാനിപ്പിച്ചു ആ കുട്ടി, കുട്ടികളുടെ അമ്മ സിസ്റ്ററോഡ് പറഞ്ഞു തുടങ്ങി തിരുവനന്തപുരം ആണ് അവളുടെ സ്ഥലം, ഭർത്താവ് കന്യാകുമാരികാരനും ആളുടെ അച്ഛന്റെ പേര് ശിവൻ എന്നാണ്, കുട്ടിക്കാലത്തു എപ്പഴോ മതം മാറി സഫീർ എന്ന പേര് സ്വീകരിച്ചു, വീട് പണിക്ക് വന്നു പരിചയപ്പെട്ട ആളുമായി വീട്ടുകാരെ ധിക്കരിച്ചു ഇറങ്ങിയതാണ്. വിവാഹ ശേഷം നാട്ടിൽ നിൽക്കാൻ പറ്റാത്ത വിധം പ്രശ്നങ്ങൾ ഉണ്ടായത് കാരണം പല സ്ഥലങ്ങളിൽ താമസിച്ചു ഒടുവിൽ ഇവിടെ എത്തിപ്പെട്ടു. അത്യാവശ്യം സാമ്പത്തിക അവസ്ഥ ഭർത്താവിന്റെ വീട്ടുകാർക്ക് ഉണ്ടായിരുന്നെങ്കിലും അവരെ ആരെയും ശല്യപ്പെടുത്താൻ പോയില്ല. തന്റെ വീട്ടിൽ ഇപ്പോഴും പ്രശ്നം ആണ്. അമ്മ മാത്രമേ തനിക്ക് അവിടുള്ളു, പക്ഷെ അമ്മക്ക് എന്നെ കാളും അമ്മയുടെ രണ്ടാം വിവാഹത്തിലുള്ള ആളും, ആളുടെ മക്കൾ പറയുന്നത് ആണ് കാര്യം. ഇടക്ക് താൻ അങ്ങോട്ട് വിളിക്കാറുണ്ടേലും സംസാരിക്കാൻ പോലും അമ്മ കൂട്ടാക്കാറില്ല.
പക്ഷെ എല്ലാ പ്രശ്നങ്ങൾ ഉണ്ടായിരുന്നേലും നാളിതെവരേക്കും ഒരു കുറവും കൂടാതെ തന്നെയും മക്കളെയും നോക്കി... പക്ഷെ ഇപ്പോൾ ... ഒരു നെടുവീർപ്പോടെ കരച്ചിൽ ഓടെ അവൾ പറഞ്ഞു നിർത്തി..
ഭർത്താവിന്റെ അവസ്ഥ പറഞ്ഞും മക്കളെ നോക്കാൻ വന്നു നിക്കുമോന്നു എല്ലാരോടും കരഞ്ഞു വിളിച്ചു ചോദിച്ചു. പക്ഷെ ആരും വരില്ല.. എന്നോട് എന്റെ ഭർത്താവിനേം കുട്ടികളെയും ഉപേക്ഷിച്ചു ചെന്നാൽ സ്വീകരിക്കാം എന്ന്...!!!
ഞാനെങ്ങനെ ഉപേക്ഷിക്കും സിസ്റ്ററെ, എന്റെ വീട്ടിലെ അവസ്ഥ ഒക്കെ കണ്ട്
15 ആം വയസ്സിൽ കൂടെ കൂട്ടിയതാ, എന്നെ ഇതേവരെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാ നോക്കിയത്.. ചേട്ടൻ പോയാൽ പിന്നെ എന്റെയും കുഞ്ഞുങ്ങളുടേയും അവസ്ഥ എന്താകും.. അഞ്ജലിയുടെ സംസാരം വീണ്ടും കരച്ചിലിലേക്ക് വഴി മാറി..
കുട്ടികളുടെ പ്രായവും അഞ്ജലിയുടെ പ്രായവും കണ്ടപ്പോഴേ കാര്യം മനസിലായിരുന്നു എങ്കിലും 15 എന്ന് കേട്ടപ്പോൾ ഒന്ന് അന്തിച്ചു, ഈശ്വര ഞാൻ ആ സമയത്ത് ഒരു കുട്ടി പാവാടയും ഇട്ടു
10 ആം ക്ലാസ്സ് പഠിക്കുന്ന സമയം, ആ സമയം ഈ കുട്ടി ഒരു 19 കാരനുമൊത്തു ജീവിക്കാനായി നാടാകെ ഓടുന്നു!!!
ചിന്തയിൽ നിന്നുണർന്ന് സിസ്റ്റർ, അഞ്ജലിയെ നോക്കി, എല്ലാം ശരിയാകും താൻ പേടിക്കണ്ട, ഞങ്ങളൊക്കെ ഇല്ലേ ഇവിടെ, താൻ കുട്ടികളെയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോളൂ പിള്ളേരെ ഒറ്റക്കാക്കാൻ പറ്റില്ലല്ലോ, ഇവിടുത്തെ കാര്യം ഞാൻ അറ്റെൻഡർ ചേട്ടന്മാരോട് പറഞ്ഞു റെഡി ആക്കാം. നിങ്ങളുടെ ഭർത്താവിന്റെ ജീവന് വേണ്ടി എന്റെ പ്രാർത്ഥന ഉണ്ടാകും, ഞങ്ങളുടെ എല്ലാവരുടെയും ശ്രദ്ധയും എപ്പോഴും ഉണ്ടാകും, ഒരു രീതിയിലും പേടിക്കണ്ട എന്റെ നമ്പർ വെച്ചോളൂ ആ കുട്ടീടെ തോളിൽ കൈവെച്ചു സിസ്റ്റർ പറഞ്ഞു നിർത്തി. അപ്പോഴേക്കും അയാളെ മെയിൽ വാർഡിലേക്ക് ബെഡ് തയ്യാറാക്കിയ വിവരവുമായി അറ്റെൻഡർമാരെത്തി..
വളരെ ചുരുക്കി അറ്റെൻഡർ ചേട്ടൻമാരോട് കാര്യം വിശദീകരിച്ചു രോഗിയെ വാർഡിലേക്കയച്ചു സിസ്റ്റർ അവരെയും കൂട്ടി കാന്റീനിലേക്ക് നടന്നു. കുട്ടികൾക്കും ആ അമ്മയ്ക്കും കഴിക്കാൻ വാങ്ങി നൽകി അവരെ യാത്ര അയച്ചു..
അൽപ്പം നടന്ന ആ കുട്ടി സിസ്റ്ററെ തിരിഞ്ഞു നോക്കി, ധൈര്യമായി പോയി വരൂ എന്ന് സിസ്റ്ററുടെ കണ്ണുകൾ പറയുന്നുണ്ടാർന്നു..
അമ്മയും കുട്ടികളും കണ്ണിൽ നിന്നു മറയുംവരേയ്ക്കും സിസ്റ്റർ അവരെ നോക്കി നിന്നു..
അന്നേരം സിസ്റ്ററുടെ മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു ആ അമ്മയുടെയും കുട്ടികളുടെയും കരച്ചിൽ കാണാൻ ഇടവരുത്തരുതേ ദൈവമേ എന്ന് 🙏🏼🙏🏼🙏🏼
~ rsk ~
Comments
Post a Comment