പ്രശ്നം !!!
അങ്ങനെ ഏറെ കാലമായി അവളെ അലട്ടിയിരുന്ന ഒരു പ്രശ്നത്തിന് അവസാനമായി. മനസില്ല മനസ്സോടെ ആണെങ്കിലും ആ നേരം എടുത്ത ഒരു ഉറച്ച തീരുമാനം ആണ് ഒടുവിൽ ഇങ്ങനെ ഒരു കാര്യത്തിലേക്ക് എത്തിച്ചത്. ഇത്ര നാൾ ഒരുമിച്ച് വളരെ അടുത്ത് ഇടപഴകിയ ആളുകളെ ഒക്കെ വിട്ടു പോകുക, പ്രേത്യേകിച്ചു ആ ഒരാളെ വിട്ട് പോകുക വളരെ വിഷമം കാര്യമാണ്. പക്ഷെ തന്റെ മാനസിക സന്തോഷത്തിനും സാമ്പത്തിക നഷ്ടം ഒഴിവാക്കുവാനും ഇങ്ങനെ ഒരു മാറ്റം കൂടിയേ തീരു.
ഇതിലും വലുതായി ഒരിക്കൽ ഉണ്ടായിരുന്നത് പലതും ഓവർക്കം ചെയ്താണ് ഇന്നിപ്പോ ഈ ഒരു സ്ഥിതിയിൽ എത്തിയത് അപ്പോ ഇതൊക്കെ അതുമായി താരതമ്യം ചെയ്യുമ്പോൾ ചെറുത്.
അല്ലേലും താരതമ്യം നിർബന്ധം ആണല്ലോ എല്ലാ കാര്യത്തിലും. അവളോർത്തു ചെറുപ്പം മുതൽക്കേ മനസിലേക്ക് കുത്തി നിറച്ചതൊക്കെയും താരതമ്യങ്ങൾ ആയിരുന്നു. ഇപ്പോൾ താനായിട്ട് ഒട്ടും കുറക്കുന്നില്ല താനും..
തീരുമാനങ്ങൾ അംഗീകരിച്ച് പേപ്പർ സർക്കാർ മുദ്ര വെച്ച് വന്നിരിക്കുന്നു. ഇനി ഒരു പിന്മാറ്റം ഇല്ല. ഒരു പാട് കാര്യങ്ങൾ പോകും മുന്നേ ചെയ്യുവാനുണ്ട്. വീണ്ടും വീട്ടിലേക്ക്, ചിര പരിചിതമായ ചില മുഖങ്ങളും, പേരുകളും, ദിന ചര്യകളും ഒക്കെ മാറാൻ പോകുന്നു. ഇനി മറ്റു ചില മുഖങ്ങളും, രീതികളും ഒപ്പം പുതിയ കുറെ പ്രശ്നങ്ങളും ആകും തന്നെ കാത്തിരിക്കുക..
ഇനി എന്നും വീട്ടിൽ പോയി വരുമ്പോൾ എന്താകും ഉണ്ടാകാൻ പോകുന്ന പുതിയ പ്രശ്നങ്ങൾ, മറ്റു പല പുതിയ ചോദ്യങ്ങളും ഇനി ഉയർന്നു വരും. എല്ലാത്തിനും ഉത്തരം നൽകേണ്ടത് ഇനി താനാണ്. അല്ലേലും പണ്ട് മുതൽക്കേ ഒറ്റക്കാണ് ആവശ്യമുള്ള സമയത്ത് ഒരു സഹായത്തിനു ഒരു ബലത്തിനു കൂടെ നിന്നു തനിക്ക് വേണ്ടി പറയേണ്ട ആൾ ഇപ്പോൾ മറ്റൊരിടത്തു ആണ്..
"ജീവിതം അല്ലേലും അങ്ങനെ ഒക്കെ ആണ് ഓരോ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടു പിടിച്ചു ഒന്ന് സന്തോഷിച്ചു വരുമ്പോഴേക്കും മറ്റൊരു പ്രശ്നം മുന്നിൽ കൊണ്ടുവെക്കും. ഈ പുതിയ പ്രശ്നമോ, അത് പഴയ പ്രശ്നങ്ങൾ ഒതുക്കി തീർക്കുവാൻ എടുക്കുന്ന തീരുമാനങ്ങൾ മുഖേന ആകും മിക്കവാറും.
എല്ലാ തീരുമാനങ്ങൾക്കും അതിന്റെതായ ഗുണ - ദോഷ ഭാവിഷ്യത്തുകൾ ഉണ്ടാകുമല്ലോ ല്ലേ," ആരോടെന്നില്ലാതെ തന്റെ മുറിയിലെ കണ്ണാടിയിൽ നോക്കി അവൾ ചോദിച്ചു..
"നിനക്ക് ഇതൊന്നും അറിയണ്ടല്ലോ, അല്ല നിന്നെ കൊള്ളാരുന്നേൽ എനിക്ക് ഇങ്ങനെ ഒന്നും ചിന്തിക്കയോ ചെയ്യുകയോ വേണ്ടി വരില്ലാരുന്നു, എന്തൊക്കെ ആരുന്നു വാഗ്ദാനങ്ങൾ, എന്നിട്ട് അവസാനം എന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ തന്നെ വേണ്ടി വന്നു" മേശപ്പുറത്തു ഇരുന്ന കലണ്ടറിലെ ചിത്രം നോക്കി അവൾ പറഞ്ഞു".
സമയം പത്തര ആയി, തന്റെ തീരുമാനവും അതിനു ശേഷം ഉണ്ടായ വിധിയും ഒക്കെ അറിഞ്ഞു ഒരുപാട് പേർ വിളിച്ചു. മറുപടി കൊടുത്തും പറഞ്ഞും സമയം എറിയിരിക്കുന്നു, ഒന്നര മണിക്കൂർ ഉറക്കം പോയല്ലോ എന്ന് പിറുപിറുത്തു കൊണ്ടവൾ മുഖം കഴുകുവാനായി വാഷ്റൂമിലേക്ക് നടന്നു. അപ്പോഴും അവളുടെ ചിന്ത നാളെ മുതൽ ഇനി എന്ത് പുതിയ പ്രശ്നങ്ങൾ ആകുമോ തന്നെ തേടി വരിക അതിനൊക്കെ ഇനി എന്ത് പരിഹാരം ഉണ്ടാക്കും എന്നതായിരുന്നു!!!
Comments
Post a Comment