Play Pause Stop
ജീവിതത്തിൽ തെറ്റുകൾ പറ്റാത്തവർ വളരെ ചുരുക്കമാണ്. പക്ഷെ പറ്റിയത് അബദ്ദമാണെന്നോ, ചെയ്തത് തെറ്റാണെന്നൊ മനസിലാകാത്തവർ ആണ് കൂടുതലും. ആ നേരത്തിന്റെ ശരികൾ ആണ് പിന്നീടുള്ള ജീവിതത്തിൽ തെറ്റുകൾ ആയി മാറുന്ന ശരികൾ പലതും. അതിനാൽ തന്നെ ഒരു സമയത്തെ ശരികൾ തെറ്റായി മാറുമ്പോഴേക്കും തിരുത്തുവാൻ കഴിയാത്ത ഒരു തലത്തിലേക്ക് അത് മാറിയിട്ടുണ്ടാകും...
ഒരിക്കലെങ്കിലും ജീവിതത്തിൽ ഒരു റീവൈൻഡ് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ഒരാളും ഉണ്ടാകില്ല. പിന്നിട്ട വഴികളിലെ അനുഭവ സമ്പത്തും, പാഠങ്ങളും
ഒക്കെ ഉൾക്കൊണ്ട് ഒന്ന് റീവൈൻഡ് അടിച്ചു ഇളം പ്രായത്തിലേക്ക് തിരികെ പോകുക. ചില ചെറിയ ചെറിയ കാര്യങ്ങളിൽ ഒക്കെ തിരുത്തൽ നടത്തുക. അതനുസരിച്ചു മുന്നോട്ട് മാറിയ ജീവിത സാഹചര്യങ്ങളുമായി മുന്നോട്ട് പോകുക.
തെറ്റ് പറ്റിയ തീരുമാനങ്ങൾ, സാഹചര്യങ്ങൾ ഒക്കെ മനസിലാക്കി തിരികെ പോയി അവയൊക്കെ തിരുത്തി ജീവിതത്തെ മറ്റൊരു ദിശയിലേക്ക്, പുതിയ അനുഭവങ്ങളിലേക്ക് നയിക്കുക.....
ആലോചിക്കാൻ നല്ല രസമാണ് സിനിമയിലൊക്കെ കാണാനും പക്ഷെ ജീവിതത്തിൽ അങ്ങനെ ഒന്നുണ്ടാകില്ല... ഒരു റീവൈൻഡ് ബട്ടൺ...
പക്ഷെ തെറ്റ് തിരുത്തുവാൻ ഉള്ള സാഹചര്യങ്ങൾ മുന്നോട്ടുള്ള ജീവിതത്തിൽ എപ്പോഴേലും ഉണ്ടായേക്കാം.. പക്ഷെ അങ്ങനെ ഒരു സാഹചര്യം ഉണ്ടാകണമെങ്കിൽ ചെയ്തത് തെറ്റാണെന്നു മനസിലാക്കുവാൻ ഉള്ള കഴിവ് ആണ് ആദ്യം വേണ്ടത്, പിന്നീട് അത് തിരുത്തുവാൻ ഉള്ള മനസ്സും. കാലം എത്രയോ മുന്നോട്ട് പൊയ്ക്കൊള്ളട്ടെ, എത്ര കാലം കഴിഞ്ഞിട്ട് ആണെങ്കിലും ചെയ്ത ഒരു തെറ്റിനെ ന്യായീകരിക്കാതെ അത് മനസിലാക്കി തിരുത്തി മുന്നോട്ട് പോകാൻ കഴിഞ്ഞാൽ അത് നല്ലതാണ്....
ജീവിതത്തിൽ മിക്കവർക്കും മിക്കപ്പോഴും മുന്നിൽ ഓപ്ഷനുകൾ, ചോയ്സുകൾ ഉണ്ടാകാം.. അതിലൊന്ന് തിരഞ്ഞെടുത്ത് മുന്നോട്ട് പോയെ പറ്റൂ, ചിലപ്പോൾ അത് തെറ്റാകം, ചിലപ്പോൾ ശരിയാകാം.. റീവൈൻഡ് ബട്ടൺ ഇല്ല എന്നത് കൊണ്ട് തന്നെ ഒരു തെറ്റായ ചോയ്സ് എടുത്ത് മോശമായ മാർഗത്തിൽ, സഞ്ചരിച്ച ശേഷം തിരികെ പോയി അടുത്ത വഴി തിരഞ്ഞെടുക്കുവാൻ സാധ്യമല്ല, അതുപോലെ തന്നെ ഫാസ്റ്റ് ഫോർവേഡ് അടിച്ചു മുന്നോട്ട് പോയി തിരഞ്ഞെടുക്കുന്ന മാർഗത്തിന്റെ സാധ്യതയും മനസിലാക്കാൻ കഴിയുന്നതല്ല....
പിന്നെ എന്താണൊരു വഴി???
നിങ്ങളുടെ മനസ്സിനെ വിശ്വസിച്ചു അവബോധത്തെ വിശ്വസിച്ചു മുന്നോട്ട് പോകാം, തെറ്റും ശരിയും എന്താണേലും അതിനെ നേരിടുക ശരിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ അത്ഭുദങ്ങൾ സംഭവിക്കാം മറിച്ച് തെറ്റാണെങ്കിൽ നിങ്ങൾ ജീവിതത്തിൽ ഒരു പാഠം പഠിക്കുന്നു, തെറ്റ് തിരുത്തുന്നു വീണ്ടും മുന്നോട്ട് സഞ്ചരിക്കുന്നു.
ഭൂത കാലത്തെ കുറിച്ച് ആലോചിച്ചു സമയം കളയാതെ ഭാവിയെ കുറിച്ചോർത്തു ആകുലപ്പെടാതെ ഈ നിമിഷത്തിൽ ജീവിക്കുക..
ഓർക്കുക ജീവിതത്തിൽ rewind ബട്ടൺ ഇല്ല fastforeward ഓപ്ഷനും ഇല്ല, ഉള്ളത് play, pause, stop ബട്ടനുകൾ മാത്രമാണ്..
ഏതു സമയത്ത് ഏതു ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്...
നിയമപരമായ മുന്നറിയിപ്പ് : ഒരിക്കലും Stop ബട്ടൺ ഉപയോഗിക്കാൻ നിങ്ങൾക്ക് അവകാശമുള്ളതല്ല, Pause ബട്ടൺ അധിക നാളും!!!
Life should go on....... ▶️▶️▶️
~ rsk ~
Comments
Post a Comment