മരണം ബാക്കിയാക്കിയവ!!!
രാവിലേ ഉറക്കം എഴുന്നേറ്റ ഉടനെ വരവേറ്റത് 2 മരണ വാർത്ത കേട്ടിട്ടാണ്..
ഒന്ന് കേരളക്കരയെ ഒന്നാകെ വിഷമിപ്പിച്ച ജെൻസന്റെ മരണ വാർത്ത ആയിരുന്നു.. കഴിഞ്ഞ ദിവസം അപകട വാർത്ത അറിഞ്ഞപ്പോൾ മുതൽക്ക് നേരിട്ട് കണ്ടിട്ടോ സംസാരിച്ചിട്ടോ ഉണ്ടായിരുന്നില്ല എങ്കിൽ പോലും ആൾക്ക് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു മനസ്സിൽ, ആ ഒരു അപകട വാർത്ത അറിഞ്ഞ എല്ലാവരും ആഗ്രഹിച്ചിരിക്കുക, പ്രാർത്ഥിച്ചിരിക്കുക ഒക്കെ അത് തന്നെ ആകും.. പക്ഷെ എല്ലാവരുടെയും പ്രാർത്ഥന വിഫലമാക്കി ശ്രുതിയെ തനിച്ചാക്കി ജെൻസൺ തിരിച്ചു വരവില്ലാത്ത ഒരു യാത്രക്ക് പോയി.. ഉരുൾപൊട്ടലിന്റെ നഷ്ടങ്ങൾ നൽകിയ വേദന കടിച്ചമർത്തി വീണ്ടും ഒന്നു ജീവിതത്തിൽ പ്രതീക്ഷ പുലർത്തി വന്ന ആ പെൺകുട്ടിയുടെ ജീവിതം വീണ്ടും ഒറ്റക്കാക്കി മരണം എന്ന വില്ലൻ....
മറ്റൊന്ന് ഭാര്യക്ക് ഒപ്പം ജോലി ചെയ്യുന്ന ഒരു സാറിന്റെ സഹോദരി.. ഡൌൺ സിന്ധ്രോം ബാധിച്ച ആ സഹോദരി മരണപെട്ടത് ഹൃദയാഘാതം മൂലമായിരുന്നു. മാതാപിതാക്കളുടെ മരണ ശേഷം സുഖമില്ലാത്ത സഹോദരിയുടെ ക്ഷേമത്തെ കരുതി ഒരു കെയർ ഹോമിലാക്കി ഒറ്റക് ജീവിച്ചു വന്ന അദ്ദേഹം ആ സഹോദരിയുടെ മരണത്തോടെ കൂടി യഥാർത്ഥത്തിൽ ഒറ്റക്കായി...
ഒന്ന് കരയാൻ പോലുമാകാതെ വിറങ്ങലിച്ചു കിടക്കുന്ന ശ്രുതിയുടെ ചിത്രവും, സഹോദരിയുടെ മരണ ദിവസം നിസ്സഹായനായി ജീവച്ഛവമായി നിർവികാരനായി ഇരിക്കുന്ന ആ സാറിന്റെ മുഖവും ആണ് കേട്ടറിവ് ആണെങ്കിലും ഇപ്പോൾ മനസ്സ് നിറയെ..
ഒരു വശത്തു വാർത്തകളിൽ കണ്ടു മാത്രം അറിയാവുന്ന ജെൻസന് ശ്രുതിയോടുള്ള കരുതലും സ്നേഹവും കണ്ടതാണ്, അവൾക്ക് നല്ല ജീവിതം ഉണ്ടാക്കി നൽകണം എന്നും നന്നായി ജീവിക്കണം എന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ ബാക്കി യാക്കി അയാൾ യാത്രയായി..
മറ്റൊരു വശത്തു സുഖമില്ലാത്ത സഹോദരി തന്റെ മരണ ശേഷവും ബുദ്ദിമുട്ടില്ലാതെ കഴിയാൻ ഒരു തുക അതിനായി മാറ്റിവെച്ചു അവൾക്കായി ഓരോ മാസവും മുടങ്ങാതെ കെയർ ഹോമിൽ എത്തി അത് നൽകുകയും കൂടുള്ള സഹപ്രവർത്തകരെ ഉൾപ്പടെ അവിടെ കൊണ്ട് പോയി തന്റെ മരണ ശേഷം അവൾക്ക് ഒരു കുറവും ഉണ്ടാകരുത്, ഞാനില്ലേലും നിങ്ങൾ ആരെങ്കിലും അത് തുടർന്ന് പോരണം എന്ന് ചട്ടം കെട്ടി മനുഷ്യൻ.ആ സഹോദരിക്കും സഹപ്രവർത്തകർ അപരിചിതർ ആകാതിരിക്കുവാൻ വേണ്ടി ആയിരുന്നു അയാൾ അവരെയും കൂട്ടി അവിടെ എത്തിയിരുന്നതു. അയാളുടെ സ്നേഹവും കരുതലും അവളെ കുറിച്ചുള്ള സ്വപ്‌നങ്ങളും, വ്യാധികളും ഒക്കെ ബാക്കി ആക്കി ആ സഹോദരിയും യാത്രയായി...
നാളെ ഈ പേരുകളും മുഖങ്ങളും ഒക്കെ എനിക്കും നിങ്ങൾക്കും ഒക്കെ അപരിചിതമാകും
പക്ഷെ നഷ്ട്ടപെട്ടവർക്കോ???
ഒരിക്കലും മരിക്കാത്ത ചില ഓർമ്മകൾ ബാക്കിയാക്കി മരിച്ചവർ പോകുമ്പോൾ അവർ ബാക്കിയാക്കി പോകുന്ന അവരുടെ പിന്തുടർച്ചക്കാരുടെ മനസ്സിൽ ഏൽപ്പിക്കുന്ന ഒരിക്കലും ഉണങ്ങാത്ത ചില മുറിവുകൾ ഉണ്ട്. വിധി എന്ന വാക്ക് കൊണ്ട് വിശേഷിപ്പിച്ചു മറ്റുള്ളോർക്ക് ഒരു നെടുവീർപ്പിൽ അവസാനിപ്പിക്കുന്ന ഒന്നു.
ഉറ്റവരുടെ മരണത്തിനു മുന്നിൽ പകച്ചു പോകുന്ന ജന്മങ്ങളോട് എന്ത് പറയുവാനാണ്, അതും ഭൂമുഖത്തു അവരുടേതായി ശേഷിച്ച ഒരേ ഒരു ബന്ധവും അവസാനിക്കുമ്പോൾ...
അറിയില്ല!!!
🙏🏻🙏🏻🙏🏻
Comments
Post a Comment